Entertainment
ആ പാട്ട് സ്ത്രീവിരുദ്ധമാണെന്ന് മനസിലായപ്പോള്‍ തന്നെ ഞാന്‍ മാപ്പ് പറഞ്ഞു: ഹിപ്‌ഹോപ് തമിഴ ആദി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 24, 07:25 am
Tuesday, 24th September 2024, 12:55 pm

തമിഴിലെ മികച്ച സംഗീതസംവിധായകരിലൊരാളാണ് ഹിപ്‌ഹോപ് തമിഴ എന്നറിയപ്പെടുന്ന ആദി. റാപ് സോങ്ങുകളിലൂടെ ശ്രദ്ധേയനായ ആദി,  സുന്ദര്‍. സി സംവിധാനം ചെയ്ത ആമ്പളയിലൂടെയാണ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. 2017ല്‍ റിലീസായ മീസൈയെ മുറുക്ക് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. തന്റെ ജീവിതകഥയാണ് മീസൈയെ മുറുക്കില്‍ ആദി പറഞ്ഞത്. ആദ്യകാലത്ത് താന്‍ ചിട്ടപ്പെടുത്തിയ ‘ക്ലബ്ബിലെ മബ്ബിലെ’ എന്ന പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് ആദി.

സ്ത്രീകള്‍ ക്ലബ്ബിലും പബ്ബിലും പോകുന്നത് നാടിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നാണ് ആ പാട്ടിലൂടെ ആദി പറഞ്ഞത്. ഇതേ ഗാനം മീസൈയെ മുറുക്കിലും ഉപയോഗിച്ചിരുന്നു. പാട്ടിന് പിന്നാലെ സ്ത്രീകളുടെ ചോയ്‌സിനെ അപമാനിക്കുന്ന തരത്തിലുള്ള പാട്ടാണ് ഇതെന്ന് പലരും വിമര്‍ശിച്ചിരുന്നു. ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് ആദി.

താന്‍ കോയമ്പത്തൂരിലെ സാധാരണ ഗ്രാമത്തിലാണ് വളര്‍ന്നതെന്ന് ആദി പറഞ്ഞു. ചെന്നൈ പോലൊരു വലിയ നഗരത്തില്‍ എത്തിയ തനിക്ക് പല കാഴ്ചകലും പുതിയതായിരുന്നുവെന്ന് ആദി കൂട്ടിച്ചേര്‍ത്തു.

പബ്ബിലും ബാറിലുമെല്ലാം സ്ത്രീകള്‍ വന്നിരുന്ന് മദ്യപിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും അതുകൊണ്ടാണ് അത്തരം കാര്യങ്ങള്‍ തമിഴ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് എഴുതിയതെന്ന് ആദി പറഞ്ഞു. എന്നാല്‍ പിന്നീട് തന്റെ ചിന്തകളാണ് തെറ്റെന്ന് തിരിച്ചറിഞ്ഞെന്നും മാപ്പ് പറഞ്ഞെന്നും ആദി കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട ഒരു സീന്‍ ‘ശിവകുമാറിന്‍ ശപഥം’ എന്ന സിനിമയില്‍ ഉണ്ടെന്നും ആദി പറഞ്ഞു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു ആദി.

‘ഞാന്‍ കോയമ്പത്തൂരിലെ ഒരു സാധരണ ഗ്രാമത്തിലാണ് വളര്‍ന്നത്. ചെന്നൈയിലെത്തിയപ്പോള്‍ കണ്ട പല കാഴ്ചകളും എനിക്ക് പുതിയതായിരുന്നു. അതിലൊന്നാണ് സ്ത്രീകള്‍ പബ്ബില്‍ മദ്യപിക്കുന്നതും ഡാന്‍സ് ചെയ്യുന്നതും. മുമ്പ് അത്തരം കാര്യങ്ങള്‍ കാണാത്തതുകൊണ്ട് എനിക്ക് ആദ്യമൊന്നും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ‘ക്ലബ്ബിലെ മബ്ബിലെ’ എന്ന പാട്ട് ഉണ്ടാക്കിയത്.

എന്നാല്‍ പിന്നീട് അതെല്ലാം ഓരോരുത്തരുടെയും പേഴ്‌സണല്‍ ചോയ്‌സാണെന്നും എന്റെ പാട്ട് സ്ത്രീവിരുദ്ധമാണെന്നും അറിഞ്ഞതോടെ ഞാന്‍ മാപ്പ് പറഞ്ഞിരുന്നു. ഞാന്‍ അഭിനയിച്ച ശിവകുമാറിന്‍ ശപഥം എന്ന സിനിമയില്‍ ഒരു സീനുണ്ട്. ‘ഓരോരുത്തര്‍ക്കും അവരുടേതായ പേഴ്‌സണല്‍ ചോയ്‌സുണ്ട്, അതിനെ ചോദ്യം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല’ എന്നാണ് അതിലെ ഡയലോഗ്.

ആര്‍ട്ടില്‍ നിന്നാണ് ഞാന്‍ ഓരോ കാര്യവും പഠിക്കുന്നത്. പണ്ട് ശരിയാണെന്ന് കരുതിയ പല കാര്യങ്ങളും തെറ്റായിരുന്നു എന്ന് ആര്‍ട്ടാണ് എനിക്ക് മനസിലാക്കി തന്നത്,’ ആദി പറഞ്ഞു.

Content Highlight: Hip-hop Thamizha Aadhi about Club la Mub la song