ന്യൂദല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവില്‍ മുസ്‌ലിം പള്ളി ആക്രമിച്ച് ഹിന്ദുത്വവാദികള്‍. 200ലധികം പേരടങ്ങുന്ന സംഘമാണ് പള്ളിക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്. പള്ളിയില്‍ നമസ്‌കരിക്കുകയായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയും സംഘം ആക്രമിച്ചു.
ഗുഡ്ഗാവിലെ ബോറ കാലന്‍ ജില്ലയിലായിരുന്നു സംഭവം. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രദേശവാസിയായ സുബേധാര്‍ നജര്‍ മുഹമ്മദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
‘ ബുധനാഴ്ചയായിരുന്നു തര്‍ക്കം ആരംഭിച്ചത്. രാജേഷ് ചൗഹാരി (ബാബു), അനില്‍ ബദോരിയ, സഞ്ജയ് വ്യാസ് എന്നിവരുടെ നേതൃത്വത്തിലുള്ള 200 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിനെത്തിയത്. ഇവര്‍ പള്ളിയിലേക്ക് അതിക്രമിച്ച് കയറുകയും നമസ്‌കരിക്കുന്നവരെ ഗ്രാമത്തില്‍ നിന്ന് ബഹിഷ്‌ക്കരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു,’ മുഹമ്മദ് പറയുന്നു.
അതേ രാത്രി നമസ്‌കരിക്കുന്നതിനിടെ വീണ്ടും ഹിന്ദുത്വവാദികള്‍ എത്തിയെന്നും അവര്‍ നമസ്‌കരിക്കുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും മുറി അടച്ച് പോയതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
മുഹമ്മദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാജേഷ് ചൗഹാന്‍, അനില്‍ ബദോരിയ, സഞ്ജയ് വ്യാസ് എന്നിവര്‍ക്കെതിരെ കലാപം സൃഷ്ടിക്കല്‍, മതസ്പര്‍ധയുണ്ടാക്കല്‍, നിയമവിരുദ്ധമായി ഒത്തുചേരല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ആണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
‘2013ലാണ് പള്ളി ആരംഭിച്ചത്. അന്ന് പ്രദേശത്ത് മറ്റ് പള്ളികളൊന്നും ഉണ്ടായിരുന്നില്ല. ഹിന്ദുത്വവാദികള്‍ അന്നുമുതല്‍ക്കേ പള്ളിക്കെതിരെ നിന്നവരാണ്. അന്ന് നിര്‍മാണം തടയാനും ഇവര്‍ ശ്രമം നടത്തിയിരുന്നു. വെള്ളിയാഴ്ചകളില്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും നമസ്‌കാരത്തിന് ആളുകളെത്തും. അപ്പോഴും ഹിന്ദുത്വവാദികള്‍ അവരെ തടഞ്ഞുനിര്‍ത്തും, ഭീഷണിപ്പെടുത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും,’ പ്രദേശവാസിയായ ഷക്കീല്‍ പറഞ്ഞു.
‘കുറച്ച് ദിവസം മുമ്പ് മഴ പെയ്തപ്പോള്‍ ഞങ്ങള്‍ പള്ളിയുടെ മേല്‍ക്കൂര നന്നാക്കി പണിതിരുന്നു. അന്ന് നൂറുകണക്കിന് ഹിന്ദുത്വവാദികള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനെ ചോദ്യം ചെയ്തിരുന്നു.
പഞ്ചായത്ത് ഇടപെട്ടു. വിഷയത്തില്‍ അവരുടെ നിബന്ധനകള്‍ പാലിച്ച് മുന്നോട്ടുപോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. തര്‍ക്കിച്ച് നില്‍ക്കാന്‍ ഞങ്ങള്‍ താത്പര്യപ്പെടുന്നില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം ഹിന്ദുത്വവാദികള്‍ പ്രശ്‌നമുണ്ടാക്കിയ സമയത്ത് നാലു പേര്‍ മാത്രമായിരുന്നു പള്ളിയില്‍ നമസ്‌കാരത്തിനുണ്ടായത്. സ്ത്രീകളെ പോലും അവര്‍ ആക്രമിക്കുകയായിരുന്നു,’ഷക്കീല്‍ പറഞ്ഞു.
അതേസമയം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വസ്തുതകള്‍ പരിശോധിച്ചുവരികയാണെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ഗജേന്ദര്‍ സിങ് പറഞ്ഞു.
Last night, while offering Isha prayer at Bhura Kala village in Gurgaon, Hindutva goons from the same village attacked the worshipers inside the mosque while offering namaz, later they also attacked women outside the mosque. In which 4-5 people were injured. + pic.twitter.com/DuuxcsWDFQ