ന്യൂദല്‍ഹി: സ്വാതന്ത്ര്യ സമര സേനാനി രാജ്ഗുരുവിനെ സ്വയംസേവകനാക്കിയ ആര്‍.എസ്.എസ് മുന്‍ പ്രചാരകന്‍ നരേന്ദ്ര സെഹ്ഗാളിനെതിരെ ചരിത്രകാരന്‍മാര്‍ രംഗത്ത്. സ്വാതന്ത്രസമര സേനാനികളെ കാവിവല്‍ക്കരിക്കാന്‍ ആര്‍.എസ്എസ് സ്വയം വിഡ്ഢിവേഷം കെട്ടുകയാണെന്ന് പ്രമുഖ ചരിത്രകാരന്‍ ആദിത്യ മുഖര്‍ജി പറഞ്ഞു.
“അംബേദ്കറെയും വിവേകാനന്ദനെയും ബാല ഗംഗാധര തിലകിനെയും കാവി പുതപ്പിച്ചതിന്റെ തുടര്‍ച്ചയാണിത്.”
സെഹ്ഗാളിന്റെ പുസ്തകത്തെ ജെ.എന്‍.യു മുന്‍ പ്രൊഫസര്‍ ചമന്‍ ലാലും എതിര്‍ത്തു. “നേരത്തേയവര്‍ അവകാശപ്പെട്ടത് ഭഗത് സിങ്ങിന് അവരുമായി ബന്ധമുണ്ടെന്നാണ്. അദ്ദേഹമോ രാജ്ഗുരുവോ ആര്‍.എസ്.എസുമായി ബന്ധമുള്ളവരാണെന്നതിന് ഒരു തെളിവുമില്ല. അവരുടെ സഹപ്രവര്‍ത്തകര്‍ എഴുതിയ ജീവചരിത്രക്കുറിപ്പുകളില്‍ ഒന്നിലും അത്തരം സൂചനയില്ല”- ചമന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.
“ഭഗത് സിംഗിനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും കുറിച്ചുള്ള രേഖകള്‍” എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ കൂടിയാണ് ചമന്‍ ലാല്‍.
ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബും സെഹ്ഗാളിന്റെ വാദങ്ങളെ എതിര്‍ത്തു. നമ്മുടെ രക്തസാക്ഷികളെ ആര്‍.എസ്.എസാക്കി മുദ്രകുത്തുന്ന ബുദ്ധിശൂന്യമായ പ്രവൃത്തിയാണ് അവര്‍ ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Another feeble attempt to claim one of our martyrs by the RSS. A recent book calls Rajguru a Swayamsevak. Bhagat Singh proved too hot so now they move to his associates https://t.co/8Gfx5qWEuS
— S lrfan Habib (@irfhabib) April 1, 2018
നേരത്തെ ആര്‍.എസ്.എസ് മുന്‍ പ്രചാരകനും മാധ്യമപ്രവര്‍ത്തകനുമായ നരേന്ദ്ര സെഹ്ഗാള്‍ രാജ്ഗുരുവിനെ തന്റെ പുസ്തകത്തില്‍ സ്വയംസേവകനായി ചിത്രീകരിച്ചിരുന്നു. ഭാരത് വര്‍ഷ് കീ സര്‍വാംഗ് സ്വതന്ത്രത എന്ന പുസ്തകത്തിലെ സ്വയംസേവക് സ്വതന്ത്ര സേനാനി എന്ന അധ്യായത്തിലാണ് രാജ്ഗുരുവിലെ ആര്‍.എസ്.എസുകാരാനാക്കിയിരിക്കുന്നത്.
ആര്‍.എസ്.എസ്.മേധാവി മോഹന്‍ ഭാഗവത് ആണ് പുസ്തകത്തിന് അവതാരികയെഴുതിയത്. കഴിഞ്ഞമാസം നാഗ്പുരില്‍ നടന്ന ആര്‍.എസ്.എസ്.അഖില ഭാരതീയ പ്രതിനിധിസഭയില്‍ പുസ്തകം വിതരണം ചെയ്തിരുന്നു.
ലാലാ ലജ്പത് റായിയെ ലഹോറില്‍ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്ത ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥന്‍ ജെ.പി. സാന്‍ഡേഴ്സനെ വധിച്ചശേഷം രാജ്ഗുരു നാഗ്പുരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തെത്തിയിരുന്നെന്നും അദ്ദേഹം മൊഹിതെ ബാഗ് ശാഖയില്‍ സ്വയംസേവകനായിരുന്നുവെന്നും പുസ്തകത്തില്‍ അവകാശപ്പെടുന്നു.
“ഒളിവില്‍ താമസിക്കാന്‍ ആര്‍.എസ്.എസ്. സ്ഥാപകന്‍ ഹെഡ്ഗേവാര്‍ ഒരു വീടു സംഘടിപ്പിച്ചുകൊടുത്തു. സ്വദേശമായ പുണെയിലേക്കു ഉടന്‍ മടങ്ങരുതെന്നും പോലീസ് അവിടെയാകെ വലവിരിച്ചിരിക്കുകയാണെന്നും ഉപദേശിച്ചു-”
സാന്‍ഡേഴ്സണെ വധിച്ച കുറ്റത്തിനു ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ വാര്‍ത്തയറിഞ്ഞ് ഹെഡ്ഗേവാര്‍ ദുഃഖിതനായി.” അവരുടെ ത്യാഗം വെറുതെയാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ പുസ്തകം ചരിത്രവസ്തുതകളെ ആസ്പദമാക്കിയുള്ളതാണെന്ന് സെഹ്ഗല്‍ അവകാശപ്പെടുന്നു. ഇത്തരം കാര്യങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ആര്‍.എസ്.എസ്. അതൊന്നും രേഖപ്പെടുത്തിവെക്കാത്തതെന്നും 1960-ല്‍ നാരായണ്‍ ഹരി എഴുതിയ പുസ്തകത്തിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1928 ല്‍ ലാഹോറില്‍വെച്ചാണ് ബ്രട്ടീഷ് പൊലീസ് ഓഫീസറായിരുന്ന ജെ.പി സാന്‍ഡേഴ്‌സണെ വധിച്ച കേസില്‍ ഭഗത് സിംഗിനെയും സുഖ്‌ദേവിനെയും രാജ്ഗുരുവിനെയും തൂക്കിലേറ്റിയത്.
Watch This Video: