| Tuesday, 14th May 2024, 11:00 am

വിനീതേട്ടന് ഇരിക്കാനുള്ള ഒരു സോഫ പോലും എന്റെ മുറിയിലുണ്ടായിരുന്നില്ല, അദ്ദേഹം തന്ന പണം കൊണ്ടാണ് സ്പീക്കര്‍ പോലും വാങ്ങിയത്: ഹിഷാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാളത്തിലെ പുതുതലമുറ മ്യൂസിക് ഡയറക്ടേഴ്‌സില്‍ ഒഴിച്ചുകൂടാനാകാത്ത പേരാണ് ഇന്ന് ഹിഷാം അബ്ദുല്‍ വഹാബിന്റേത്. സാള്‍ട് മാംഗോ ട്രീ എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള സംഗീതലോകത്തേക്ക് കടന്നുവന്നതെങ്കിലും വിനീത് ശ്രീനിവാസന്റെ ഹൃദയത്തിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്കിടയില്‍ ചുവടുറപ്പിച്ചത്.

സംഗീത ലോകത്തേക്ക് താന്‍ കടന്നുവന്ന വഴികളെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ഹിഷാം അബ്ദുല്‍ വഹാബ്. തുടക്കകാലത്ത് തനിക്ക് അതിജീവിക്കേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം സൈനസൗത്ത്പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഹൃദയത്തിന്റെ ചര്‍ച്ചകള്‍ക്കായി വിനീത് തന്റെ മുറിയിലേക്ക് വരുമ്പോള്‍ അവിടെയൊരു ലാപ്‌ടോപും ഫാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പിന്നീട് വിനീതും നോബിളും തന്ന അഡ്വാന്‍സ് കൊണ്ടാണ് താന്‍ ഒരു സ്പീക്കര്‍ പോലും വാങ്ങിയതെന്നും ഹിഷാം പറയുന്നു. അതിന് ശേഷമാണ് ഇന്ന് കാണുന്ന ഈ സൗകര്യങ്ങളൊക്കെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

‘2014-15 കാലഘട്ടത്തില്‍ സിനിമ മാത്രം ആഗ്രഹിച്ച് ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ച് മ്യൂസിക്കാണ് എന്റെ ലൈഫ് എന്നുറപ്പിച്ചാണ് കൊച്ചിയിലേക്ക് വന്നത്. അന്നെനിക്കൊരു സ്വിഫ്റ്റ് കാറുണ്ടായിരുന്നു. ഇവിടെ ഒന്നുരണ്ട് അപാര്‍ട്‌മെന്റുകളില്‍ താമസിച്ചു. അവിടെ നിന്ന് ഷോര്‍ട് ഫിലിമുകളൊക്കെ ചെയ്തു. വര്‍ക്കുണ്ടായിരുന്നു അന്നൊക്കെ. എന്നാലും അപ്പാര്‍ട്‌മെന്റുകളില്‍ നിന്നൊക്കെ എനിക്ക് ഇറങ്ങേണ്ട സാഹചര്യം വന്നു. കാരണം ഏകാഗ്രമായി ഫോക്കസ് ചെയ്യേണ്ടതാണ് മ്യൂസിക് എന്ന് എനിക്ക് മനസ്സിലായി.

ഫ്‌ളാറ്റ് നോക്കി നടക്കുമ്പോള്‍ രണ്ട് ദിവസം എനിക്ക് വണ്ടിയില്‍ തന്നെ കിടന്നുറങ്ങേണ്ടി വന്നു. പക്ഷേ അന്നെന്നെ മുന്നോട്ട് നയിച്ചത് ഞാന്‍ മ്യൂസിക് ചെയ്യും, എനിക്ക് സിനിമകള്‍ കിട്ടും എന്ന ഒറ്റ വിശ്വാസത്തിലാണ്. ഈ വിശ്വാസമുണ്ടെങ്കില്‍ മാത്രമേ നമുക്ക് മുന്നോട്ട് പോകാനാകൂ എന്ന് ഞാന്‍ ഇപ്പോള്‍ എന്റെ സ്റ്റുഡന്‍സിനോടൊക്കെ പറയും. അങ്ങനെയാണ് സാള്‍ട്ട് മാംഗോ ട്രീ സിനിമയില്‍ രാജേഷട്ടന്‍ ഒരു അവസരം തരുന്നതും അതിലെ പാട്ടുകള്‍ ചെയ്യുന്നതും. പിന്നെ അവിടുന്നങ്ങോട്ട് ഓരോരോ പാട്ടുകള്‍ ചെയ്യുന്നതും.

ഹൃദയം ചെയ്യുന്ന സമയത്ത് വിനീതേട്ടന്‍ വരുന്നത് ചെറിയ ഒരു അപാര്‍ട്‌മെന്റിലേക്കാണ്. ആ അപാര്‍ട്‌മെന്റില്‍ ഒരു ലാപ്‌ടോപും ഒരു ഫാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു സ്പീക്കര്‍ പോലുമില്ലായിരുന്നു. പഠിക്കുന്ന സമയത്ത് 2009ല്‍ വാങ്ങിയ ഒരു ഹെഡ്‌ഫോണാണ് ഉണ്ടിയിരുന്നത്. അതിപ്പോഴും എന്റ കൈയിലുണ്ട്. അതിലായിരുന്നു ഞാന്‍ പാട്ട് ചെയ്തിരുന്നത്.

അന്ന് വിനീതേട്ടനും നോബിളേട്ടനും ഒരു അമൗണ്ട് അഡ്വാന്‍സ് തന്നു. ആ അഡ്വാന്‍സ് ഉപയോഗിച്ചാണ് ഞാന്‍ റൂമില്‍ എ.സി. വെക്കുന്നതും, സ്പീക്കര്‍ വാങ്ങുന്നതും, വിനീതേട്ടന് ഇരിക്കാനുള്ള സോഫയും വാങ്ങുന്നത്. ഈ സോഫ ഇപ്പോഴും ഇവിടെയുണ്ട്. അതിന് ശേഷമാണ് ഇന്ന് ഈ കാണുന്നതെല്ലാമുണ്ടായത്. ഇന്ന് സ്റ്റുഡിയോയും അസിസ്റ്റന്റ്‌സുമുണ്ട്. കുടുംബവും ഹാപ്പിയാണ്,’ ഹിഷാം അബ്ദുല്‍ വബാഹ് പറഞ്ഞു.

content highlights: Hisham Abdul Wahab is talking about the ways he entered the world of music.

Latest Stories

We use cookies to give you the best possible experience. Learn more