Entertainment
സിനിമയില്‍ നിന്ന് ലഭിച്ച സമ്പാദ്യം മുഴുവന്‍ ഈ ചിത്രത്തിന് വേണ്ടി ചെലവാക്കി, ഇത് ഹിറ്റായാല്‍ മാത്രമേ അടുത്ത സിനിമയുള്ളൂ: ഹിപ് ഹോപ് തമിഴ ആദി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 17, 04:24 pm
Tuesday, 17th September 2024, 9:54 pm

തമിഴിലെ മികച്ച റാപ് ഗായകരില്‍ ഒരാള്‍ എന്ന നിലയില്‍ നിന്ന് സംഗീതസംവിധായകനായും പിന്നീട് നടനായും സംവിധായകനായും മാറിയ ആളാണ് ഹിപ് ഹോപ് തമിഴ എന്നറിയപ്പെടുന്ന ആദി. സുന്ദര്‍. സി സംവിധാനം ചെയ്ത ആമ്പളൈ എന്ന സിനിമയിലൂടെയാണ് ആദി സംഗീതസംവിധായകനാകുന്നത്. പിന്നീട് തന്റെ ജീവിതകഥ ‘മീസൈയ മുറുക്ക്’ എന്ന പേരില്‍ എഴുതി സംവിധാനം ചെയ്യുകയും പ്രധാനവേഷം ചെയ്യുകയും ചെയ്തു. സംഗീതസംവിധാനവും അഭിനയവും ഒരുപോലെ കൊണ്ടുനടക്കുകയാണ് ആദി.

ഇപ്പോഴിതാ തന്റെ ഡ്രീം പ്രൊജക്ടായ കടൈസി ഉലക പോര്‍ റിലീസിന് തയാറെടുക്കുകയാണ്. ചിത്രം എഴുതി സംവിധാനം ചെയ്തതും പ്രധാന വേഷത്തില്‍ എത്തുന്നതും ആദി തന്നെയാണ്. ഇതിനോടൊപ്പം ചിത്രത്തിന്റെ നിര്‍മാണ ചുമതലയും ആദി തന്നെയാണ് നിര്‍വഹിക്കുന്നത്. സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ച എല്ലാ സമ്പാദ്യവും ഈ പ്രൊജക്ടിന് വേണ്ടി ചെലവാക്കിയെന്ന് പറയുകയാണ് ആദി. തന്റെ ഇതുവരെയുള്ള എല്ലാ ഫോര്‍മാറ്റുകളും ഈ സിനിമയിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ആദി കൂട്ടിച്ചേര്‍ത്തു.

ഈ സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ച് വീണ്ടും ഇതുപോലുള്ള ബിഗ് ബജറ്റ് സിനിമകള്‍ ചെയ്യുമെന്നും ആദി പറഞ്ഞു. ഇത്ര വലിയ റിസ്‌ക് എടുക്കുമ്പോള്‍ അതില്‍ നിന്ന് ലാഭം കിട്ടുമെന്ന് ആഗ്രഹമുണ്ടെന്നും ആദി കൂട്ടിച്ചേര്‍ത്തു. തങ്ങളെക്കൊണ്ട് സിനിമ ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസം വന്നതിന് ശേഷമാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നും ആദി പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് ആദി ഇക്കാര്യം പറഞ്ഞത്.

‘അടിസ്ഥാനപരമായി ഞാന്‍ ഒരു ആര്‍ട്ടിസ്റ്റാണ്. എന്നെവെച്ച് സിനിമ ചെയ്യുന്ന പ്രൊഡ്യൂസറിന് ബിസിനസ്സാണ് പ്രധാനം. എന്നെ വെച്ച് സിനിമ എടുക്കുന്ന സംവിധായകന് അയാളുടെ ചിന്ത ഞാന്‍ സ്‌ക്രീനില്‍ പ്രതിഫലിപ്പിക്കുമെന്ന ചിന്തയുമായിരിക്കും. ഇതെല്ലാം ഞങ്ങള്‍ ഒരുമിച്ച് ചെയ്യുകയാണ്. എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയ എല്ലാ സമ്പാദ്യവും ഈ പ്രൊജക്ടിന് വേണ്ടി ചെലവാക്കിയിരിക്കുകയാണ്. ഇതുവരെയുള്ള എന്റെ എല്ലാ ഫോര്‍മാറ്റിനെയും ഈ സിനിമയില്‍ തകര്‍ത്തിട്ടുണ്ട്.

ഈ സിനിമയില്‍ നിന്ന് ലാഭം കിട്ടുകയാണെങ്കില്‍ അതുപയോഗിച്ച് ഭാവിയില്‍ വീണ്ടും ഇതുപോലുള്ള ബിഗ് ബജറ്റ് സിനിമകള്‍ തമിഴ് സിനിമക്ക് നല്‍കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, ഞങ്ങള്‍ പതിയെ പതിയെ ഉയര്‍ന്നുവരികയാണെന്ന്. ഞങ്ങളെക്കൊണ്ട് ഇത്രയും വലിയ സിനിമ ചെയ്യാന്‍ പറ്റുമെന്നുള്ള ആത്മവിശ്വാസം വന്നതിന് ശേഷമാണ് ഈ റിസ്‌ക് എടുക്കാന്‍ തീരുമാനിച്ചത്. പ്രേക്ഷകര്‍ ഇത് സ്വീകരിക്കുമെന്ന് ഉറപ്പാണ്,’ ആദി പറഞ്ഞു.

Content Highlight: Hip-hop Thamizha Aadhi about his dream project movie