| Friday, 20th September 2024, 9:24 pm

ആ സിനിമയുടെ ക്ലൈമാക്‌സില്‍ ഫഹദിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ കണ്ടിട്ട് അത്ഭുതപ്പെട്ടു: ഹിപ്‌ഹോപ് തമിഴ ആദി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പോലും ഏറെ പരിചിതനായ തമിഴ് റാപ് ഗായകരില്‍ ഒരാളാണ് ഹിപ്‌ഹോപ്പ് തമിഴ എന്നറിയപ്പെടുന്ന ആദി. റാപ് ഗായകന് പുറമെ സംഗീതസംവിധായകന്‍, നടന്‍, സംവിധായകന്‍ എന്നീ മേഖലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സുന്ദര്‍. സി സംവിധാനം ചെയ്ത ആമ്പളൈ എന്ന സിനിമയിലൂടെയാണ് ആദി സംഗീതസംവിധായകനാകുന്നത്. പിന്നീട് തന്റെ ജീവിതകഥ ”മീസയേ മുറുക്ക്’ എന്ന പേരില്‍ എഴുതി സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

മലയാളത്തിലെ സിനിമകള്‍ പലതും കാണാറുണ്ടെന്നും ഉസ്താദ് ഹോട്ടലാണ് തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയെന്നും ആദി പറഞ്ഞു. ഫഹദ് ഫാസിലിന്റെ സിനിമകള്‍ പലതും താന്‍ കാണാറുണ്ടെന്നും ട്രാന്‍സ് എന്ന സിനിമ തന്നെ അത്ഭുതപ്പെടുത്തിയെന്നും ആദി പറഞ്ഞു. ആ സിനിമയുടെ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ഫഹദിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ കണ്ട് ഞെട്ടിയെന്നും ആദി കൂട്ടിച്ചേര്‍ത്തു. എങ്ങനെയാണ് ആ സീന്‍ ചെയ്തതെന്ന് ആലോചിച്ച് അത്ഭുതപ്പെട്ടെന്നും ആദി പറഞ്ഞു.

അതുപോലെ കുമ്പളങ്ങി നൈറ്റ്‌സിലെ കഥാപാത്രവും തനിക്ക് ഇഷ്ടപ്പെട്ട ഒന്നാണെന്ന് ആദി കൂട്ടിച്ചേര്‍ത്തു. കുറച്ചധികം സൈക്കോത്തരം കൈയിലുള്ള കഥാപാത്രം അവസാനം ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സീനൊക്കെ ഗംഭീരമായിരുന്നെന്നും ആദി പറഞ്ഞു. തന്റെ ഡ്രീം പ്രൊജക്ടായ കടൈസി ഉലക പോര്‍ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ആദി ഇക്കാര്യം പറഞ്ഞത്.

‘മലയാളത്തിലെ സിനിമകള്‍ പലതും കാണാറുണ്ട്. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ ഉസ്താദ് ഹോട്ടലാണ്. ആ സിനിമ കണ്ടതിന് ശേഷം മനസിന് വല്ലാത്ത ഒരു ഫീലായിരുന്നു. ഫഹദിന്റെ സിനിമകളും ഞാന്‍ കാണാറുണ്ട്. അതില്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ട്രാന്‍സ് ആണ്. ആ സിനിമയിലെ ഫഹദിന്റെ പെര്‍ഫോമന്‍സ് കണ്ട് ഞെട്ടിയിട്ടുണ്ട്. എടുത്തുപറയുകയാണെങ്കില്‍ ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ആ ക്യാരക്ടറിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഗംഭീരമാണ്.

ആ സീനൊക്കെ എങ്ങനെയാണ് ചെയ്തതെന്ന് ആലോചിച്ചിട്ടുണ്ട്. അതുപോലെ കുമ്പളങ്ങി നൈറ്റ്‌സ്, ആ സിനിമയിലെ ഫഹദിന്റെ ക്യാരക്ടറും അടിപൊളിയാണ്. സ്വ്‌ലപം സൈക്കോ ആയിട്ടുള്ള ക്യാരക്ടറാണല്ലോ പുള്ളിയുടേത്. ക്ലൈമാക്‌സൊക്കെ ആകുമ്പോള്‍ പുള്ളിയുടെ പെര്‍ഫോമന്‍സ് വേറെ ലെവലാണ്. മികച്ചൊരു നടന്‍ തന്നെയാണ് ഫഹദ്,’ ആദി പറഞ്ഞു.

Content Highlight: Hip Hop Thamizha Aadhi about Fahadh’s performance in Trance movie

We use cookies to give you the best possible experience. Learn more