| Sunday, 26th March 2023, 11:56 pm

പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ദല്‍ഹിയിലെ ഞങ്ങളുടെ ദിവസങ്ങളെയെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ആഹ്ലാദഭരിതമാക്കിയിരുന്നു: എം.ബി രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടനും മുന്‍ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ വിയോഗ വാര്‍ത്ത വേദനാജനകമാണെന്ന് മന്ത്രി എം.ബി. രാജേഷ്. പാര്‍ലമെന്റില്‍ അഞ്ച് വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍, ദല്‍ഹിയിലെ ദിവസങ്ങളെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ആഹ്ലാദഭരിതമാക്കിയിരുന്നുവെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.

‘ഇന്നസെന്റ് ചേട്ടന്റെ വിയോഗവാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ഏറെ വേദനാജനകമാണ് ഈ വിയോഗം. അതുല്യനായ നടന്‍, ചിരി ചോരയില്‍ അലിഞ്ഞുചേര്‍ന്ന നര്‍മബോധമുള്ളയാള്‍, ജനപ്രതിനിധി, സര്‍വോപരി സ്‌നേഹനിധിയായ മനുഷ്യന്‍ എന്നീ നിലകളിലെല്ലാമാണ് ഞാന്‍ ഇന്നസെന്റ് ചേട്ടനെ ഓര്‍ക്കുന്നത്.

പാര്‍ലമെന്റില്‍ അഞ്ച് വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍, ദല്‍ഹിയിലെ ഞങ്ങളുടെ ദിവസങ്ങളെയെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ആഹ്ലാദഭരിതമാക്കിയിരുന്നു.

അദ്ദേഹം മരണത്തെ മുഖാമുഖം കണ്ടിരുന്നുവെന്നും എന്നാല്‍ അവയെല്ലാം ചിരി കൊണ്ട് മായ്ച്ചു കളഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു പതിറ്റാണ്ടിലേറെ മുഖാമുഖം കണ്ട മരണത്തെ അദ്ദേഹം ചിരി കൊണ്ടാണ് ചെറുത്തുനിന്നത്. ആ ചിരിയുടെ പിന്നിലുള്ള നിശ്ചയദാര്‍ഢ്യവും മനസാന്നിധ്യവും അപാരമായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട ഒട്ടേറെ ഓര്‍മ്മകള്‍ ഈ സന്ദര്‍ഭത്തില്‍ മനസില്‍ നിറയുന്നുണ്ട്.

അതെല്ലാം മറ്റൊരവസരത്തില്‍ വിശദമായി എഴുതാം. ഇന്നസെന്റ് ചേട്ടന്റെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. ആലീസ് ചേച്ചിയുടെയും കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നു,’ എം.ബി. രാജേഷ് പറഞ്ഞു.

content highlight: His presence shone through all our days in Delhi when he worked in Parliament: MB Rajesh

We use cookies to give you the best possible experience. Learn more