ന്യൂദല്‍ഹി: മുസ്‌ലിം പെണ്‍കുട്ടികളോട് ഹിന്ദു ആണ്‍കുട്ടികളെ വിവാഹം ചെയ്യണമെന്ന ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍. ഹിന്ദുത്വ അനുകൂല ചാനലായ സുദര്‍ശന്‍ ടി.വിയുടെ എഡിറ്റര്‍ ഇന്‍ – ചീഫ് സുരേഷ് ചാവങ്കെയാണ് ഇത്തരത്തില്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തരത്തില്‍ വിവാഹം നടക്കുന്നതിലൂടെ മുസ്‌ലിം പെണ്‍കുട്ടികള്‍ മതം മാറിയാല്‍ ഹിന്ദു വിഭാഗത്തിനുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചും ചാവങ്കെ തന്റെ വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.
നിരവധി മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിന്ദു ആണ്‍കുട്ടികളുമായി പ്രണയത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
ഹിന്ദു ആണ്‍കുട്ടികളെ വിവാഹം ചെയ്താല്‍ കുുട്ടികളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാകേണ്ടി വരില്ലെന്നും ആരുടേയും രണ്ടാം ഭാര്യയാകേണ്ടി വരില്ലെന്നും ചാവങ്കെ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
‘നിങ്ങള്‍ ഹിന്ദുക്കളെ വിവാഹം കഴിച്ച് ഹിന്ദുവായാല്‍ വിവാഹമോചനം നേരിടേണ്ടി വരില്ലെന്ന് ഞാന്‍ ക്യാമറക്ക് മുന്നില്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ ‘ശിശു ഉത്പാദന ഫാക്ടറി’ ആകേണ്ടതില്ല. ഒരാളുടെ രണ്ടാം ഭാര്യയാകില്ല,’ എന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.
ഭാവിയില്‍ ഇന്ത്യ എന്തായാലും ഹിന്ദുരാഷ്ട്രമാകുമെന്നും അദ്ദേഹം പറഞ്ഞു.
പലപ്പോഴും വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ് സുരേഷ് ചാവങ്കെ. തീവ്രഹിന്ദുത്വ നിലപാടുകള്‍ തന്നെയാണ് സുദര്‍ശന്‍ ടി.വിയിലൂടെയും പുറത്തിറക്കുന്നത്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി നിലനിര്‍ത്താന്‍ കൊലചെയ്യാന്‍ തയ്യാറാകണമെന്ന് ഇയാള്‍ കഴിഞ്ഞ വര്‍ഷം പ്രസംഗിച്ചത് വിവാദമായിരുന്നു.
Content Highlight: Hindutvawadi asks muslim girls to marry hindu boys