ചാനല്‍ ചര്‍ച്ചക്കിടെ അതിഥി എന്‍.ഡി.ടിവിയുടെ പേര് പറഞ്ഞപ്പോള്‍ ചിരിയടക്കാനാവാതെ അര്‍ണബ്; കോമാളിയാകരുതെന്ന് വിമര്‍ശനം
India
ചാനല്‍ ചര്‍ച്ചക്കിടെ അതിഥി എന്‍.ഡി.ടിവിയുടെ പേര് പറഞ്ഞപ്പോള്‍ ചിരിയടക്കാനാവാതെ അര്‍ണബ്; കോമാളിയാകരുതെന്ന് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2017, 11:59 am

ന്യൂദല്‍ഹി: റിപ്പബ്ലിക് ടിവി ചാനല്‍ ചര്‍ച്ചക്കിടെ പാനല്‍ അംഗം എന്‍.ഡി.ടി.വിയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ ചിരിയടക്കാനാവാതെ റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി.

ഇന്ത്യയില്‍ കഴിയുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ വിഷമായിരുന്നു റിപ്പബ്ലിക് ടിവി ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. അഭയാര്‍ത്ഥികളെ മ്യാന്‍മാറിലേക്ക് തിരിച്ചയക്കുകയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് മികച്ച നിലപാട് എന്നും അഭയാര്‍ത്ഥികളില്‍ ചിലര്‍ക്ക് പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വാദവും അര്‍ബണബ് ഉന്നയിച്ചിരുന്നു.


Dont Miss ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം മുഴക്കി പട്ടേല്‍ വിഭാഗക്കാര്‍; പത്രസമ്മേളനം അവസാനിപ്പിച്ച് ഉപമുഖ്യമന്ത്രി


ഇതിനിടെ വിഷയവുമായി ബന്ധപ്പെട്ട് എന്‍.ഡി.ടി.വി നല്‍കിയ റിപ്പോര്‍ട്ടിലേക്ക് പാനല്‍ അംഗം ശ്രദ്ധക്ഷണിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊട്ടിച്ചിരിക്കുന്ന അര്‍ണബിനെയായിരുന്നു കണ്ടത്. ഒരുമിനോട്ടോളം ചിരിയടക്കാനാവാതെ അര്‍ണബ് പാടുപെട്ടു. അര്‍ണബിനൊപ്പം ബി.ജെ.പി വക്താവായ ഗൗരവ് ബാട്ടിയയും ചേര്‍ന്ന് എന്‍.ഡി.ടിവിയോ താങ്കളെന്താണ് പറഞ്ഞതെന്ന് ചോദിച്ച് ഒപ്പം കൂടി.

എന്നാല്‍ തന്റെ നടപടിയിലെ പാളിച്ച മനസിലാക്കിയെന്നോണം അര്‍ണബ് ചിരി നിര്‍ത്തുകയും താന്‍ ഒന്നും പറയുന്നില്ലെന്നും പറഞ്ഞു. എന്തിനാണ് താന്‍ ചിരിച്ചതെന്ന് നിങ്ങള്‍ എന്നോട് ചോദിക്കും, നാളെ ആളുകള്‍ ഇതിനെ കുറിച്ച് എഴുതും. എന്‍.ഡി.ടി.വിയെ കുറിച്ച് പറഞ്ഞപ്പോള്‍ എന്തിനാണ് ചിരിച്ചതെന്ന് ചോദിച്ച് അവര്‍ ആക്രമണം തുടരും, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവരുടെ ഹോബി ഇതാണ്. എന്നെല്ലാം പറഞ്ഞ് അര്‍ണബ് സ്വയം ന്യായീകരിക്കുകയായിരുന്നു.

എന്നാല്‍ താന്‍ എന്‍.ഡി.ടിവിയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ അര്‍ണബ് സ്വയം ഒരു കോമാളിയെ പോലെ ചിരിക്കുകയായിരുന്നെന്നു ഇത് അദ്ദേഹത്തിന് ഗുണം ചെയ്യില്ലെന്നും പാനലിസ്റ്റ് പറഞ്ഞു.

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പാക്കിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് അര്‍ണബ് പറഞ്ഞപ്പോള്‍ ഒരു അഭയാര്‍ത്ഥിയുടെ പേരില്‍ പോലും എഫ്.ഐ.ആര്‍ ഇല്ലെന്ന എന്‍.ഡി.ടിവി റിപ്പോര്‍ട്ടായിരുന്നു താന്‍ ചൂണ്ടിക്കാട്ടിയത്. അതിനാണ് അദ്ദേഹത്തിന്റെ ഈ പരിഹാസ ചിരി.എന്‍.ടിവിയ്ക്ക് വേണ്ടി ഗുജറാത്ത് ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത് താനായിരുന്നെന്ന അര്‍ണബിന്റെ വാദം അദ്ദേഹത്തിന്റെ എന്‍.ഡി.ടിവിയിലെ സഹപ്രവര്‍ത്തകര്‍ തന്നെ പൊളിച്ചിരുന്ന കാര്യമൊന്നും ആരും മറന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.