വര്‍ഷം 2002, ലങ്കാഷെയറിനായി പന്തെറിഞ്ഞുകൊണ്ടിരുന്ന ആ പൊടിമീശക്കാരന്‍ വിശ്വപ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് കാലെടുത്തുവെക്കുന്നു. ചിരവൈരികളായ ഓസ്‌ട്രേലിയക്കും ശ്രീലങ്കക്കുമെതിരെ ട്രൈ നേഷന്‍ സീരീസിനെത്തിയതാണ് ഇംഗ്ലണ്ട് ടീം, അവര്‍ക്കൊപ്പം അന്ന് ആരാലും ശ്രദ്ധിക്കപ്പെടാതെ ജെയിംസ് മൈക്കല്‍ ആന്‍ഡേഴ്‌സണ്‍ എന്ന കൊച്ചുപയ്യനും നാസര്‍ ഹുസൈന്‍ നയിച്ച ആ സ്‌ക്വാഡിലുണ്ടായിരുന്നു.
ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഏഴ് വിക്കറ്റിന്റെ തോല്‍വിയേറ്റുവാങ്ങിയാണ് ഇംഗ്ലണ്ട് രണ്ടാം മത്സരത്തിനിറങ്ങിയത്. അന്ന് ടീമിലെ പ്രധാന ബൗളര്‍ ആന്‍ഡി ക്ലാര്‍ക്കിന് കളിക്കാനാകാത്ത സാഹചര്യത്തെ തുടര്‍ന്ന് പെട്ടെന്ന് തന്നെ ആ പൊടിമീശക്കാരന്‍ പയ്യന്‍ ടീമിന്റെ ഭാഗമാകുന്നു.
ഇംഗ്ലണ്ടിന്റെ കരിനീല ജേഴ്‌സിയില്‍ തന്റെ പേരോ നമ്പറോ ഇല്ലാതെയാണ് അവന്‍ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത്.
ആദം ഗില്‍ക്രിസ്റ്റിന്റെ സെഞ്ച്വറി കരുത്തില്‍ മത്സരത്തില്‍ കങ്കാരുക്കള്‍ വിജയിച്ചെങ്കിലും അന്ന് ഗില്‍ക്രിസ്റ്റിന്റെ വിക്കറ്റ് വീഴ്ത്തിയ ആ കൗമാര താരത്തെ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചു. എന്നാല്‍ അന്ന് ആറ് ഓവര്‍ പന്തെറിഞ്ഞ അവന്‍ ക്രിക്കറ്റിന്റെ ചരിത്രം തന്നെ മാറ്റിയെഴുതാനെത്തിയവനാണെന്ന് ആരും തന്നെ ചിന്തിച്ചിരുന്നില്ല.
ക്രിക്കറ്റിന്റെ ഹൃദയഭൂമികയില്‍ പിറന്നുവീണ ആന്‍ഡേഴ്‌സണ്‍ താന്‍ കയ്യിലെടുത്ത ആ പന്തിനെ കൂടുതല്‍ സ്‌നേഹിച്ചു, ഭൂമി സൂര്യനെ ചുറ്റുമെന്ന പോലെ ആ പന്തിന് ചുറ്റും അവന്റെ ജീവിതം ഭ്രമണം ചെയ്തു.
ആദ്യ ഏകദിനത്തില്‍ തന്നെ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച ആന്‍ഡേഴ്‌സണ് വൈകാതെ തന്നെ റെഡ് ബോള്‍ ഫോര്‍മാറ്റിലേക്കുമുള്ള വിളിയെത്തി. 2003 മെയ് മാസത്തില്‍ സിംബാബ്‌വേയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ആന്‍ഡേഴ്‌സണ്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ആ മത്സരത്തിന് വേദിയായതാകട്ടെ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സും.
ആധുനിക ക്രിക്കറ്റിന്റെ പിതാവായ വില്യം ഗില്‍ബെര്‍ട്ട് ഗ്രേസ് എന്ന ഡബ്ല്യൂ.ജി. ഗ്രേസിന്റെ പേരിലുള്ള കവാടം കടന്ന് അവന്‍ ലോര്‍ഡ്‌സിന്റെ മൈതാനത്തിലേക്ക് കാലെടുത്തുവെച്ചു.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 472 റണ്‍സിന് പുറത്തായി. 137 റണ്‍സ് നേടിയ മാര്‍ക് ബുച്ചറായിരുന്നു ടോപ് സ്‌കോറര്‍. അഞ്ച് പന്തില്‍ നാല് റണ്‍സുമായി ആന്‍ഡേഴ്‌സണ്‍ പുറത്താകാതെ നിന്നു. ആ നോട്ടൗട്ട് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ മറ്റൊരു ഐതിഹാസിക റെക്കോഡിലേക്കുള്ള ആദ്യ പടി കൂടിയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ തിരിച്ചടിക്കാന്‍ ഒരുങ്ങിത്തന്നെയായിരുന്നു. തന്റെ ആദ്യ ഓവറില്‍ 17 റണ്‍സ് വഴങ്ങിയ ആന്‍ഡേഴ്‌സണെ സിംബാബ്‌വന്‍ ഇന്നിങ്‌സിലെ ആറാം ഓവര്‍ എറിയാന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍ പന്തേല്‍പിക്കുന്നു.
ഓവറിലെ അവസാന പന്തില്‍ സിംബാബ്‌വന്‍ ഓപ്പണര്‍ മാര്‍ക് വെര്‍മ്യൂലന്റെ കുറ്റി പിഴുതെറിഞ്ഞ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി.
ആ ദിവസം ആ ചുവന്ന പന്ത് മറ്റാരെക്കാളും ആന്‍ഡേഴ്‌സണിനെ അനുസരിക്കുന്നതായി കാണപ്പെട്ടു. അവന്റെ ആഗ്രഹങ്ങള്‍ക്കൊത്ത് ഇടത്തേക്കും വലത്തേക്കും വെട്ടിത്തിരിഞ്ഞു, കൃത്യമായ ലൈനും ലെങ്തും ആ പന്ത് സ്വയം കണ്ടെത്തി, വിക്കറ്റുകള്‍ വീഴ്ത്തി.
കരിയറിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഫൈഫര്‍ നേടിക്കൊണ്ടാണ് ആന്‍ഡേഴ്‌സണ്‍ റെഡ് ബോള്‍ ഫോര്‍മാറ്റിലേക്കുള്ള തന്റെ വരവറിയിച്ചത്. ആ പ്രകടനത്തില്‍ വീണതാകട്ടെ ഷെവ്‌റോണ്‍സിന്റെ നായകന്‍ ഹീത് സ്ട്രീക് അടക്കമുള്ളവരും. 11ാമനായ ഡഗ്ലസ് ഹോണ്ടോയെ സില്‍വര്‍ ഡക്കാക്കി മറ്റൊരു ചരിത്ര നേട്ടത്തിലേക്കുള്ള കാല്‍വെപ്പും അന്ന് ആന്‍ഡേഴ്‌സണ്‍ നടത്തി.
ഒടുവില്‍ സിംബാബ്‌വേ 147ന് പുറത്തായി. ഫോളോ ഓണ്‍ വഴങ്ങി വീണ്ടും ബാറ്റിങ്ങിനിറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായി.
എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ പുറത്തെടുത്ത ആ ഡോമിനേഷന്‍ രണ്ടാം ഇന്നിങ്‌സില്‍ പുറത്തെടുക്കാന്‍ ജിമ്മിക്ക് സാധിച്ചില്ല. നാല് മെയ്ഡന്‍ അടക്കം 15 ഓവര്‍ പന്തെറിഞ്ഞു. വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.
നാല് വിക്കറ്റുമായി മാര്‍ക് ബുച്ചര്‍ തിളങ്ങിയപ്പോള്‍ സിംബാബ്‌വേ 233ന് പുറത്തായി. ഇംഗ്ലണ്ടിന് ഇന്നിങ്‌സിനും 92 റണ്‍സിന്റെയും വിജയം.
അന്ന് ആരംഭിച്ച ഐതിഹാസിക കരിയറിനാണ് കഴിഞ്ഞ ദിവസം ജിമ്മി വിരാമമിട്ടിരിക്കുന്നത്. സ്വിങ് ബൗളിങ്ങിന്റെ സുവര്‍ണകാലം കൂടിയാണ് ജിമ്മിക്കൊപ്പം പടിയിറങ്ങുന്നത്. കരിയര്‍ ആരംഭിച്ച അതേ ലോര്‍ഡ്‌സില്‍ വെച്ചുതന്നെ അയാള്‍ കരിയര്‍ അവസാനിപ്പിച്ചിരിക്കുകയാണ്.
രണ്ട് പതിറ്റാണ്ടിലധികം ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാഗമാവുക, ആദ്യ ടെസ്റ്റ് കളിച്ച അതേ മികവില്‍ തന്നെ ഇക്കാലമത്രയും കളിക്കുക, മറ്റാരെക്കൊണ്ട് സാധ്യമാകും ഇതെല്ലാം. ഇത് വെറുതെ പറയുന്നതല്ല, അരങ്ങേറ്റം കുറിച്ച 2003 മുതല്‍ കളിയവസാനിപ്പിച്ച 2024 വരെയുള്ള ഓരോ വര്‍ഷവും ജിമ്മിയുടെ പേരില്‍ കുറഞ്ഞത് ഒരു ടെസ്റ്റ് വിക്കറ്റങ്കിലും കുറിക്കപ്പെട്ടിട്ടുണ്ട്.
ഇക്കാലയളവില്‍ ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. റെഡ് ബോള്‍ ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഏറ്റവുമധികം മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത് താരം, ടെസ്റ്റില്‍ 700 വിക്കറ്റ് നേടുന്ന മൂന്നാമത് താരം, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പേസറും ആദ്യ ഇംഗ്ലണ്ട് താരവും, ടെസ്റ്റ് ഫോര്‍മാറ്റില്‍ 40,000 പന്തുകളെറിയുന്ന നാലാമത് താരം, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പേസര്‍, ഏറ്റവുമധികം അന്താരാഷ്ട്ര വിക്കറ്റുകള്‍ വീഴ്ത്തുന്ന മൂന്നാമത് താരം… ആന്‍ഡേഴ്സണിന്റെ ലെഗസി അന്ത്യമില്ലാതെ തുടരുന്നു.
മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണിനും ശേഷം 700 വിക്കറ്റ് വീഴ്ത്തുന്ന ചരിത്രത്തിലെ മൂന്നാമത് ബൗളറായാണ് ആന്‍ഡേഴ്‌സണ്‍ ചരിത്രമെഴുതിയത്. ഈ നേട്ടം സ്വന്തമാക്കിയത് മാസങ്ങള്‍ക്ക് മുമ്പ് മാത്രമായിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ധര്‍മശാല ടെസ്റ്റിലാണ് ആന്‍ഡേഴ്‌സണ്‍ ചരിത്രത്തിലേക്ക് നടന്നുകയറിയത്.
കുല്‍ദീപ് യാദവിനെ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിച്ച് 700 എന്ന മാജിക്കല്‍ നമ്പറിലേക്ക് ആന്‍ഡേഴ്‌സണ്‍ നടന്നുകയറി. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാര്‍ കയ്യടക്കിവെച്ച ആ എലീറ്റ് ലിസ്റ്റിലേക്ക് ആദ്യ പേസറായാണ് ജിമ്മിയെത്തിയത്.
ക്രിക്കറ്റ് പിറവിയെടുത്ത ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ചരിത്രം പറയുമ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ പേര് പറയാതെ ആ ചരിത്രമൊരിക്കലും പൂര്‍ണമാകില്ല. ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റുകള്‍ കളിച്ച താരം, ഇംഗ്ലണ്ടിനായി ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവുമധികം വിക്കറ്റ് നേടിയ താരം, ടെസ്റ്റില്‍ 400, 500, 600, 700 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇംഗ്ലണ്ട് താരം തുടങ്ങി നേട്ടങ്ങള്‍ പലതും സ്വന്തമാക്കിയാണ് വിശ്വം ജയിച്ച തന്റെ പ്രിയപ്പെട്ട പന്തിനെ അയാള്‍ വിശ്രമിക്കാന്‍ വിട്ടത്.
ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയെങ്കിലും ആ കരിയര്‍ സമ്പൂര്‍ണമാകാന്‍ ഒരു റെക്കോഡ് കൂടി അയാള്‍ നേടേണ്ടതായി ഉണ്ടായിരു
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1,000 വിക്കറ്റ് എന്ന ഐതിഹാസിക നേട്ടം. ആ റെക്കോഡ് കണ്‍മുമ്പില്‍ നില്‍ക്കെയാണ് ആന്‍ഡേഴ്സണ്‍ ക്രിക്കറ്റിനോട് വിടപറയുന്നത്.
ഒരുപക്ഷേ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഈ പരമ്പരയിലെ മറ്റ് മത്സരങ്ങളിലും പന്തെറിഞ്ഞിരുന്നെങ്കില്‍ അനായാസം ഈ നേട്ടവും ജിമ്മിയുടെ പേരില്‍ കുറിക്കപ്പെടുമായിരുന്നു.
ഈ നേട്ടത്തിലെത്താന്‍ വെറും ഒമ്പത് വിക്കറ്റ് മാത്രമായിരുന്നു ആന്‍ഡേഴ്സണിന് വേണ്ടിയിരുന്നത്. ഒരുപക്ഷേ ഈ നേട്ടം സ്വന്തമാക്കിയിരുന്നെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ മൂന്നാമത് താരമെന്ന നേട്ടവും ജിമ്മിയെ തേടിയെത്തുമായിരുന്നു.
ഇനി നേരത്തെ പറഞ്ഞ ആ രണ്ട് നേട്ടങ്ങളിലേക്ക് വരാം. കരിയറിലെ ആദ്യ ടെസ്റ്റില്‍ നോട്ടൗട്ടായി ക്രീസില്‍ തുടര്‍ന്ന ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ പുറത്താകതെ ക്രീസില്‍ തുടര്‍ന്ന താരമെന്ന നേട്ടവും തന്റെ പേരിലെഴുതിച്ചേര്‍ത്തിട്ടുണ്ട്. വിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പുറത്താകാതെ നിന്നതോടെ 114 തവണയാണ് താരം ടെസ്റ്റില്‍ നോട്ടൗട്ടായി തുടര്‍ന്നത്. പട്ടികയില്‍ രണ്ടാമതുള്ള കര്‍ട്‌ലി ആംബ്രോസ് 61 തവണയാണ് നോട്ട് ഔട്ടയി ക്രീസല്‍ നിന്നത്.
ഇനി രണ്ടാമത്തെ റെക്കോഡ്, കരിയറിലെ ആദ്യ ഇന്നിങ്‌സില്‍ സിംബാബ്‌വേ താരം ഡഗ്ലസ് ഹോണ്ടോയെ സില്‍വര്‍ ഡക്കാക്കിയ ജിമ്മി തന്റെ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ 115 തവണ എതിര്‍ താരങ്ങളെ പൂജ്യത്തിന് പുറത്താക്കിയിട്ടുണ്ട്. 104 തവണ ഈ നേട്ടം സ്വന്തമാക്കിയ ഗ്ലെന്‍ മഗ്രാത്താണ് പട്ടികയിലെ രണ്ടാമന്‍.
1982 ജൂലൈ 30ന് ബേണ്‍ലിയിലെ ലങ്കാഷെയറിലാണ് ജെയിംസ് മൈക്കല്‍ ആന്‍ഡേഴ്‌സണ്‍ ജനിക്കുന്നത്. ലങ്കാഷെയറില്‍ ജനിച്ച ജിമ്മി ക്രിക്കറ്റിന്റെ വഴിയിലേക്ക് തിരിയാന്‍ അധികകാലമൊന്നും വേണ്ടി വന്നില്ല. ബേണ്‍ലി ക്രിക്കറ്റ് ക്ലബ്ബിനായി കളിച്ചുതുടങ്ങിയ ആന്‍ഡേഴ്‌സണ്‍ 17ാം വയസില്‍ ലങ്കാഷെയർ ലീഗിലെ ഏറ്റവും വേഗമേറിയ ബൗളറായി പേരെടുത്തു.
2022ല്‍ കൗണ്ടിയില്‍ ലങ്കാഷെയറിന് വേണ്ടിയാണ് ഫസ്റ്റ് ക്ലാസില്‍ ആന്‍ഡേഴ്‌സണ്‍ അരങ്ങേറ്റം കുറിച്ചത്. ആ സീസണില്‍ 13 മത്സരം കളിച്ച താരം 50 വിക്കറ്റും സ്വന്തമാക്കി. മൂന്ന് ഫൈഫര്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 2002ലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടിയ ജിമ്മി തൊട്ടടുത്ത സീസണില്‍ ലങ്കാഷെയറിനായി ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി.
ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് വിളിയെത്തുമ്പോള്‍ വെറും അഞ്ച് ലിസ്റ്റ് എ മത്സരങ്ങള്‍ മാത്രമായിരുന്നു ജിമ്മിയുടെ പേരിലുണ്ടായിരുന്നത്. ഇതില്‍ നിന്നും 23 വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു. അവിടെ നിന്നും ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബൗളര്‍ എന്ന ജിമ്മിയുടെ വളര്‍ച്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
പ്രായമെന്നത് വെറും സംഖ്യ മാത്രമാണെന്ന് വ്യക്തമാകുന്ന ചില നിമിഷങ്ങളുണ്ട്, അതിലൊന്ന് ജിമ്മിയുടെ കരിയര്‍ തന്നെയാണ്. രണ്ട് പതിറ്റാണ്ടിലധികം ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ത്രസിപ്പിച്ച സ്വിങ് കിങ്ങിനും അദ്ദേഹത്തിന്റെ വലം കയ്യില്‍ നിന്നും ചാട്ടുളി പോലെ കുതിച്ചെത്തിയ തുകല്‍ പന്തിനും ഇനി വിശ്രമകാലം.
കരിയറില്‍ നിങ്ങള്‍ നല്‍കിയ എല്ലാത്തിനും നന്ദി. ക്രിക്കറ്റ് ലോകത്തിനൊപ്പം ചേര്‍ന്ന് ഞങ്ങളും പറയുന്നു, Thank You Jimmy.
Content Highlight: Historic career of James Anderson