2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ‘ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍’ എന്ന പുസ്തകത്തില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചും ആലിമുസ്ലിയാരെക്കുറിച്ചമുള്ള വിവരങ്ങളടങ്ങിയിട്ടുണ്ടെന്ന വിവരം കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഹിന്ദു ഐക്യവേദിയടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നതിനെത്തുടര്‍ന്ന് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഇരുവരുടെയും പേരുകള്‍ ഒഴിവാക്കപ്പെടുകയും ചെയ്തു.
മലബാര്‍ വിപ്ലവ ചരിത്രത്തെക്കുറിച്ച് പൃഥിരാജ് നായകനായി ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന വാരിയന്‍കുന്നന്‍ എന്ന സിനിമയുടെ പ്രഖ്യാപനമാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലബാര്‍ സമരത്തെക്കുറിച്ചുള്ള വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായത്. വാരിയന്‍കുന്നത്തിനെ നായക കഥാപാത്രമായി അവതരിപ്പിക്കുന്ന ചിത്രത്തിനെതിരെ ബി.ജെ.പി നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.
മലബാര്‍ സമരം ഹിന്ദു വിരുദ്ധമായിരുന്നെന്നും സ്വാതന്ത്ര്യ സമരവുമായി അതിന് യാതൊരു വിധ ബന്ധവുമുണ്ടായിരുന്നില്ലെന്നും സംഘപരിവാര്‍ നേതാക്കളടക്കം വലിയ രീതിയില്‍ പ്രചരണങ്ങള്‍ നടത്തുന്ന സമയത്ത് തന്നെയാണ് പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ വാരിയന്‍കുന്നത്തിന്റെ പേരും ഉള്‍പ്പെട്ട വിവരം പുറത്തുവന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായ രക്തസാക്ഷികളുടെ പേരുവിവരങ്ങളടങ്ങിയ പ്രസിദ്ധീകരണത്തിന്റെ അഞ്ചാം വാല്യത്തിലായിരുന്നു വാരിയന്‍കുന്നത്ത് അടക്കമുള്ളവരെ കുറിച്ചുള്ള ഭാഗങ്ങള്‍ ഉണ്ടായിരുന്നത്. വിവാദങ്ങളെ തുടര്‍ന്ന് ഇവരുടെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്ന് നീക്കം ചെയ്തുവെങ്കിലും അത് ഏത് സാഹചര്യത്തിലാണെ്് വിശദീകരിക്കുന്നില്ല.
ചരിത്രരേഖകളില്‍ നിന്നും വാരിയന്‍കുന്നത്തിനെ ഒഴിവാക്കിയതിനെക്കുറിച്ചും, സ്വാതന്ത്ര്യസമരത്തെക്കുറിച്ച് സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങളെക്കുറിച്ചും ചരിത്രകാരനായ ഡോ.ഹുസൈന്‍ കെ. രണ്ടത്താണി ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.
ഡോ.ഹുസൈന്‍ കെ. രണ്ടത്താണി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് നടന്ന വിവാദങ്ങളുടെ ഭാഗമായിട്ടാണോ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് അടിയന്തിരമായി വാരിയംകുന്നത്തിനെ ഒഴിവാക്കിയത് എന്ന് തോന്നുന്നുണ്ടോ?
അക്കാര്യത്തില്‍ ഒരു വ്യക്തമായ അഭിപ്രായം സാധ്യമാണെന്ന് തോന്നുന്നില്ല. ചിലപ്പോള്‍ ഇവിടുന്ന് അങ്ങനെയൊരു നിര്‍ദ്ദേശം പോയിരിക്കാം. കാരണം മലബാര്‍ സമരത്തിനെതിരായി പഴയകാലത്ത് തന്നെ നിരവധി എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. ജന്മിമാര്‍ക്ക് എതിരായുള്ള സമരമായിരുന്നല്ലോ അത്. ജന്മിമാരുടെ ജാതി നിയമങ്ങളെയൊക്കെ തകര്‍ക്കുന്ന തരത്തിലുള്ള സമരമാണിതെന്ന പ്രചരണം അന്നുതന്നെ വ്യാപകമായിരുന്നു.
അടിസ്ഥാനപരമായി ഈ കലാപത്തെ ജന്മിമാര്‍ക്ക് എതിരെയുള്ള കുടിയാന്മാരുടെ സമരമായി കാണേണ്ടതുണ്ട്. ജന്മിമാര്‍ ഒരു മതവിഭാഗത്തില്‍പ്പെട്ടവരും കുടിയാന്മാര്‍ മറ്റൊരു മതത്തില്‍പ്പെട്ടവരുമായതിനാല്‍ ഈ സമരത്തെ ഒരു മതസംഘര്‍ഷമാക്കി ചിത്രീകരിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ ഈ ശ്രമത്തെ അന്നത്തെ അവരുടെ മാധ്യമങ്ങളും ശക്തമായി പിന്തുണച്ചിരുന്നു.
അന്ന് ബ്രിട്ടീഷ് മാധ്യമങ്ങളെ പിന്തുണച്ചിരുന്നവരാണ് ഇപ്പോഴും മലബാര്‍ സമരത്തെയും ടിപ്പു സുല്‍ത്താന്‍ തുടങ്ങിവെച്ച പരിഷ്‌കരണങ്ങളെയും എതിര്‍ക്കുന്നത്. ബി.ജെ.പി ആണല്ലോ ഇപ്പോള്‍ ഭരിക്കുന്നത്. ആ നിലയ്ക്ക് അവര്‍ വാരിയംകുന്നത്തിനെ ഒഴിവാക്കാനുള്ള ശ്രമം മനപ്പൂര്‍വ്വം നടത്തിയതാണോ, അതോ ഈ ഒഴിവാക്കല്‍ സ്വഭാവികമാണോ എന്ന കാര്യം നമുക്ക് പറയാന്‍ കഴിയില്ല. പക്ഷെ സ്വഭാവികമായിട്ടും നമ്മള്‍ക്ക് മുന്‍പേ തന്നെ സംശയമുള്ള ഒരു സര്‍ക്കാര്‍ ഇങ്ങനെയല്ലേ ചെയ്യുള്ളുവെന്ന് നമുക്ക് സംശയിക്കേണ്ടിയിരിക്കുന്നു.
പുസ്തകത്തില്‍ നിന്ന് വാരിയംകുന്നത്തിനെ മാത്രം ഒഴിവാക്കുന്നതിനുള്ള നീക്കമായി ഈ നടപടിയെ കാണാന്‍ കഴിയുമോ? ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെട്ടിരുന്ന വാല്യം ആണല്ലോ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നത്?
ഈ വിവാദത്തിന്റെ സത്യാവസ്ഥയെന്തെന്ന് ഇതുവരെ ബോധ്യമായിട്ടില്ല. വാരിയംകുന്നന്റെ പേര് ഒഴിവാക്കാന്‍ ഒരു വാല്യം മുഴുവന്‍ അവര്‍ വേണ്ടെന്ന് വെച്ചതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. സ്വഭാവികമായിട്ടും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഇന്ന് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയും വെച്ച് നോക്കുമ്പോള്‍ ഈ നീക്കം ചെയ്യലിന്റെ സ്വഭാവികത നമുക്ക് മനസ്സിലാകും. സിനിമ പ്രഖ്യാപിച്ച സമയത്ത് സംഘപരിവാര്‍ എങ്ങനെയാണ് അതിനെ നോക്കിക്കണ്ടതെന്ന് നമ്മള്‍ കണ്ടതാണല്ലോ. അതിന്റെ പ്രതിഫലനം ഇപ്പോഴത്തെ ഈ നടപടിയിലും കാണാനാകും.
ഒരു വിശദീകരണവും കൂടാതെ ചരിത്രരേഖകളില്‍ നടത്തുന്ന ഈ ഒഴിവാക്കലുകളോടുള്ള പ്രതികരണം? ചരിത്രകാരന്‍ എന്ന നിലയില്‍ കൂടി ഈ നടപടികളെ എങ്ങനെ നോക്കിക്കാണുന്നു?
ഒരു ഫാക്ടറിയില്‍ ഉല്‍പ്പന്നത്തെ നിര്‍മ്മിക്കുന്നതുപോലെ ചരിത്രത്തെ ഇവര്‍ നിര്‍മ്മിക്കുകയാണ്. അല്ലാതെ ചരിത്രത്തിന്റെ വസ്തുതകള്‍ക്ക് അനുസരിച്ച് അപഗ്രഥിക്കുകയല്ല ചെയ്യുന്നത്. സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ചരിത്രം ഉണ്ടാക്കിയെടുക്കലല്ലേ പറ്റുകയുള്ളു. കാരണം അവര്‍ക്ക് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുള്ള ചരിത്രമില്ല.
ഇങ്ങനെ രാജ്യത്തെ സമുന്നത നേതാക്കളെ സ്വന്തമാക്കി അവര്‍ ചരിത്രമുണ്ടാക്കിയെടുക്കുകയാണ്. നേരത്തേ പറഞ്ഞ, ഫാക്ടറിയില്‍ ഉല്‍പ്പന്നത്തെ ഉണ്ടാക്കിയെടുക്കും പോലെ. അല്ലാതെ അവരുടെ കൈയില്‍ വേറേ ആയുധമില്ല. വേറൊന്നും അവര്‍ക്ക് ചെയ്യാനില്ല. ഇന്ത്യയുടെ ചരിത്രം എങ്ങനെയൊക്കെ എഴുതിയാലും അവര്‍ക്ക് ഒന്നും സംഭാവന ചെയ്യാനില്ലല്ലോ. അതുകൊണ്ട് ഏത് സമയവും എന്തും മായ്‌ച്ചെടുക്കാം പുതുക്കിയെടുക്കാം, അത് വിശ്വസിക്കാന്‍ കുറച്ച് ആളുകളുമുണ്ടാകും എല്ലാകാലത്തും.
ചില തല്‍പര കക്ഷികളുടെ നിര്‍ബന്ധം മൂലമാണ് വാരിയന്‍കുന്നത്തിനെ കുറിച്ചുള്ള ഭാഗം പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണല്ലോ ബി.ജെ.പി നേതാക്കളായ സന്ദീപ് വാര്യര്‍, ശശികല ടീച്ചര്‍ അടക്കമുള്ളവര്‍ ആരോപിക്കുന്നത്. അന്നുതന്നെ ഇതിനെതിരെ വിയോജിപ്പുകള്‍ ഉയര്‍ന്നിരുന്നു. തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ തിരുത്തിയെന്നും ഇവര്‍ പറയുന്നു. മറ്റു പല സന്ദര്‍ഭങ്ങളിലും സംഘപരിവാരിന്റെ ഭാഗത്ത് നിന്നും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനോടുള്ള പ്രതികരണം ?
തല്‍പരകക്ഷികള്‍ക്ക് വേണ്ടി കൂട്ടിച്ചേര്‍ത്തു പിന്നീട് മാറ്റിയെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. സന്ദീപ് വാര്യരെ സംബന്ധിച്ചിടത്തോളം നേരത്തേയും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഗാന്ധിജിയെ ആരോ വെടിവെച്ച് കൊന്നു എന്ന തരത്തില്‍ വളരെ ലാഘവത്തോടെ സംസാരിക്കുന്നയാളാണ് സന്ദീപ്. രാജ്യത്തെ പറ്റി അത്രയേ ബോധമുള്ളു എന്നല്ലേ അതില്‍നിന്ന് മനസ്സിലാകുന്നത്.
നമ്മുടെ രാജ്യത്തിന് വേണ്ടി ആരൊക്കെ പൊരുതി, എന്ത് ലക്ഷ്യത്തിനു വേണ്ടി പോരാടി, അതില്‍ അവരുടെ നിലപാട് എന്തായിരുന്നു, ഇതൊക്കെ വിലയിരുത്തി വേണം ചരിത്രം നിര്‍മ്മിക്കാന്‍. സ്വാതന്ത്ര്യസമരത്തില്‍ പോരാടിയവരുടെ ജാതിയും മതവും നോക്കിയിട്ടല്ല വിലയിരുത്തേണ്ടത്.
ലക്ഷ്മി ഭായിയേയും ഔധിലെ ബീഗം ഹസ്രത് മഹലിനെയും നാനാസാഹേബിനെയും നമ്മള്‍ കാണുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരായിട്ടാണ്. മതവും ജാതിയും നോക്കിയിട്ടല്ല അവരെ ബഹുമാനിക്കുന്നത്. ഇതിനെക്കുറിച്ചെല്ലാം വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. ഉദാഹരണത്തിന് നാം നടത്തിയ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ബ്രിട്ടീഷുകാരുടെ അഭിപ്രായം വ്യത്യസ്തമായിരിക്കുമല്ലോ. എന്നാല്‍ രാജ്യത്തിന്റെ കാര്യത്തില്‍ ഇവരുടെ നിലപാട് എന്താണോ അതനുസരിച്ചാണ് വിധിയെഴുതേണ്ടത്.
വസ്തുതാപരമായി ചരിത്രം എഴുതപ്പെടേണ്ടതും അങ്ങനെ തന്നെയാണ്. അല്ലാതെ എന്റെ ജാതിക്ക് എതിരാണ്, എന്റെ മതത്തിന് എതിരാണ് എന്ന് പറഞ്ഞ് വസ്തുതകള്‍ തള്ളുമ്പോഴാണ് ചരിത്രമില്ലാതാകുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക