ജമ്മു: ചരിത്രപ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പേര് ഭാരത് മാതാ ചൗക്ക് എന്നു മാറ്റി. ബി.ജെ.പി ഭരിക്കുന്ന ജമ്മു മുന്‍സിപ്പല്‍ കോര്‍പറേഷനാണ് പേര് മാറ്റിയുള്ള ബോര്‍ഡ് സ്ഥാപിച്ചത്. പേര് മാറ്റുന്നതിനുള്ള പ്രമേയം കഴിഞ്ഞ ദിവസം പാസ്സാക്കിയിരുന്നു.
പുരാതന ജമ്മുവിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളിലൊന്നായിരുന്ന സിറ്റി ചൗക്ക് ഏറെ പ്രസിദ്ധമായ പ്രദേശമാണ്. സിറ്റി ചൗക്കിന്റെ പേര് മാറ്റാനുള്ള നിര്‍ദേശം നാല് മാസങ്ങള്‍ക്ക് മുന്‍പാണ് ഡെപ്യൂട്ടി മേയറായ പൂര്‍ണ്ണിമ ശര്‍മ ചര്‍ച്ചക്ക് വെക്കുന്നത്. ജനങ്ങളുടെ ഭാഗത്ത് നിന്നും പേര് മാറ്റാനുള്ള നിര്‍ദേശം വന്നതിനാലാണ് പ്രമേയം കൊണ്ടുവന്നതെന്നും പൂര്‍ണ്ണിമയുടെ വാദം.
അതേസമയം പ്രദേശവാസികളോട് ചര്‍ച്ച പോലും ചെയ്യാതെയാണ് പേര് മാറ്റിയതെന്ന് മാര്‍ക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി വി. ഗുപ്ത പറഞ്ഞു. ‘പ്രദേശവാസികളോട് ചര്‍ച്ച പോലും ചെയ്യാതെയാണ് അധികൃതര്‍ ഒരൊറ്റ രാത്രികൊണ്ട് ബോര്‍ഡ് മാറ്റി സ്ഥാപിച്ചത്. സിറ്റി ഏറ്റവും പുരാതനമായ വാണിജ്യ-താമസ കേന്ദ്രങ്ങളിലൊന്നാണ്. പേര് മാറ്റി ബോര്‍ഡ് വെച്ചത് ഞങ്ങളെ ആശ്ചര്യപ്പെടുത്തി’.
വികസനത്തിലും ശുചിത്വത്തിലുമാണ് അധികാരികള്‍ ശ്രദ്ധിക്കേണ്ടതെന്നും അല്ലാതെ പേര് മാറ്റല്‍ തുടങ്ങിയ വിഷയങ്ങളിലല്ലെന്നും പ്രദേശവാസികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.