ഹിന്ദുഭവനങ്ങളില്‍ ക്രിസ്തുമസ് നക്ഷത്രത്തിന് പകരം 'മകരനക്ഷത്രം' തൂക്കാന്‍ ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍
Kerala News
ഹിന്ദുഭവനങ്ങളില്‍ ക്രിസ്തുമസ് നക്ഷത്രത്തിന് പകരം 'മകരനക്ഷത്രം' തൂക്കാന്‍ ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd December 2020, 8:21 am

തിരുവനന്തപുരം: ഹിന്ദുക്കള്‍ ക്രിസ്തുമസ് നക്ഷത്രത്തിന് പകരം മകരനക്ഷത്രം തൂക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍. വിവിധ ഹിന്ദുത്വ പ്രൊഫൈലുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളുമാണ് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

‘മകരനക്ഷത്ര’ത്തിന്റെ ചിത്രവും ഇത് വാങ്ങുന്നതിനായി ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പറും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. ഹിന്ദു വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രം തൂക്കരുതെന്ന് ആഹ്വാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് താഴെ തന്നെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

കാവിഭാരതം, അഘോരി തുടങ്ങിയ വിവിധ ഗ്രൂപ്പുകള്‍ മകരനക്ഷത്രം ഉപയോഗിക്കാന്‍ ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘ഇത് എന്റെ സംരംഭം അല്ല ഒരു ഹിന്ദു സഹോദരന് വേണ്ടി നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.ഈ മകരവിളക്ക് കാലത്ത് (ക്രിസ്തുമസ് കാലത്ത്) നമ്മുടെ വീടുകളില്‍ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ക്ക് പകരം, ഉയരട്ടെ മകരനക്ഷത്രങ്ങള്‍…’ എന്നാണ് ഈ ഗ്രൂപ്പുകളിലെ പോസ്റ്റുകള്‍.

വളരെ നല്ല ആശയമാണെന്നും വില എത്രയാകുമെന്നും അന്വേഷിച്ച് പലരും കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. ഹിന്ദു വേദന അനുഭവിക്കുകയാണെന്നും മകരനക്ഷത്രം പോലെയുള്ള ആചാരങ്ങള്‍ രാമരാജ്യത്തിലേക്കുള്ള പടികളാണെന്നും ചിലര്‍ പറയുന്നു.


അതേസമയം മകരനക്ഷത്ര ആഹ്വാനത്തിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം സംഘി-ഹിന്ദുത്വ ആഹ്വാനങ്ങള്‍ കേരളത്തില്‍ നടപ്പാവില്ലെന്നും ഇങ്ങനെയുള്ള വര്‍ഗീയ പരാമര്‍ശങ്ങളെ വളരാന്‍ അനുവദിക്കരുതെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

‘ഇവിടെ ചിലവാകുമെന്ന് തോന്നുന്നില്ല ജീ… ഇത് കേരളമാണ്. ഞങ്ങള്‍ക്ക് റംസാനും വിഷുവും ക്രിസ്മസും ഓണവും എല്ലാം വേണം.,’ ‘മകരനക്ഷത്രത്തിന് ഒരു കിലോ ചാണകത്തിന്റെ വില മാത്രം മതി മിത്രമേ! മമധര്‍മക്കു വേണ്ടി വില കുറച്ചതാണ്.’ എന്നിങ്ങനെ പോസ്റ്റിനെ പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hindutwa groups asks Hindu families not to hang Christmas stars and urge them to use ‘Makara nakshtram’