ക്രിക്കറ്റില്‍ സച്ചിന്‍ ആരായിരുന്നോ അതായിരുന്നു റെസ്‌ലിങ്ങില്‍ സീന; പടിയിറങ്ങുന്നത് ഒരു ജനറേഷന്റെ ഹീറോ
Sports News
ക്രിക്കറ്റില്‍ സച്ചിന്‍ ആരായിരുന്നോ അതായിരുന്നു റെസ്‌ലിങ്ങില്‍ സീന; പടിയിറങ്ങുന്നത് ഒരു ജനറേഷന്റെ ഹീറോ
ആദര്‍ശ് എം.കെ.
Sunday, 7th July 2024, 3:27 pm

ടൊറോന്റോയിലെ സോഷ്യോബാങ്ക് അരീനയില്‍ ഒന്നിച്ചുചേര്‍ന്ന ഇരുപതിനായിരത്തിലധികം ആരാധകരും 2024 മണി ഇന്‍ ദി ബാങ്ക് പേ പെര്‍ വ്യൂ ലൈവായി കണ്ട പ്രൊഫഷണല്‍ റെസ്‌ലിങ് ലോകവും ഒന്നടങ്കം നോ എന്ന് ഉറക്കെ പറഞ്ഞ നിമിഷം. അയാളുടെ അനിവാര്യമായ പടിയിറക്കത്തിന്റെ വാര്‍ത്തയാണ് തങ്ങളിപ്പോള്‍ കേട്ടതെന്ന് അവര്‍ക്ക് ഒരിക്കലും വിശ്വസിക്കാന്‍ സാധിച്ചില്ല. അതെ ജോണ്‍ സീന സ്‌ക്വയേര്‍ഡ് സര്‍ക്കിളിനോട് വിടപറയാന്‍ ഒരുങ്ങുന്നു.

‘ഇന്ന്, ഈ രാത്രിയില്‍ ഞാന്‍ ഡബ്ല്യൂ.ഡബ്ല്യൂ.വില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. 2025 റോയല്‍ റംബിള്‍ എന്റെ അവസാനത്തേതായിരിക്കും, 2025 എലിമിനേഷന്‍ ചേംബര്‍ എന്റെ അവസാനത്തേതായിരിക്കും. ലാസ് വേഗസില്‍ അരങ്ങേറാനൊരുങ്ങുന്ന റെസില്‍ മാനിയ 41 ആയിരിക്കും ഞാന്‍ പങ്കെടുക്കുന്ന അവസാന റെസില്‍ മാനിയ,’ സീന പറഞ്ഞു.

ആരാധകരെ എന്നും ത്രസിപ്പിച്ച സീനയുടെ ‘ദി ടൈം ഈസ് നൗ’ എന്ന മ്യൂസിക് സോഷ്യോബാങ്ക് അരീനയെയും റെസ്‌ലിങ് വേള്‍ഡിനെയും ഒരിക്കല്‍ക്കൂടി ആവേശത്തിലാഴ്ത്തി, ശേഷം കണ്ണുനീരിലും.

പ്രൊഫഷണല്‍ റെസ്‌ലിങ് ലോകം ഇതിന് മുമ്പും പല വിരമിക്കല്‍ പ്രഖ്യാപനങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ആരാധകരെ ഇത്രകണ്ട് വിഷമിപ്പിച്ച അധികം പടിയിറക്കങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല, കാരണം ആരാധകര്‍ക്കിടയില്‍ അത്രത്തോളം ഇംപാക്ട് ഉണ്ടാക്കിയ താരങ്ങള്‍ അപൂര്‍വമായിരുന്നു എന്നത് തന്നെ.

പ്രൊഫഷണല്‍ റെസ്‌ലിങ് ലോകം മാറിമറിയുമ്പോഴും സ്‌ക്രിപ്റ്റിങ്ങിലും ബുക്കിങ്ങിലുമെല്ലാം മാറ്റങ്ങള്‍ വന്നപ്പോഴും പുതിയ ഒരുപാട് താരങ്ങളും കമ്പനികളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഓരോ കമ്പനിക്കും ലോകത്തിന് മുമ്പില്‍ അഭിമാനപൂര്‍വം അവതരിപ്പിക്കാന്‍ ഒരുപാട് താരങ്ങളും ഉണ്ടായിട്ടുണ്ട്.

ഇപ്പോള്‍ നിലനില്‍ക്കുന്ന വിവിധ കമ്പനികള്‍ക്ക് ക്രൗഡ് പുള്ളേഴ്സായ ഒരുപാട് താരങ്ങളുണ്ട്. എ.ഇ.ഡബ്ല്യൂവിന് എം.ജെ.എഫ്, ദി യങ് ബക്‌സ്, വില്‍ ഓസ്‌പ്രേ, കസൂച്ക ഓക്കാഡ, ബ്രയന്‍ ഡാന്യല്‍സണ്‍, മേര്‍സിഡിസ് മോനെ തുടങ്ങിയ താരങ്ങളാണെങ്കില്‍ ഇംപാക്ട് റെസ്‌ലിങ്ങിന് അത് നിക് നെമത്, ജെഫ് ഹാര്‍ഡി അടക്കമുള്ളവരാണ്. ഇതില്‍ പല താരങ്ങളും മുന്‍ കാലങ്ങളില്‍ ഡബ്ല്യ.ഡബ്ല്യൂ.ഇ താരങ്ങളും ചാമ്പ്യന്‍മാരുമായിരുന്നു.

എന്നാല്‍, ലോകത്ത് എവിടെയുമാകട്ടെ, റെസ്‌ലിങ് അരീനയിലേക്ക് ആരാധകരെ എത്തിക്കാന്‍ പ്രൊഫഷണല്‍ റെസ്‌ലിങ് രംഗത്തെ അതികായരായ ഡബ്ല്യു.ഡബ്ല്യു.ഇക്ക് അധികം താരങ്ങളൊന്നും വേണ്ട. കാര്യമായ മാച്ച് കാര്‍ഡ് ഇല്ലെങ്കിലും ജോണ്‍ സീന എന്ന ഒറ്റ പേര് മാത്രം മതി, അല്ലെങ്കില്‍ സീനയെത്തുന്നു എന്ന ഒറ്റ റൂമര്‍ മാത്രം മതി മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ പോലുള്ള ഒരു അരീന ആരാധകരെ കൊണ്ട് നിറയാന്‍.

ഏതൊരു പ്രൊഫഷണല്‍ റെസ്‌ലിങ് താരത്തിന്റെ കടുത്ത ആരാധകനോ ആവട്ടെ, ഏതൊരു കമ്പനിയുടെ ആരാധകനോ ആവട്ടെ, ജോണ്‍ സീന എന്നുകേട്ടാല്‍ ആവേശം കൊള്ളാത്ത ഒരാള്‍ പോലും ഉണ്ടാവില്ല. അതാണ് ജോണ്‍ സീന.

പ്രൊ റെസ്‌ലിങ് അധികം ഫോളോ ചെയ്യാത്ത ആളുകള്‍ക്ക് പോലും ജോണ്‍ സീന എന്ന പേര് ഒരു പക്ഷേ സുപരിചിതവുമായിരിക്കും.

കുറച്ചു കാലം മുമ്പ് മുതല്‍ മാത്രം റെസ്‌ലിങ് കണ്ടുതുടങ്ങിയ ഒരാള്‍ക്കുപോലും സീനയെ അംഗീകരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഒരു കാലത്ത് ഡബ്ല്യു.ഡബ്ല്യു.ഇയെ മുന്നോട്ട് കൊണ്ടുപായത് സീനയുടെ ‘ആറ്റിറ്റിയൂഡ് അഡ്ജസ്റ്റ്മെന്റ്’ തന്നെയായിരുന്നു. ഫേസ് ഓഫ് ഡബ്ല്യൂ.ഡബ്ല്യൂ.ഇ എന്ന വിളിപ്പേര് അയാള്‍ക്ക് വറുതെ കിട്ടിയതല്ല, അയാള്‍ അത് തന്റെ പ്രയത്‌നത്താല്‍ നേടിയെടുത്തതാണ്. ഹസില്‍, ലോയല്‍റ്റി ആന്‍ഡ് റെസ്‌പെക്ട് എന്നീ മൂന്ന് വാക്കുകള്‍ ഒരുകാലത്ത് ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ തന്നെ പര്യായമായി മാറിയതും ഇതുകൊണ്ടുതന്നെയാണ്.

2002ല്‍ ഇന്‍ റിങ് ഡെബ്യൂ നടത്തിയ ജോണ്‍ സീനയുടെ ഐതിഹാസികമായ കരിയറിനാണ് ഇപ്പോള്‍ അവസാനമാകുന്നത്. ഇക്കാലയളവില്‍ ഇയാള്‍ ചെയ്യാത്തതായി ഒന്നും തന്നെ പ്രൊഫഷണല്‍ റെസ്‌ലിങ് രംഗത്ത് ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്.

എത്രയോ പേ പെര്‍ വ്യൂകളില്‍ മെയ്ന്‍ ഇവന്ററായി, എത്രയോ ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കി, എല്ലാത്തിലുമുപരി മെയ്ക്ക് എ വിഷിലൂടെ ആയിരക്കണക്കിന് കുട്ടികളുടെ ആഗ്രഹം സാധ്യമാക്കി. യഥാര്‍ത്ഥത്തില്‍ സീന ഒരു സൂപ്പര്‍ ഹീറോ തന്നെ ആയിരുന്നു.

2002ല്‍ കേര്‍ട്ട് ആങ്കിളിന്റെ ഓപ്പണ്‍ ചാലഞ്ച് ആന്‍സര്‍ ചെയ്തുകൊണ്ട് റിങ്ങിലെത്തിയ സീനയുടെ വളര്‍ച്ച അതിവേഗമായിരുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ബിഗ് ഷോയെ തോല്‍പിച്ച് ആദ്യ ടൈറ്റില്‍ സ്വന്തമാക്കിയ ജോണ്‍ സീന ആ കുതിപ്പ് തുടര്‍ന്നു. അതിന് ശേഷം വ്യത്യസ്ത സമയങ്ങളിലായി അഞ്ച് തവണയാണ് സീന യു.എസ് ചാമ്പ്യനായത്.

ഡബ്ല്യു.ഡബ്ല്യു.ഇയുടെ ഏറ്റവും വലിയ പേ പെര്‍ വ്യൂ ആയ റെസില്‍ മാനിയയിലാണ് സീന ആദ്യമായി വേള്‍ഡ് ചാമ്പ്യനാവുന്നത്. റെസില്‍ മാനിയ 21ല്‍ ജെ.ബി.എല്ലായിരുന്നു താരത്തിന്റെ എതിരാളി. കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തില്‍ ജെ.ബി.എല്ലിനെ സ്ഥാനഭൃഷ്ടനാക്കി ഡബ്ല്യു.ഡബ്ല്യു.ഇയുടെ അധിപനായി താരം മാറുകയായിരുന്നു.

പിന്നീട് 16 തവണയാണ് താരം ഡബ്ല്യു.ഡബ്ല്യു.ഇ വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യനായത്. 2006ല്‍ ‘അണ്‍ഫൊര്‍ഗിവണി’ല്‍ ‘ടി.എല്‍.സി’ മാച്ചില്‍ എഡ്ജിനെ തോല്‍പിച്ചതും, 2009 ‘ബ്രേക്കിങ് പോയിന്റി’ല്‍ റാന്‍ഡി ഓര്‍ട്ടണെതിരെയുള്ള ‘ഐ ക്വിറ്റ്’ മാച്ചും അതേ വര്‍ഷം ‘ബ്രാഗിങ് റൈറ്റ്സി’ല്‍ ഓര്‍ട്ടണെതിരെയുള്ള ‘അയേണ്‍ മാന്‍ മാച്ചു’മടക്കം സ്റ്റാര്‍ റേറ്റിങ് കൊണ്ട് അളക്കാന്‍ സാധിക്കാത്ത എത്രയെത്ര മാച്ചുകള്‍…

16 തവണയാണ് സീന ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യന്‍ഷിപ്പിന് ഉടമയായത്. ഏറ്റവുമധികം തവണ ചാമ്പ്യനായതും സീന തന്നെ (റിക് ഫ്ളെയറിനൊപ്പം ടൈ).

13 തവണ ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യന്‍, 3 തവണ വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍, 5 വട്ടം യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യന്‍, ഫോര്‍ ടൈംസ് ടാഗ് ടീം ചാമ്പ്യന്‍, രണ്ട് തവണ റോയല്‍ റംബിള്‍ വിജയി, ഒരു പ്രാവശ്യം മിസ്റ്റര്‍ മണി ഇന്‍ ദി ബാങ്ക്, മള്‍ട്ടിപ്പിള്‍ ടൈം സൂപ്പര്‍ സ്റ്റാര്‍ ഓഫ് ദി ഇയര്‍ സ്ലാമി അവാര്‍ഡ് വിന്നര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ് സീന സ്വന്തമാക്കിയത്.

ഇതിന് പുറമെ പ്രൊമോ കട്ടിങ്ങില്‍ അഗ്രഗണ്യനായ സീന മൈക്ക് കയ്യിലെടുത്തപ്പോഴെല്ലാം തന്നെ മുമ്പിലുള്ളവര്‍ ഒന്നുമല്ലാതായി മാറിയിരുന്നു. റോക്കിനോട് തന്റെ ഡയലോഗുകള്‍ പറയാന്‍ കയ്യിലെഴുതിവെക്കേണ്ട ആവശ്യമില്ലെന്നും, നീ നിന്റെ പണി മര്യാദയ്ക്ക് ചെയ്യാത്തതുകൊണ്ടാണ് പാര്‍ട് ടൈമറായ തനിക്ക് ഇവിടെ വരേണ്ടി വന്നതെന്ന് റോമന്റെ മുഖത്ത് നോക്കി പറഞ്ഞതുമെല്ലാം സീനയുടെ മൈക്ക് സ്‌കില്ലുകളുടെ മികച്ച ഉദാഹരണങ്ങളില്‍ ചിലത് മാത്രം. റൂത്ത്‌ലെസ് അഗ്രഷന്‍ എറയില്‍ അല്‍പം കൂടി കടന്നാണ് താരം അന്നത്തെ റൈവലുകളായ എഡ്ജിനെയും റാന്‍ഡി ഓര്‍ട്ടനെയും ബിഗ് ഷോയെയും നേരിട്ടത്. അവരോടുള്ള വ്യക്തിപരമായ ഇഷ്ടക്കേടുകളായിരുന്നില്ല ഇതൊന്നും, മറിച്ച് സീനയുടെ ആ ക്യാരക്ടര്‍ അങ്ങനെയായിരുന്നു. ഡബ്ല്യു.ഡബ്ല്യു.ഇയുടെ ഭാഗമാണോ, എങ്കില്‍ കെ ഫെയ്ബും ക്യാരക്ടറും വിട്ട് ഒരു കളിയുമില്ല.

ഇതിനിടെ ഹോളിവുഡില്‍ സജീവമായ ജോണ്‍ സീനയുടെ ഇന്‍ റിങ് അപ്പിയര്‍സ് കുറഞ്ഞുവന്നു. എന്നാല്‍ എപ്പോഴെല്ലാം താരം തിരിച്ചുവന്നോ അപ്പോഴെല്ലാം ആരാധകര്‍ ആവേശത്തിരയേറിയിരുന്നു. റെസില്‍മാനിയ 35ല്‍ അലയാസിന് രണ്ടിടി കൊടുക്കാനെത്തിയ ഡോക്ടര്‍ ഓഫ് തഗ്ഗണോമിക്‌സും 2021 മണി ഇന്‍ ദി ബാങ്കില്‍ അന്ന് ഡബ്ല്യൂ.ഡബ്ല്യൂ.ഇ അടക്കി ഭരിച്ച് റോമന്‍ റെയ്ന്‍സിന് മുമ്പിലെത്തിയ ലീഡര്‍ ഓഫ് സീനേഷനുമെല്ലാം റേറ്റിങ് ചാര്‍ട്ടുകളില്‍ തരംഗമായിരുന്നു.

കരിയര്‍ അവസാനത്തേക്കടുമ്പോള്‍ സീന ഒരിക്കല്‍ക്കൂടി ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യനാവണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. അത് സംഭവിക്കുമെന്ന് തന്നെയാണ് അവര്‍ വിശ്വസിക്കുന്നതും. കാരണം എതിരാളികള്‍ ശക്തിയാര്‍ജിക്കുമ്പോള്‍, ‘ഫോര്‍ബിഡന്‍ ഡോര്‍’ പോലുള്ള കമ്പയ്ന്‍ഡ് പേ പെര്‍ വ്യൂവുമായി ‘എ.ഇ.ഡബ്ല്യു – എന്‍.ജെ.പി.ഡബ്ല്യു’ ദ്വയം എത്തുമ്പോള്‍ ദൂരെ നിന്നും അവര്‍ക്ക് കേള്‍ക്കാം… ദി ചാംപ് ഈസ് ഹിയര്‍…

 

Also Read ഇന്ത്യക്ക് ഇരട്ട തോല്‍വി; അനിയന്‍മാര്‍ക്ക് പിന്നാലെ വല്ല്യേട്ടന്‍മാര്‍ക്കും തിരിച്ചടി, ഇന്ത്യക്കിത് ബ്ലാക്ക് സാറ്റര്‍ഡേ

 

Also Read  മലയാളി ലോകകപ്പ് നേടി, ഇനി മലയാളികള്‍ ഏഷ്യാ കപ്പും നേടട്ടെ; സ്‌ക്വാഡില്‍ ഇരട്ട മലയാളി തിളക്കം

 

Also Read നീലാകാശത്തിന് കീഴില്‍ പാറിപ്പറക്കാന്‍ കാനറികളില്ല; വിനിയില്ലാത്ത ബ്രസീലിന് തോല്‍വി, സെമി കാണാതെ മടക്കം

 

 

Content highlight: Historic Career Of John Cena

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.