തന്റെ പേര് ടൈനി ടോം എന്നായിരുന്നെന്നും അതിന്റെ ഉച്ചാരണം മാറ്റിയതാണെന്നും നടൻ ടിനി ടോം. ചെറുപ്പത്തിൽ തന്റെ ആന്റിയാണ് ടൈനി എന്ന പേര് ഇട്ടതെന്നും താരം പറഞ്ഞു. സിനിമ ഡാഡി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടിനി ടോം.
‘നമ്മൾ ജനിക്കുമ്പോൾ കുഞ്ഞായിരിക്കില്ലേ. ആ ഷേപ്പ് കണ്ടപ്പോൾ ചെറുതാണല്ലോ, അത് കണ്ടപ്പോൾ ടൈനി എന്ന് എന്റെ ആന്റി വിളിച്ചതാണ്. അത് വലുതായി ഈ മുള നീളം വെക്കുമെന്ന് അറിയില്ലായിരുന്നു. മുള അങ്ങനെയാണല്ലോ നടുമ്പോൾ ഇത്തിരി ഉണ്ടാവുകയുള്ളൂ. ഇത് എവിടം വരെ പോകുമെന്ന് അറിയാൻ പറ്റില്ലല്ലോ. പിന്നെ അത് വെട്ടി നിർത്തേണ്ടിവരും. അങ്ങനെ അത് വെട്ടി നിർത്തിയതാണ് ഇപ്പോൾ. ഇപ്പോഴും ടൈനി എന്ന് തന്നെയാണ് പാസ്പോർട്ടിലും എല്ലായിടത്തും. എഴുതുമ്പോൾ TINY എന്നാണ്. അത് പ്രൊനൗൺസ് ചെയ്യുമ്പോൾ ടൈനി എന്നെ വരുകയുള്ളു,’ ടിനി ടോം പറഞ്ഞു.
തനിക്ക് മമ്മൂട്ടിയോടുള്ള ആരാധനയെപ്പറ്റി ടിനി അഭിമുഖത്തിൽ പറഞ്ഞു. തന്റെ അമ്മ മമ്മൂട്ടിയുടെ ഫാൻ ആയിരുന്നെന്നും താൻ പോലുമറിയാതെയാണ് മമ്മൂട്ടിയെ സ്നേഹിച്ചതെന്നും ടിനി പറഞ്ഞു. സിനിമയിൽ വന്നതിന് ശേഷം മമ്മൂട്ടി കുടുംബത്തെ നോക്കുന്നത് കണ്ടു പഠിച്ചെന്നും താരം പറഞ്ഞു.
‘ചെറുപ്പം മുതലേ വീട്ടിൽ എന്റെ അമ്മയ്ക്ക് മമ്മൂക്കയെ ഭയങ്കര ഇഷ്ടമായിരുന്നു. മമ്മൂക്കയുടെ സിനിമ കൊണ്ട് കാണിക്കുമായിരുന്നു.
അങ്ങനെ ഞാൻ അറിയാതെ തന്നെ മമ്മൂക്കയെ ഇഷ്ടപ്പെടുന്ന ഒരാളായി മാറി.
ഞാൻ പഠിച്ചുകൊണ്ടിരുന്ന സമയത്തൊക്കെ അദ്ദേഹം മനോരമയിലൊക്കെ എഴുതുമായിരുന്നു. അതൊക്കെ കംപ്ലീറ്റ് ഫോളോ ചെയ്യുമായിരുന്നു.
ഇന്ന് സിനിമയിൽ വന്നപ്പോൾ സിനിമയേക്കാൾ കൂടുതൽ ഫാമിലിയെ എങ്ങനെ കൊണ്ടുനടക്കണമെന്ന് പഠിച്ചത് അദ്ദേഹത്തിന്റെ അടുത്ത് നിന്നാണ്. ഇപ്പോഴും മിസ്കോൾ അടിച്ചാൽ അപ്പോൾ തിരിച്ചു വിളിക്കുന്ന ഒരാളാണ്,’ ടിനി ടോം പറഞ്ഞു.
അജയ് കുമാറിനെപ്പറ്റിയും ടിനി ടോം പറഞ്ഞു. ഇപ്പോൾ അജയ് കുമാറിനെ ചെറുത് എന്ന് വിളിച്ചാൽ ബോഡി ശമിങ് ആവുമെന്നും അതുകൊണ്ട് തങ്ങൾക്ക് ഒരുമിച്ച് സ്കിറ്റ് ചെയ്യാൻ കഴിയുന്നില്ലെന്നും താരം പറഞ്ഞു.
‘നമ്മൾ തമാശ പറയുമ്പോൾ മറ്റെല്ലാം മാറ്റിവയ്ക്കണം. ചിലപ്പോൾ അവിടെ ഒരു ഇൻസൽട്ടിങ് കോമഡി വരാം. പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കുകയാണെങ്കിൽ അത് എല്ലായിടത്തും തിരുത്താനേ നേരം ഉണ്ടാവുകയുള്ളൂ. എനിക്കും പക്രുവിനും കൂടെ ഒരു സ്കിറ്റ് ചെയ്യാൻ പറ്റില്ല. അവൻ തന്നെ ഉണ്ടാക്കിവരുന്ന കോമഡികളാണ് ഞങ്ങൾ ചെയ്തു വന്നിരുന്നത്. ഇപ്പോൾ അവനെ ചെറുതെന്ന് പറഞ്ഞു കഴിഞ്ഞാൽ ബോഡിയാണ് ഷേമിങ് ആണ്,’ടിനി ടോം പറഞ്ഞു.
Content Highlight: His name was not Tiny Tom