മതവികാരം വ്രണപ്പെടുത്തല്‍ തുടരുന്നു; താങ്ക് ഗോഡിനെ നിരോധിക്കണമെന്ന് ഹിന്ദുത്വവാദികള്‍
Entertainment news
മതവികാരം വ്രണപ്പെടുത്തല്‍ തുടരുന്നു; താങ്ക് ഗോഡിനെ നിരോധിക്കണമെന്ന് ഹിന്ദുത്വവാദികള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th September 2022, 11:49 am

കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോളിവുഡില്‍ ബോയ്‌ക്കോട്ട് ക്യാമ്പെയിന്‍ സജീവമായി തുടരുകയാണ്. നിരവധി സിനിമകള്‍ക്കെതിരെയാണ് ഹിന്ദുത്വവാദികള്‍ ബോയ്‌ക്കോട്ട് ആഹ്വാനവുമായി രംഗത്തെത്തിയത്.

അജയ് ദേവ്ഗണ്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, രാഹുല്‍ പ്രീത് സിങ് തുടങ്ങിയവര്‍ വേഷമിടുന്ന പുതിയ ചിത്രമായ ‘താങ്ക് ഗോഡ്’നെതിരെയും പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദുത്വവാദികള്‍. ചിത്രം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് അവര്‍ രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു ജനജാഗൃതി സമിതിയാണ് സിനിമ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
സംവിധായകന്‍ ഇന്ദ്രകുമാറിനും താരങ്ങള്‍ക്കുമെതിരെ സംഘം ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

സെപ്റ്റംബര്‍ ഒമ്പതിനാണ് സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. മരണാനന്തരം എല്ലാവരുടെയും പാപങ്ങളും പുണ്യങ്ങളും എണ്ണി തിട്ടപ്പെടുത്തുന്ന ചിത്രഗുപ്തനെയും ഒരാളുടെ ആത്മാവിനെ പിടികൂടുന്ന യമനെയും ആധുനിക വേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ട്രെയ്‌ലറില്‍ കാണാം. ഇതാണ് കര്‍ണാടകയിലെ ഹിന്ദു ജനജാഗൃതി സമിതിയെ ചൊടിപ്പിച്ചത്.

ട്രെയിലറില്‍ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുകയാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുവദിക്കാനാകില്ലെന്നും ഹിന്ദുത്വവാദികള്‍ പറഞ്ഞു.

‘അഭിനേതാക്കള്‍ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നതാണ് ട്രെയ്‌ലറില്‍ കണ്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഹിന്ദുമതത്തിലെ ചിത്രഗുപ്തനെയും യമദേവനെയും പരിഹസിക്കുന്നത് ഞങ്ങള്‍ ഒരിക്കലും സഹിക്കില്ല. ഈ ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നത് വരെ സെന്‍സര്‍ ബോര്‍ഡ് ഉറങ്ങുകയായിരുന്നോ?’- ഹിന്ദു ജനജാഗൃതി സമിതി ദേശീയ വക്താവ് രമേഷ് ഷിന്‍ഡെ ചോദിച്ചു.

സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഹിന്ദുത്വവാദി സംഘടന ആവശ്യപ്പെട്ടു. മതവികാരം വ്രണപ്പെടുത്തിയതിനാല്‍ സംസ്ഥാന- കേന്ദ്ര ആഭ്യന്തര മന്ത്രാലയങ്ങള്‍ ചിത്രം നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സിനിമയ്‌ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

നേരത്തെയും ബോളിവുഡ് സിനിമകള്‍ക്കെതിരെ ബോയ്‌ക്കോട്ട് ക്യാമ്പെയിനുകല്‍ നടന്നിരുന്നു. രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് ജോഡി പ്രധാന വേഷത്തിലെത്തിയ ബ്രഹ്‌മാസ്ത്രയായിരുന്നു ഹിന്ദുത്വവാദി ആക്രമണത്തിന്റെ അവസാന ഇര. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ താങ്ക് ഗോഡിനെ ലക്ഷ്യമിട്ട് സംഘം എത്തിയിരിക്കുന്നത്.

പുരി ജഗന്നാഥിന്റെ സംവിധാനത്തില്‍ വിജയ് ദേവരക്കൊണ്ട നായകനായെത്തിയ ലൈഗര്‍, അദ്വൈല്‍ ചന്ദ്രന്ഡ സംവിധാനം ചെയ്ത ലാല്‍ സിങ് ചദ്ദ, ആനന്ദ് എല്‍. റായ് സംവിദാനം ചെയ്ത രക്ഷ ബന്ധന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് നേരെയും സമീപകാലത്ത് ബോയ്‌ക്കോട്ട് ക്യാമ്പെയിനുകല്‍ നടന്നിരുന്നു.

Content Highlight: Hindutvawadi to boycott thank god movie