സാമ്യത ഒഴിവാക്കാന്‍ ചിത്രത്തിന്റെ പേര് മാറ്റി, മിന്നല്‍ മുരളി പ്രതീക്ഷിച്ച് തിയേറ്ററില്‍ വന്നാല്‍ പ്രേക്ഷകര്‍ നിരാശരാകും: ഹിപ്പ്‌ഹോപ്പ് തമിഴ
Film News
സാമ്യത ഒഴിവാക്കാന്‍ ചിത്രത്തിന്റെ പേര് മാറ്റി, മിന്നല്‍ മുരളി പ്രതീക്ഷിച്ച് തിയേറ്ററില്‍ വന്നാല്‍ പ്രേക്ഷകര്‍ നിരാശരാകും: ഹിപ്പ്‌ഹോപ്പ് തമിഴ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th June 2023, 7:16 pm

എ.ആര്‍.കെ. ശരവണന്റെ സംവിധാനത്തില്‍ ഹിപ്പ്‌ഹോപ്പ് തമിഴ ആദി നായകനായ വീരന്‍ റിലീസ് ചെയ്തിരിക്കുകയാണ്. തമിഴ്‌നാട്ടിലെ സൂപ്പര്‍ ഹിറോയുടെ കഥ പറഞ്ഞ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നപ്പോള്‍ തന്നെ മിന്നല്‍ മുരളിയുമായി താരതമ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരുചിത്രങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് സംവിധായകനും നടനും വ്യക്തമാക്കിയിരുന്നു.

മിന്നല്‍ മുരളി പ്രഖ്യാപിച്ച ദിവസം തങ്ങള്‍ അനുഭവിച്ച ആശങ്കകളെ പറ്റി പറയുകയാണ് ആദി. സംവിധായകന്‍ ശരവണന്‍ ഷോക്കായെന്നും അദ്ദേഹം ദീര്‍ഘ നാളുകളായി സ്‌ക്രിപ്റ്റില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും ആദി പറഞ്ഞു. മിന്നല്‍ മുരളിയുമായുള്ള സാമ്യത ഒഴിവാക്കാന്‍ തങ്ങള്‍ ചിത്രത്തിന്റെ പേര് മാറ്റിയെന്നും മിന്നല്‍ മുരളി പ്രതീക്ഷിച്ച് പ്രേക്ഷകര്‍ തിയേറ്ററിലേക്ക് വരേണ്ടെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ആദി പറഞ്ഞു.

‘മിന്നല്‍ മുരളി എന്ന മലയാളം സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തപ്പോള്‍ വലിയ നിരാശയും ആശങ്കയും ഉണ്ടായി. മിന്നല്‍ വീരന്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. അത് ഞങ്ങള്‍ തുടങ്ങാനിരിക്കുകയായിരുന്നു. തുടക്കത്തില്‍ ഞങ്ങളുടെ സംവിധായകന്‍ ശരവണന്‍ ഷോക്കായി. അദ്ദേഹത്തിന് വളരെ സങ്കടമായി. കാരണം അദ്ദേഹം ഈ സ്‌ക്രിപ്റ്റിന്റെ മേല്‍ ഒരുപാട് നാളുകളായി ചെലവഴിക്കുകയായിരുന്നു. അത് മികച്ചതാക്കാനുള്ള ശ്രമത്തിലായിരുന്നു.

മിന്നല്‍ മുരളി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആ സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫിനെ ശരവണന്‍ കോണ്‍ടാക്ട് ചെയ്തിരുന്നു. രണ്ട് സിനിമകളും വ്യത്യസ്തമാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ശരവണന് വളരെ സന്തോഷമായി.

ഞാന്‍ അപ്പോള്‍ ഒന്നിനെ പറ്റിയും ചിന്തിച്ചില്ല. എനിക്ക് ഈ സിനിമ ചെയ്യണമായിരുന്നു. കാരണം സ്‌ക്രിപ്റ്റ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അത് വെറുമൊരു സൂപ്പര്‍ ഹീറോ ചിത്രം മാത്രമല്ല. കാരണം അതില്‍ മറ്റ് ചില ഘടകങ്ങളും ഉണ്ട്. ഉദാഹരണത്തിന് തമിഴ് സംസ്‌കാരത്തിലുള്ള ദൈവങ്ങളെ പറ്റി ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

മിന്നല്‍ മുരളിയുമായിട്ടുള്ള താരതമ്യങ്ങള്‍ ഒഴിവാക്കാനായി മിന്നല്‍ വീരന്‍ എന്ന പേരിലെ മിന്നല്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പേര് കേട്ട് മറ്റൊരു മിന്നല്‍ മുരളി പ്രതീക്ഷിച്ച് തിയേറ്ററില്‍ വരുന്ന പ്രേക്ഷകര്‍ നിരാശരാകും. ഇത് അതില്‍ നിന്നും വ്യത്യസ്തമായ സിനിമയാണ്. പ്രത്യേകിച്ചും ശരവണന് ഒരു യുണീക് സ്റ്റൈലുണ്ട്. അദ്ദേഹം ഹ്യൂമറിന്റെ ഒരു ബ്രാന്‍ഡ് ആണ്,’ ആദി പറഞ്ഞു.

Content Highlight: hiphop thamizha Adi talks about the worries they felt on the day Minnal Murali announced