ഹിസ്ബുല്ല ആക്രമണത്തില്‍ ഇസ്രഈലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
World News
ഹിസ്ബുല്ല ആക്രമണത്തില്‍ ഇസ്രഈലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th October 2024, 2:57 pm

ടെല്‍ അവീവ്: വടക്കന്‍ ഇസ്രഈലില്‍ ബുധനാഴ്ച ഹിസ്ബുല്ല നടത്തിയ വ്യോമാക്രമണത്തില്‍ കിര്യത് ഷമോനയില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു. റോക്കറ്റ് ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നും ഇസ്ഈലി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ദമ്പതികളായ റിവിറ്റല്‍ യെഹൂദ്, ദ്വിര്‍ ഷെര്‍വിത് എന്നിവരാണ് ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നുവെന്ന് വിദഗ്ദസംഘം അറിയിച്ചു.

ഇസ്രഈലിലേക്ക് ഹിസ്ബുല്ല നടത്തുന്ന വ്യോമാക്രമണത്തില്‍ ഹൈഫയിലടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

ലെബനനില്‍ നിന്ന് ഇരുപതോളം റോക്കറ്റുകള്‍ കിര്യത് ഷമോന പ്രദേശത്തേക്ക് മാത്രം അയച്ചിരുന്നുവെന്നും ഹൈഫയിലേക്ക് 40 റോക്കറ്റാക്രമണം നടത്തിയതായും ഹിസ്ബുല്ല സ്ഥീരീകരിച്ചു.

ബുധനാഴ്ച ഇസ്രഈല്‍ അതിര്‍ത്തി പട്ടണമായ കിര്യത് ഷമോനയില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

കിര്യത് ഷമോനയില്‍ ഉണ്ടായ ആക്രമണം നിരവധി തീപ്പിടുത്തങ്ങള്‍ക്ക് കാരണമായിരുന്നതായും ഇസ്രഈല്‍ നഗരങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ ഏറ്റവും വലിയ ബോബാക്രമണം കൂടിയാണ് ബുധനാഴ്ച നടന്നതെന്നും ഇസ്രഈലി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഹിസ്ബുല്ല ഇസ്രഈലിനെതിരെ നടത്തുന്ന വ്യോമാക്രമണത്തില്‍ ഇസ്രഈലി സൈനികര്‍ക്ക് പരിക്കേറ്റതായും കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തില്‍ ഇസ്രഈലിലെ മുതിര്‍ന്ന സൈനികന്‍ കൊല്ലപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം ഹിസ്ബുല്ല അയച്ച രണ്ട് മിസൈലുകള്‍ കാര്‍മല്‍ മേഖലയില്‍ വെച്ച് തടഞ്ഞതായി ഇസ്രഈല്‍ വാദിക്കുന്നു. ഇസ്രഈല്‍ ലെബനന് നേരെ ആക്രമണം ആരംഭിച്ചതിന് ശേഷം 3000 റോക്കറ്റുകള്‍ ഹിസ്ബുല്ല വിക്ഷേപിച്ചിട്ടുണ്ടെന്നും ഐ.ഡി.എഫ് സ്ഥിരീകരിച്ചു.

അതേസമയം ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലും സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലും ഇസ്രഈല്‍ ആക്രമണം തുടരുകയാണ്. ബെയ്റൂട്ടില്‍ നടത്തിയ സ്ഫോടനത്തില്‍ നിരവധി ലെബനീസ് പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ലെബനന് പുറമെ ഗസയിലും ഇസ്രഈല്‍ ആക്രമണം ശക്തമാവുകയാണ്.

ലബനനില്‍ ഇതിനകം 2100ലേറെ ആളുകള്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇസ്രഈല്‍ ലെബനനിലേക്ക് വ്യോമാക്രമണത്തോടൊപ്പം കരസേനയും ആക്രമണം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: hisbulla attack in isreal two was killed