|

പ്രളയക്കെടുതിയ്ക്ക് ശേഷം സംസ്ഥാനത്ത് എച്ച്.വണ്‍.എന്‍.വണ്‍ പടരുന്നു; കര്‍ശന നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രളയക്കെടുതിയ്ക്ക് ശേഷം സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പകര്‍ച്ചാവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത്. അത്തരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പകര്‍ച്ചാവ്യാധിയാണ് എച്ച് വണ്‍ എന്‍ വണ്‍.

പ്രളയാനന്തരം സംസ്ഥാനത്ത് നടത്തിയ പഠനത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ പടര്‍ന്നുപിടിക്കുന്നതായി കണ്ടെത്തിയതാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് ജില്ലയിലെ പലഭാഗത്തും രോഗം പടരുന്നതായും ജാഗ്രത നിര്‍ദ്ദേശം കൃത്യമായി പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ എച്ച് വണ്‍ എന്‍വണ്‍ രോഗംബാധിച്ചവര്‍ മറ്റ് ജില്ലകളിലേക്കാള്‍ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജടക്കം നിരവധി ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിച്ചതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.


പ്രളയക്കെടുതി; തകര്‍ന്നത് 522 സ്‌കൂളുകള്‍


സെപ്റ്റംബറില്‍ തന്നെ 53 പേരാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സ തേടിയെത്തിയത്. അതില്‍ മുപ്പത് പേര്‍ക്ക് പനി സ്ഥിരീകരിച്ചത് കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ്.

ഈ വര്‍ഷം ആകെ പരിഗണിച്ചാല്‍ കേരളത്തില്‍ 75 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിദഗ്ധരുടെ അഭിപ്രായത്തില്‍ പെട്ടെന്നുണ്ടായ പ്രളയവും അതേത്തുടര്‍ന്നുണ്ടായ അണുബാധകളുമാണ് രോഗം പടരാന്‍ കാരണമാകുന്നത്. പ്രളയത്തിന് ശേഷം സംസ്ഥാനത്തെ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ താറുമാറായതും കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളുമാണ് നിലവില്‍ രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

സംസ്ഥാനത്ത് ഭയപ്പെടേണ്ട സ്ഥിതിയില്ലെന്നാണ് ഡോക്ടറായ ജീനേഷ് പി.എസ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

ആരോഗ്യ വകുപ്പിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും കൃത്യമായ പരിശോധനയുടെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സ്ഥിതിയൊന്നും നിലനില്‍ക്കുന്നില്ല. സംസ്ഥാനത്ത് ഒരിടത്തും എച്ച് വണ്‍ എന്‍ വണ്‍ പൊട്ടിപ്പുറപ്പെട്ട അവസ്ഥ നിലനില്‍ക്കുന്നില്ല.

രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നല്ലാതെ ഇതുവരെ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കപ്പെടേണ്ടതാണ്- ജിനേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മനുഷ്യ ജീവന് തന്നെ ഭീഷണിയുയര്‍ത്തുന്ന രോഗമാണ് എച്ച് വണ്‍ എന്‍ വണ്‍. 2009-10 വര്‍ഷത്തില്‍ ലോകത്താകമാനം ഈ പനി പടര്‍ന്നുപിടിച്ചിരുന്നു.


പ്രളയബാധിത മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; കിണറുകളില്‍ കോളിഫോം ബാക്ടീരിയകളെന്ന് റിപ്പോര്‍ട്ടുകള്‍


ഇന്‍ഫ്‌ലുവെന്‍സ അ എന്ന ഗ്രൂപ്പില്‍ പെട്ട ഒരു വൈറസാണ്. സാധാരണ പന്നികളിലാണ് കൂടുതല്‍ ഈ അസുഖം കാണുന്നത്. പന്നികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളില്‍ എത്തുന്നത്. ഒരാളില്‍നിന്ന് മറ്റൊരാളിലെക്കും അസുഖം പകരും.

സാധാരണ ഒരു വൈറല്‍ പനിപോലെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ശ്വസിക്കുന്ന വായുവിലൂടെ അകത്തുകിടക്കുന്ന വൈറസ് ശ്വസനവ്യവസ്ഥയെ ആണ് ബാധിക്കുന്നത്. ഇവയൊക്കെയാണ് ലക്ഷണങ്ങള്‍

1. പനിയും ശരീരവേദനയും
2. തൊണ്ട വേദന, തലവേദന
3. ചുമ കഫമില്ലാത്ത വരണ്ട ചുമ
4. ക്ഷീണവും വിറയലും
5. ചിലപ്പോള്‍ ശര്‍ദിയും, വയറിളക്കവും

Related image

മിക്കവരിലും ഒരു സാധാരണ പനിപോലെ 4-5 ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍ ചിലരില്‍ അസുഖം ഗുരുതരമാവാന്‍ സാധ്യതയുണ്ട്. അത് തിരിച്ചറിയുകയും കൃത്യമായ ചികിത്സ നല്‍കുകയുമാണ് ചെയ്യേണ്ടത്.

അതേസമയം രോഗം പടര്‍ന്നു പിടിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദ്ദേശം. നിലവില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുക മാത്രം മതിയെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം. രോഗബാധിതരായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, അണുബാധ പ്രദേശങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കുകയെന്നിവയാണ് മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍.