തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ആവേശം. ജിതു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ബെംഗളൂരുവിലെ രംഗന്‍ എന്ന ഗ്യാങ്സ്റ്ററായാണ് ഫഹദ് എത്തുന്നത്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. വിഷു റിലീസായി എത്തിയ ചിത്രം ഒമ്പത് ദിവസം കൊണ്ട് 70 കോടിക്ക് മുകളില്‍ കളക്ട് ചെയ്തുകഴിഞ്ഞു.
ചിത്രത്തില്‍ ഫഹദിന് പുറമെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ ഹിപ്സ്റ്റര്‍, റോഷന്‍, മിഥുന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ ആവേശത്തില്‍ ഏറ്റവും പ്രയാസമുണ്ടാക്കിയ സീന്‍ ഏതെന്ന് വ്യക്തമാക്കി. ഒറ്റ ടേക്കിലെടുത്ത ആ സീനില്‍ എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യേണ്ടി വന്നത് വളരെ പാടായിരുന്നെന്ന് ഹിപ്സ്റ്റര്‍ വ്യക്തമാക്കി.
’20 പേരും ഒന്നിച്ച് നില്‍ക്കണമെന്ന് പറഞ്ഞ് ക്ലാസെടുക്കുന്ന ഒരു സീനുണ്ട്. ഒറ്റ ടേക്കിലെടുത്തതാ അത്. ആ സീനില്‍ എനിക്ക് ഒരുപാട് ആക്ടിവിറ്റീസ് ഉണ്ട്. ബുള്‍സൈ ഉണ്ടാക്കി അത് പ്ലേറ്റിലേക്കിട്ട് അടുത്ത മുട്ട പൊട്ടിച്ചൊഴിക്കണം, അതിന്റെ ഇടയില്‍ സിഗരറ്റ് വലിക്കണം. ഇതിന്റെ ഇടയില്‍ കൂടെ ഡയലോഗും പറയണം. മൂന്നുനാല് തവണ റീടേക്ക് പോയി ആ സീന്‍.
പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, ബുള്‍സൈ പൊട്ടാതെ പ്ലേറ്റിലേക്ക് മാറ്റണം. അയണ്‍ ബോക്‌സിലാണ് ബുള്‍സൈ ഉണ്ടാക്കുന്നത്. കറക്ടായിട്ട് അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുകയും വേണം. ഇത് രണ്ടും കറക്ടായിട്ട് കിട്ടിയാല്‍ കിട്ടി. അതായിരുന്നു അവസ്ഥ. ഇത് രണ്ടും ചെയ്ത് കഴിഞ്ഞ് മാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് ഡയലോഗ് പറഞ്ഞ് വരികയും വേണം. നല്ല പാടായിരുന്നു ആ സീന്‍,’ ഹിപ്സ്റ്റര്‍ പറഞ്ഞു.
Content Highlight: Hipster about the most retake scene in Aavesham