| Friday, 4th April 2014, 7:52 am

അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം നിരോധിക്കാന്‍ നീക്കം: രവി ഡി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കോട്ടയം: ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഗെയ്ല്‍ ട്രെഡ്‌വെലുമായുള്ള അഭിമുഖം, അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം കേരളത്തില്‍ നിരോധിക്കാന്‍ നീക്കം നടക്കുന്നതായി സൂചനയുണ്ടെന്ന് ഡി.സി ബുക്‌സ് പ്രസാധകര്‍ രവി ഡി.സി. പുസ്തകം സമുദായസ്പര്‍ധ വളര്‍ത്തുമെന്ന് ചൂണ്ടിക്കാണിച്ച് അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട ലീഗല്‍ അഡൈ്വസര്‍ വെള്ളിയാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറിയെ കാണുമെന്ന വിവരം ലഭിച്ചതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെലുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം് അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകത്തിന്റെ 5000 കോപ്പികളാണ് വിപണിയിലിറക്കിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ല. പകരം പ്രസാധകന് സംരക്ഷണം നല്‍കണം. മഠത്തെക്കുറിച്ച് പരാമര്‍ശമുള്ള പുസ്തകം ഇറക്കിയപ്പോള്‍ ആക്രമണം നേരിടേണ്ടിവന്ന സാഹചര്യത്തില്‍ എം.ടിയുടെ രണ്ടാമൂഴമോ ഒ.വി. വിജയന്റെ ധര്‍മപുരാണമോ ഇനി പ്രസിദ്ധീകരിക്കാന്‍ കഴിയില്ല. അക്രമങ്ങള്‍ക്കു പിന്നില്‍ മഠവുമായി ബന്ധപ്പെട്ടവരാണെന്ന് കരുതുന്നില്ല അദ്ദേഹം പറഞ്ഞു.

പുസ്തകം പ്രസിദ്ധീകരിക്കും മുമ്പ് അമൃതാനന്ദമയി മഠത്തില്‍നിന്ന് രണ്ടുപേര്‍ സമീപിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നെന്നും മഠത്തിന്റെ ആശയങ്ങള്‍ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെങ്കിലും പ്രസിദ്ധീകരിക്കാന്‍ തയാറാണെന്ന് തങ്ങള്‍ അറിയിച്ചെന്നും രവി വ്യക്തമാക്കി. ചെവ്വാഴ്ച ഡി.സി ബുക്‌സിന്റെ ഹെറിറ്റേജ് ഷോപ്പിനു നേരെയുണ്ടായ ആക്രമണം ആവേശത്തിന്റെ പുറത്താകുമെന്ന് കരുതി ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ലെന്നും തുടര്‍ന്ന് രാത്രി വീട്ടിലേക്ക് കല്ലേറുണ്ടായപ്പോഴാണ് താന്‍ പരാതിപ്പെട്ടതും രവി അറിയിച്ചു.

സംഭവത്തിനുശേഷം മഠത്തിന്റെ ദൂതന്‍ സംഭവത്തില്‍ പങ്കില്ലെന്ന് അറിയിച്ചു. തങ്ങള്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ ഡി.സി പുസ്തക പ്രദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. അവിടെ ഒരു പുസ്തകത്തിന് നേരെയും പ്രതിഷേധം ഉയര്‍ന്നിട്ടില്ല- രവി ഡി.സി പറഞ്ഞു.

കോട്ടയം ഗുഡ്‌ഷെപ്പേര്‍ഡ് റോഡിലെ ഡി സി ബുക്‌സ് ഹെറിറ്റേജ് ശാഖയില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഡി.സി ബുക്‌സിന്റെ ശാഖയിലെത്തിയ സംഘം പുസ്തകം വലിച്ചുകീറുകയും അമൃതാനന്ദമയീ അമ്മയ്‌ക്കെതിരെയുള്ള അപവാദപ്രചരണങ്ങളില്‍ നിന്ന് ഡി സി ബുക്‌സ് പിന്മാറുക എന്നെഴുതിയ പോസ്റ്റര്‍ പതിയക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more