ഗുജറാത്തിലെ ട്രെയിനുകളില്‍ പതിച്ചിരിക്കുന്ന ഹിന്ദുത്വ പോസ്റ്ററുകള്‍ പിന്‍വലിക്കണം: രാം പുനിയാനി
India
ഗുജറാത്തിലെ ട്രെയിനുകളില്‍ പതിച്ചിരിക്കുന്ന ഹിന്ദുത്വ പോസ്റ്ററുകള്‍ പിന്‍വലിക്കണം: രാം പുനിയാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2013, 1:28 pm

[]ഗുജറാത്ത്: ഗുജറാത്തിലെ ട്രെയിനുകളില്‍ പരക്കെ ഒട്ടിച്ച് വച്ചിരിക്കുന്ന വര്‍ഗീയ വിദ്വേഷം പരത്തുന്ന  തരത്തിലുള്ള ഹിന്ദുത്വ പോസ്റ്ററുകള്‍ക്കെതിരെ രാം പുനിയാനി.

ബലാല്‍സംഗ കേസിലും, അഴിമതിക്കേസിലും കൊലക്കുറ്റത്തിലുമെല്ലാം പ്രതികളായ സന്യാസിമാരടക്കമുള്ളവരാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നും അത്‌കൊണ്ട് തന്നെ ഇവ നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും രാം പുനിയാനി ആവശ്യപ്പെട്ടു.

പോസ്റ്റര്‍ പിന്‍വലിക്കണമെന്നും നിയമത്തിനധീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും ഓള്‍ ഇന്ത്യ സെക്കുലര്‍ ഫോറവും ആവശ്യപ്പെട്ടു.

ഹിന്ദു സന്ന്യാസിമാരായ ആസാറാം ബാപു, ബാബാ രാംദേവ്, നിത്യാനന്ദ, ശങ്കരാചാര്യ, കൃപാല്‍ജി മഹാരാജ് എന്നിവരുടെ വാക്യങ്ങളാണ് പോസ്റ്ററിലുള്ളത്. കൂടാതെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍സ്വാമിയുടെ അഭിപ്രായവും പോസ്റ്ററില്‍ ഉണ്ട്.

ബലാല്‍സംഗക്കേസില്‍ പ്രതിയായ ആസാറാം ബാപു കുറ്റം ചെയ്തിട്ടില്ലെന്നാണ് സുബ്രഹ്മണ്യന്‍സ്വാമി പോസ്റ്ററിലൂടെ പറയുന്നത്. ഹിന്ദു സമൂഹത്തെ വളഞ്ഞ് അക്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഹിന്ദു ആചാര്യന്മാരെയെല്ലാം പീഡിപ്പിക്കുകയാണെന്നും പോസ്റ്ററില്‍ പറയുന്നു.

ഹിന്ദുക്കള്‍ക്കെതിരെ ശക്തമായ ഗൂഢാലോചന നടക്കുന്നു. അതിന്റെ ഭാഗമായാണ് സന്ന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവരെ പീഡിപ്പിക്കുന്നത്. ഇത് ഹൈന്ദവ സംസ്‌കാരത്തിനെതിരെയുള്ള ആക്രമണമാണ്-പോസ്റ്റര്‍ ആരോപിക്കുന്നു.