ന്യൂദല്‍ഹി: ഗ്യാന്‍വാപി കേസില്‍ ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജി നിലനില്‍ക്കുമെന്ന കോടതി വിധിയെ ആഘോഷമാക്കി ഹിന്ദുത്വവാദികള്‍. വാരാണസി കോടതിയുടെ ഉത്തരവില്‍ ഇന്ത്യയും ഹിന്ദുക്കളും സന്തോഷവാന്മാരാണെന്നാണ് ഹിന്ദുത്വ വാദികളുടെ പ്രതികരണം.
വിധി വന്നതിന് പിന്നാലെ ഏതാനും സ്ത്രീകള്‍ നൃത്തം ചെയ്ത് വിധിയെ ആഘോഷിക്കുന്നതിന്റെ വീഡിയോയും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാരാണസി കോടതിയുടെ വിധി ഹിന്ദുത്വവാദികള്‍ക്ക് വേണ്ടിയുള്ളതാണെന്നും സത്യങ്ങള്‍ വളച്ചൊടിക്കാനാകില്ലെന്ന് തെളിയിക്കുന്നതാണെന്നും ഹിന്ദുത്വവാദികള്‍ പറയുന്നു. വിധിക്ക് പിന്നാലെ ട്വിറ്ററിലും #Gyanvapiക്ക് കീഴില്‍ നിരവധി പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.
ഗ്യാന്‍വാപി മസ്ജിദിന്റെ ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് ഹരജി സമര്‍പ്പിച്ചത്. ഇവരുടെ ഹരജി പരിഗണിക്കുന്നതിനിടെ പള്ളിയില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍വേക്കെതിരെ മസ്ജിദ് കമ്മിറ്റി വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.
പള്ളിയില്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. സര്‍വേ നടത്താന്‍ അഭിഭാഷക സംഘത്തെ കോടതി നിയമിച്ചിരുന്നു. സര്‍വേക്കിടയിലും വിവിധ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും പിന്നീട് സംഘം സര്‍വേയുമായി മുന്നോട്ടുപോകുകയായിരുന്നു.
ഇതിനിടെ പള്ളിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി അഭിഭാഷകര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ അത് ശിവലിംഗമല്ലെന്നും കണ്ടെടുത്തത് മസ്ജിദിന്റെ നമസ്‌കാര സ്ഥലത്തുള്ള ഫൗണ്ടന്‍ ആണെന്നുമായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ പ്രതികരണം.
മസ്ജിദില്‍ നടന്ന സര്‍വേയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദ് പണ്ട് ഹിന്ദു ക്ഷേത്രമുണ്ടായിരുന്ന ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നത് എന്ന ഹിന്ദുത്വവാദികളുടെ ആരോപണം തെറ്റാണെന്നും ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.
1991ലെ ആരാധനാലയ നിയമപ്രകാരം സ്വാതന്ത്രം ലഭിച്ച സമയത്ത് സ്ഥിതി ചെയ്തിരുന്ന നിലയില്‍ ആരാധനാലയങ്ങളെ നിലനിര്‍ത്താനുള്ള നിയമമിരിക്കെ മസ്ജിദിനെതിരെ വരുന്ന ആരോപണങ്ങള്‍ ശരിവെക്കാനാകില്ലെന്നും നിലനില്‍ക്കില്ലെന്നും സുപ്രീം കോടതിയില്‍ ഹരജിക്കാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ വാദത്തെ പൊളിച്ചെഴുതിയായിരുന്നു പുതിയ വാരാണസി കോടതിയുടെ വിധി. ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജി നിലനില്‍ക്കുമെന്നാണ് വാരാണസി കോടതി പറഞ്ഞത്.
Content Highlight: Hindutvawadi’s celebrate gyanvapi case verdict, #gyanvapi hashtag viral in twitter