ഈ സിനിമ വിജയിച്ചില്ലെങ്കില്‍ എനിക്കിനി മമ്മൂക്കയുടെ വീട്ടില്‍ കയറാന്‍ പറ്റില്ല: നിര്‍മാതാവ് രാജശേഖരന്‍
Film News
ഈ സിനിമ വിജയിച്ചില്ലെങ്കില്‍ എനിക്കിനി മമ്മൂക്കയുടെ വീട്ടില്‍ കയറാന്‍ പറ്റില്ല: നിര്‍മാതാവ് രാജശേഖരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th September 2023, 4:36 pm

തന്റെ പുതിയ ചിത്രമായ പ്രാവ് വിജയിച്ചില്ലെങ്കിൽ മമ്മൂട്ടിയുടെ വീട്ടിൽ കയറാൻ പറ്റില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നിർമാതാവുമായ രാജശേഖരൻ. പ്രാവിന്റെ വിശേഷങ്ങൾ മൂവി വേൾഡ് മീഡിയയുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം. തനിക്കൊരു കോട്ടവും വരരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും സിനിമയിൽ തന്റെ താല്പര്യം ആത്മാർത്ഥമാണെകിൽ പൂർണ്ണ പിന്തുണ മമ്മൂക്ക നൽകുമെന്നും രാജശേഖരൻ കൂട്ടിച്ചേർത്തു.

‘അദ്ദേഹത്തോട് ഒരു കാര്യം അവതരിപ്പിക്കുമ്പോൾ നേരെ പോയി പറയത്തില്ല, വളരെ നൈസ് ആയ രീതിയിലാണ് പറയുക, ഞാൻ ഒരു സിനിമ പിടിക്കാൻ പോകാണ് ട്ടോ, അങ്ങനെയേ അവതരിപ്പിക്കാവു. കാരണം നേരെ പോയി പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ പുള്ളി ഇത്തിരി സമയമെടുക്കും റെസ്പോണ്ട് ചെയ്യാൻ. തമാശയായിട്ടാണ് ആദ്യം പുള്ളി വിചാരിച്ചിരുന്നത്. പിന്നെയും ഒരുപാട് വട്ടം ഞാൻ പറഞ്ഞു. അവസാനം ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നതെന്ന് പറഞ്ഞപ്പോൾ തനിക്ക് വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു മറുപടി.

ഈ ഫീൽഡിലേക്ക് വന്ന് കൈ പൊള്ളരുതെന്ന എന്നോടുള്ള സ്നേഹം കൊണ്ടും, എനിക്ക് തട്ട്കേട് ഉണ്ടാവരുതെന്ന കരുതൽ കൊണ്ടുമാണദ്ദേഹം അത്തരത്തിൽ പറഞ്ഞത്. സിനിമാ നിർമാണം വേണോ എന്ന് എന്നോട് പല പ്രാവശ്യം ചോദിച്ചു. വേണമെന്ന് തീർത്ത് പറഞ്ഞപ്പോൾ അതിന് ശേഷം എനിക്ക് വേണ്ട പ്രോത്സാഹനം തന്നു. പിന്നീടുള്ള ഓരോ കാര്യങ്ങളിലും അദ്ദേഹം എന്നെ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ വലിയ എക്സ്പീരിയൻസ് ഉണ്ടല്ലോ അതൊക്കെ എനിക്ക് പഠിക്കാൻ പറ്റി.


അദ്ദേഹം ടെസ്റ്റ് ചെയ്യുകയായിരുന്നു എനിക്ക് എത്രത്തോളം ഇതിൽ താത്പര്യമുണ്ടെന്ന്. എപ്പോഴും മമ്മൂക്ക ഒരു തമാശ കലർന്ന രീതിയിലേ പ്രതികരിക്കുകയുള്ളു. ഉദാഹരണത്തിന് തൃപ്തിയായില്ലേ എന്നൊക്കെ ചോദിക്കും. പക്ഷെ ഉള്ളിൽ സ്നേഹത്തോടു കൂടിയാണ് കാണുന്നത്.
ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നത് ഞങ്ങൾ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന സമയത്ത് ഒരു ഹോട്ടലിൽ വെച്ചാണ്. അങ്ങനെയുള്ള കാര്യങ്ങളൊക്കെ എനിക്ക് വളരെ സ്പെഷ്യലായിട്ട് ചെയ്ത് തരാറുണ്ട്. അതിൽ ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുകയാണ്. എനിക്ക് അത് പറയാൻ വാക്കുകൾ കിട്ടുന്നില്ല.  ഇത് വിജയിച്ചില്ലെങ്കിൽ എനിക്കവിടെ കയറാൻ പറ്റില്ല(ചിരി),’ രാജശേഖരൻ പറഞ്ഞു.

Content Highlight: His close friend and producer Rajasekaran said that if his new film Prav does not succeed, he will not be able to enter Mammootty’s house