തമിഴിലെ മികച്ച റാപ് ഗായകരില്‍ ഒരാളാണ് ഹിപ്‌ഹോപ്പ് തമിഴ എന്നറിയപ്പെടുന്ന ആദി. റാപ് ഗായകനില്‍ നിന്ന് പിന്നീട് സംഗീതസംവിധായകനായും നടനായും സംവിധായകനായും മാറാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സുന്ദര്‍. സി സംവിധാനം ചെയ്ത ആമ്പളൈ എന്ന സിനിമയിലൂടെയാണ് ആദി സംഗീതസംവിധായകനാകുന്നത്.
പിന്നീട് തന്റെ ജീവിതകഥ ”മീസയേ മുറുക്ക്’ എന്ന പേരില്‍ എഴുതി സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഹിപ്‌ഹോപ്പ് തമിഴ.
ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ കണ്ടപ്പോള്‍ തനിക്ക് നല്ലൊരു ഫീലായിരുന്നു ലഭിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹിപ്‌ഹോപ്പ് തമിഴ.
‘മലയാളത്തില്‍ ഉസ്താദ് ഹോട്ടല്‍ എന്നൊരു സിനിമയുണ്ടല്ലോ. ആ സിനിമ കണ്ടപ്പോള്‍ എനിക്ക് നല്ലൊരു ഫീലായിരുന്നു ലഭിച്ചത്. ആ ഫീല്‍ എന്തായിരുന്നുവെന്ന് എനിക്ക് പറയാന്‍ അറിയില്ല. പക്ഷെ വല്ലാത്തൊരു ഫീലായിരുന്നു. മലയാളത്തില്‍ ഒരുപാട് സിനിമകള്‍ അത്തരം ഫീല് നല്‍കിയിട്ടുണ്ട്.
കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയും ഞാന്‍ കണ്ടിട്ടുണ്ട്. ആ സിനിമയില്‍ ഫഹദ് ഫാസില്‍ എക്‌സ്ട്രാ ഓര്‍ഡിനറിയായിരുന്നു. പിന്നെ അദ്ദേഹത്തിന്റെ ട്രാന്‍സ് എന്ന സിനിമയും ഞാന്‍ കണ്ടിരുന്നു. അതിന്റെ അവസാനം അദ്ദേഹം പതിയെ പതിയെ ഒരു ട്രാന്‍സ്‌ഫോര്‍മേഷന്‍ കാണിക്കുന്നുണ്ടല്ലോ. അതൊക്കെ ശരിക്കും എക്‌സ്ട്രാ ഓര്‍ഡിനറിയായിരുന്നു.
ആ പടത്തിന്റെ തോട്ട് പ്രോസസ് തന്നെ വ്യത്യാസമായിരുന്നു. ഇങ്ങനെയൊരു പടമോയെന്ന് നമ്മള്‍ ചിന്തിച്ചു പോകും. കുമ്പളങ്ങി നൈറ്റ്‌സും ഭയങ്കരമായിരുന്നു. നമ്മള്‍ സ്ഥിരമായി കാണുന്ന ഒരു കഥാപാത്രമായിരുന്നു ഫഹദിന്റേത്.
ഇവിടെ വാടായെന്ന് പറഞ്ഞ് തലയില്‍ തട്ടാന്‍ പറ്റുന്നത് പോലെയുള്ള കഥാപാത്രമാണ്. പക്ഷെ അതില്‍ ഒരു ഭയം കൊണ്ടുവന്നു. മികച്ച ഒരു സിനിമ തന്നെയാണ് കുമ്പളങ്ങി നൈറ്റ്‌സ്. പക്ഷെ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയൊക്കെ എനിക്ക് വേറെയൊരു ഫീല് തന്നെയാണ് തന്നത്. അത് എന്ത് ഫീലാണെന്ന് മാത്രം എനിക്ക് പറയാന്‍ അറിയില്ല,’ ഹിപ്‌ഹോപ്പ് തമിഴ പറഞ്ഞു.
Content Highlight: Hiphop Tamizha Talks About Usthad Hotel