| Saturday, 25th February 2023, 8:38 pm

പശുവിനെ കടത്തിയെന്നാരോപിച്ച് ബിഹാറിലും ഹരിയാനയിലും മുസ്‌ലിങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വവാദികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശുവിറച്ചി കൈവശം വച്ചെന്നും, പശുവിനെ കടത്താന്‍ ശ്രമിച്ചെന്നും ആരോപിച്ച് ഹരിയാനയിലും, ബിഹാറിലും മുസ്‌ലിങ്ങള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഹരിയാന സ്വദേശികളായ സലീം, മുജാഹിദ്, ബിഹാര്‍ സ്വദേശിയായ അന്‍സാറുല്‍ ഷൈഖ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

രൂപ്‌രാക സ്വദേശികളായ സലീം, മുജാഹിദ് എന്ന രണ്ടു യുവാക്കളാണ് ഹരിയാനയില്‍ ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് ഇരയായത്. ഇരുവരും ഹരിയാനയിലെ മാന്‍പൂര്‍ ജില്ലയില്‍ മാംസം വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം.

തങ്ങളെ കണ്ടതോടെ ‘ഇവര്‍ മുസ്‌ലിങ്ങളാണ്’ എന്ന് ഒരാള്‍ ആക്രോശിച്ചെന്നും ഇതിന് പിന്നാലെ ആയുധങ്ങളുമായെത്തിയ സംഘം വളയുകയായിരുന്നുവെന്നും സലീമിനെ ഉദ്ധരിച്ച് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആള്‍ക്കൂട്ടം അടുക്കുന്നത് കണ്ടതോടെ വണ്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആക്രമിക്കപ്പെടുകയായിരുന്നുവെന്ന് സലീം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ കൈവശമുണ്ടായിരുന്ന വാച്ചും 50000 രൂപയും സംഘം കവര്‍ന്നതായും യുവാക്കള്‍ പറഞ്ഞു.

‘ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി രക്ഷപ്പെടാന്‍ നോക്കി. പക്ഷേ അപ്പോഴേക്കും അവര്‍ അടുത്തെത്തിയിരുന്നു. ദൂരെ നിന്ന് ആരോ അവരെ മുറിയിലേക്ക് കൊണ്ടുപോകാമെന്നും ഷോക്കടിപ്പിക്കാമെന്നും പറയുന്നത് കേട്ടു. തലയില്‍ വെട്ടാന്‍ വന്നപ്പോള്‍ കൈവെച്ച് തടുത്തിരുന്നു. അതുകൊണ്ട് ജീവന്‍ കിട്ടി.

ആക്രമണത്തിനിടെ ഏതോ ഹിന്ദുവായ വ്യക്തി തന്നെയാണ് ഞങ്ങളുടെ രക്ഷക്കെത്തിയത്. അദ്ദേഹം വന്ന് അക്രമികളോട് ഞങ്ങളെ ഉപദ്രവിക്കരുതെന്ന് പറഞ്ഞു. ആ സമയത്ത് അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു,’ സലീമും മുജാഹിദും പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മുണ്ഡ്കാനി പൊലീസില്‍ പരാതി നല്‍കിയതായി സലീം പറഞ്ഞിരുന്നുവെന്നും എന്നാല്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ അത്തരം സംഭവം നടന്നിട്ടില്ലെന്നായിരുന്നു പൊലീസിന്റെ വാദമെന്നും സിയാസത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഫെബ്രുവരി 20ന് ബിഹാറില്‍ 58കാരനായ മുസ്‌ലിം പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബീഫ് കൈവശം വച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

വീഡിയോയില്‍ വൃദ്ധന്‍ കൈവശമുള്ളത് പശുവിറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നും പറയുന്നത് കാണാം.

അറസ്റ്റിന് പിന്നാലെ അന്‍സാറുല്‍ ഷൈഖിനെ കോടതിയില്‍ ഹാജരാക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നിലവില്‍ ഇദ്ദേഹം മോടിഹാരി ജയിലിലാണ്.

അതേസമയം മാംസം തുടര്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലം വന്ന ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നുമാണ് പൊലീസിന്റെ നിലപാട്.

Content Highlight: Hindutvawadi Attack against muslims in Haryana and bihar

We use cookies to give you the best possible experience. Learn more