ഒരിക്കലും വറ്റാത്ത നാലു വലിയ കുളങ്ങളും വിലമതിക്കാനാവാത്ത ശിലാ ലിഖിതങ്ങളും കൂറ്റന്‍ പാറക്കൂട്ടങ്ങളും… അതിശയങ്ങള്‍ നിറഞ്ഞ വിജയ്ഘര്‍ കോട്ടയിലേക്ക്….
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ മൗ കാലന്‍ എന്ന ഗ്രാമത്തിലാണ് വിജയ്ഘര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. റോബര്‍ട്ഗഞ്ച്-ചര്‍ക് റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട പഴയ കാലത്തിന്റെ അമൂല്യ ശിഷ്ടങ്ങളും പേറി നില്‍ക്കുന്ന ഒരിടമാണ്.
മഹാഭാരതകാലത്താണ് കോട്ട നിര്‍മിക്കപ്പെട്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അക്കാലത്തെ പ്രശസ്ത രാജാക്കന്‍മാരിലൊരാളായ ബാണാസുരനാണ് കോട്ട ആദ്യമായി നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. പിന്നീട് 1010ല്‍ രജ്പുത് രാജാവായിരുന്ന മഹാരാജ വിജയ്പാലാണ് ഈ കോട്ട പുനര്‍നിര്‍മ്മിക്കുന്നത്. കുറേക്കാലത്തോളം വിവിധ രാജവംശങ്ങള്‍ക്കിടയിലൂടെ കൈമറിഞ്ഞു പോയ കോട്ടയുടെ അവസാനത്തെ ഭരണാധികാരി ബെനാറസിലെ രാജാ ചൈത സിങ്ങ് ആയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ബ്രിട്ടീഷുകാര്‍ കോട്ട കീഴടക്കുകയായിരുന്നു.
പ്രദേശത്തെ വിശ്വാസങ്ങളും നാടോടിക്കഥകളും അനുസരിച്ച് ഈ കോട്ട വെറും ഒരു പുകമറ മാത്രം ആണത്രെ. ഈ കോട്ടക്ക് അടിയിലായി ഇതിലും വലിയൊരു കോട്ട ഉണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അതിന്റെ രഹസ്യങ്ങളും അവിടേക്കുള്ള രഹസ്യ കവാടങ്ങളും മറ്റു വിവരങ്ങളും കോട്ടയുമായി ഏറെ അടുത്ത് നില്‍ക്കുന്നവര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. ഇവിടെ പലവിധ ഗവേഷണങ്ങള്‍ നടത്തിയെങ്കിലും മറ്റു വിവരങ്ങള്‍ ഇന്നും അജ്ഞാതമായി തുടരുകയാണ്.
വിജയ്ഘര്‍ കോട്ടയുടെ പ്രത്യേകത അത് നിര്‍മ്മിച്ചിരിക്കുന്ന രീതിയിലാണ്. കൈമര്‍ മേഖലയിലെ പാറക്കുന്നുകള്‍ക്കിടയിലാണ് കോട്ടയുടെ പകുതിയിലധികം ഭാഗവും സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ശത്രു സൈന്യങ്ങള്‍ക്ക് കോട്ടയില്‍ എളുപ്പത്തില്‍ എത്തിച്ചേരുവാനോ കീഴടക്കുവാനോ സാധ്യമല്ല. സൈന്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോട്ട നിര്‍ണ്ണായക പങ്ക് വഹിച്ചിരിക്കാം.
ഹസ്രത്ത് മീരാന്‍ ഷാ ബാബ എന്ന സയ്യിദ് ജെയ്നുല്‍ ആബ്ദീര്‍ മീര്‍ സാഹിബിന്റെ ഖബറിടം കോട്ടയുടെ പ്രധാന കവാടത്തിന് വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഇവിടെ ഏപ്രില്‍ മാസത്തില്‍ ഉറൂസ് നടത്താറുണ്ട്.
രാം സാഗര്‍ എന്നു പേരായ വലിയ ജലസംഭരണി ഇവിടെ എത്തുന്നവരുടെ ഇഷ്ടസ്ഥലമാണ്. ഇവിടുത്തെ ജലത്തിന് അത്ഭുത ശക്തി ഉണ്ടെന്നാണ് വിശ്വാസികള്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ഇവിടം സന്ദര്‍ശിക്കുന്ന രാമഭക്തര്‍ കുടങ്ങളില്‍ ഈ കുളത്തിലെ വെള്ളം ശേഖരിക്കാറുണ്ട്.
വളരെ അധികം സവിശേഷതകള്‍ നിറഞ്ഞതാണ് വിജയ്ഘര്‍ കോട്ടയുടെ വാസ്തു വിദ്യയും നിര്‍മാണവും. 400 അടിയാണ് ഈ കോട്ടയുടെ നീളം.