കോഴിക്കോട്: ചരിത്രകാരനും ദളിത് ചിന്തകനുമായ എന്‍.കെ. ജോസ് (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
എന്‍.കെ. ജോസ് ദളിത് ബന്ധുവെന്നാണ് അറിയപ്പെട്ടിരുന്നത്. പുന്നപ്ര-വയലാര്‍ സമരം, വൈക്കം സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംബരം, മലയാളി മെമ്മോറിയല്‍ തുടങ്ങിയ സമര പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
ദളിത് പഠനങ്ങള്‍ക്കും ദളിത് ചരിത്ര രചനകള്‍ക്കും നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി ദളിത് സംഘടനകള്‍ എന്‍.കെ. ജോസിന് 1990ല്‍ ദളിത്ബന്ധു എന്ന വിശേഷണം നല്‍കി ആദരിച്ചു. ദളിത് നേതാവ് കല്ലറ സുകുമാരനാണ് എന്‍.കെ ജോസിന് ദളിത്ബന്ധു എന്ന പേര് നല്‍കിയത്.
വൈക്കം താലൂക്കിലെ വെച്ചൂരില്‍ നമശിവായം കത്തോലിക്ക കുടുംബത്തില്‍ 1929ല്‍ കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. 140ലധികം ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കീഴാള ചരിത്ര പഠനം എന്ന ചരിത്ര ശാഖക്ക് വലിയ സംഭാവന നല്‍കിയ വ്യക്തി കൂടിയാണ് എന്‍.കെ. ജോസ്. കേരളഹിസ്റ്ററി കോണ്‍ഗ്രസിന്റെ പ്രസിഡന്റ് കൂടിയായിരുന്നു.
Content Highlight: Historian Dalit Bandhu N.K. Jose passed away