| Thursday, 11th May 2023, 6:31 pm

അവന്റെ കുടുംബത്തിന് ഒരുപാട് വിഷമമായിട്ടുണ്ടാകും; ഞാന്‍ അവരോട് മാപ്പ് പറയുന്നു: ജൂഡ് ആന്തണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആന്തണി വര്‍ഗീസ് പെപ്പെയോടും കുടുംബത്തിനോടും മാപ്പ് ചോദിച്ച് ജൂഡ് ആന്തണി ജോസഫ്. പെപ്പെക്കെതിരെ നടത്തിയ പരാമര്‍ശം മോശമായിപ്പോയെന്നും അതിന്റെ കുറ്റബോധത്തിലാണ് താനിപ്പോള്‍ ഉള്ളതെന്നും അദ്ദേഹം റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

താന്‍ വായിലെ നാക്ക് കൊണ്ട് നിരവധി ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രൊഡ്യൂസറുടെ കരച്ചില്‍ കണ്ടാണ് പെപ്പെക്കെതിരെ സംസാരിച്ചതെന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.

‘ഞാനങ്ങനെ വായിലെ നാക്ക് കൊണ്ട് ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. മിനിഞ്ഞാന്ന് കൂടി ഒരു ഇന്റര്‍വ്യൂവില്‍ പാവം പെപ്പേനെ ഞാന്‍ പറഞ്ഞിട്ട് അതിന്റെ ഒരു കുറ്റബോധത്തിലാണ് ഇരിക്കുന്നത്.

അവന്റെ പെങ്ങളുടെ കല്യാണം നടത്തിയത് സിനിമക്ക് അഡ്വാന്‍സ് വാങ്ങിച്ച കാശ് കൊണ്ടാണെന്ന് ഞാന്‍ പറയുകയും ചെയ്തു. പക്ഷേ അത് സത്യമാണോയെന്ന് പോലും എനിക്ക് അറിയാത്ത കാര്യമായിരുന്നു. അവന്റെ പെങ്ങളുടെ കല്യാണം കഴിഞ്ഞ് ആ സമയത്ത് അപ്പോള്‍ ഉറപ്പായും ഞാന്‍ വിചാരിച്ചു ഈ കാശ് കൊണ്ടായിരിക്കും നടത്തിയത്. എന്നിട്ട് ആ കാശ് പ്രൊഡ്യൂസര്‍ക്ക് തിരിച്ച് കൊടുത്തുവെന്ന് പറഞ്ഞു.

പക്ഷേ ഞാന്‍ പറഞ്ഞ ടോണും മാറിപ്പോയി, പറഞ്ഞ കാര്യവും വേണ്ടായിരുന്നു. അവന്റെ പെങ്ങള്‍ക്കും ഫാമിലിക്കുമൊക്കെ ഒരുപാട് വിഷമമായിട്ടുണ്ടാകും. ഉറപ്പായിട്ടും ആയിട്ടുണ്ടാകും. ഞാന്‍ അവരോട് മാപ്പ് പറയുകയാണ്.

ഞാന്‍ അവരെ വിളിച്ചിരുന്നു ഇത് പറയാനായിട്ട്. പക്ഷേ അവരുടെ ഫോണ്‍ കിട്ടിയില്ല. എങ്ങനെ എടുക്കാനാണ്. ഇത്രയും പറഞ്ഞിട്ട് ഒരാള് വിളിച്ചിട്ട് ചെന്ന് പറയുന്ന സമയത്ത് ആര് എടുക്കാനാണ്.

പേര് പറയണ്ടായിരുന്നു. ഞാനാ പ്രൊഡ്യൂസറെ മാത്രമേ ഓര്‍ത്തുള്ളൂ. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും പിള്ളേരുമൊക്കെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരെയോര്‍ത്ത് അത്രയെങ്കിലും പറയണ്ടേ എന്ന് വിചാരിച്ച് ഞാന്‍ പറഞ്ഞതാണ്. പക്ഷേ അത് ഉള്ളിലില്ലാത്ത ദേഷ്യം വെറുതേ ആവശ്യമില്ലാതെ പുറത്ത് വരികയെന്ന് പറയില്ലേ,

എനിക്ക് ഒരു ദേഷ്യവുമുണ്ടായിരുന്നില്ല. അത് ഭയങ്കര ചീപ്പായി പോയി. മോശായിപ്പോയി,’ ജൂഡ് പറഞ്ഞു.

അതേസമയം ജൂഡിന് മറുപടിയുമായി ആന്റണി വര്‍ഗീസും പ്രെസ് മീറ്റ് വിളിച്ച് ചേര്‍ത്തിരുന്നു. നിര്‍മാതാവിനെ പറ്റിച്ച പണം കൊണ്ടല്ല സഹോദരിയുടെ വിവാഹം നടത്തിയതെന്നും ആ പണം തിരിച്ചുകൊടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് കല്യാണാലോചന വന്നതെന്നും ആന്റണി പറഞ്ഞു.

സംഘടനകള്‍ ചേര്‍ന്ന് പറഞ്ഞുതീര്‍ത്ത പ്രശ്‌നമാണ് വീണ്ടും മുന്നിലേക്ക് കൊണ്ടുവന്നതെന്നും പ്രസ് മീറ്റില്‍ ആന്റണി വര്‍ഗീസ് പറഞ്ഞു. സ്വന്തം വിജയം മറ്റൊരാളെ തകര്‍ക്കാന്‍ ജൂഡ് ഉപയോഗിക്കുകയാണെന്നും തന്റെ അമ്മ അദ്ദേഹത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.

content highlight: His family will suffer a lot; I apologize to them: Jude Anthony

We use cookies to give you the best possible experience. Learn more