കഴുത്തില്‍ 'അള്ളാഹു' : ആടിന് വില ഒരുകോടി രൂപ, വെള്ളപ്പൊക്കം വന്നപ്പോള്‍ 50ലക്ഷം ആയി കുറച്ച് ഉടമസ്ഥര്‍
Daily News
കഴുത്തില്‍ 'അള്ളാഹു' : ആടിന് വില ഒരുകോടി രൂപ, വെള്ളപ്പൊക്കം വന്നപ്പോള്‍ 50ലക്ഷം ആയി കുറച്ച് ഉടമസ്ഥര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st September 2017, 1:11 pm

ഒരു ആടിന് വില 1,00,00,786 രൂപ. ആട് വെറും ആടല്ലെന്നാണ് ഉടമസ്ഥന്‍ പറയുന്നത്. “അള്ളാഹുവിന്റെ ആട്” എന്നാണ് ഉടമസ്ഥനായ കപില്‍ സുഹൈല്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

15മാസം പ്രായമുള്ള ഈ ആടിന് കഴുത്തിന് താഴെയായി വെളുത്ത രോമത്തില്‍ ബ്രൗണ്‍ നിറത്തിലുള്ള ഒരു മറുകുണ്ട്. “അള്ളാഹു” വിന്റെ അറബിക് സിമ്പലുമായി ഈ മറുകിന് സാമ്യമുണ്ട്.

“ഇത് ദൈവം ഞങ്ങള്‍ക്ക് എത്തിച്ചുതന്നതാണ്.” എന്നാണ് ആടിനെക്കുറിച്ച് കപില്‍ സുഹൈല്‍ പറയുന്നത്.


Also Read: പ്രേതത്തെ പേടിച്ച് ഉറങ്ങാതിരുന്ന രാത്രികളുണ്ട്; കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ച് പിണറായി വിജയന്‍


അജ്‌മേറില്‍ നിന്നാണ് സുഹൈല്‍ ആടിനെ മുംബൈയിലെ ഡിയോനര്‍ അറവുശാലയില്‍ എത്തിച്ചത്. വഴിനീളെ ആടിനെ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു സുഹൈലിന്റെ യാത്ര.

“അജ്‌മേറില്‍ നിന്നും ഇവിടെയെത്താന്‍ നാലുദിവസമെടുത്തു. ഈ ആടിനെഞാന്‍ എന്റെ വീട്ടില്‍ വളര്‍ത്തിയതാണ്.” അദ്ദേഹം പറയുന്നു.

ബക്രീദിന് മുന്നോടിയായി 100,00,786 രൂപയായിരുന്നു ഈ ആടിന് സുഹൈല്‍ വിലയിട്ടിരുന്നു. വ്യാഴാഴ്ച വരെ ആയിരക്കണക്കിന് ആളുകളാണ് ഈ ആടിനെ കാണാനെത്തിയത്. പക്ഷേ ആരും ഇത് വാങ്ങിയില്ല. “കനത്ത മഴ മാര്‍ക്കറ്റ് ഇടിയാന്‍ കാരണമായി. എല്ലാ ഉപഭോക്താക്കളും ആടിന് വില കുറച്ചു ചോദിക്കുകയാണ്. വ്യാഴാഴ്ചത്തെ മഴയ്ക്ക് ആട് നനഞ്ഞിട്ടുണ്ടാവുമെന്നാണ് ഇവര്‍ പറയുന്നത്. പക്ഷെ ഞങ്ങളുടെ ആടിനെ ഞങ്ങള്‍ നനയാന്‍ അനുവദിച്ചിട്ടില്ല.” കപില്‍ പറയുന്നു.

മരത്തിന്റെ ഒരു ടേബിള്‍ ഉണ്ടാക്കി അതിനു മുകളിലാണ് സുഹൈല്‍ ആടിനെ സൂക്ഷിച്ചത്. “ഞാന്‍ നനഞ്ഞു, പക്ഷേ എന്റെ ആട് നനഞ്ഞില്ല.” സുഹൈല്‍ പറയുന്നു.

ഈദടുത്തതോടെ വ്യാഴാഴ്ചമുതല്‍ ഇവര്‍ വില കുത്തനെ കുറിച്ചു. “ഈദ് അടുത്തുവരികയാണ്. ഞങ്ങള്‍ക്ക് റിസ്‌ക് എടുക്കാനാവില്ല. ” സുഹൈലിന്റെ അച്ഛന്‍ പറയുന്നു. ഇപ്പോള്‍ 51 ലക്ഷംരൂപയാണ് ആടിന് വില.

രണ്ടുദിവസമായി നിരവധി മൗലവിമാരും ക്വാസിമാരും ആടിനെ തേടിയെത്തുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ആടിന്റെ കഴുത്തിലെ അള്ളാ എഴുത്തുകൊണ്ട് അവര്‍ അത്ഭുതപ്പെടുകയാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇവര്‍ വിലപേശലുകള്‍ തുടരുകയാണെന്നാണ് സുഹൈല്‍ പറയുന്നത്.