| Saturday, 13th August 2022, 2:23 pm

അഹിന്ദുക്കള്‍ക്ക് വോട്ടില്ല, തലസ്ഥാനം വാരണാസി, നിയമവ്യവസ്ഥ ദ്വാപരയുഗത്തിലേതു പോലെ; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി ഹിന്ദുത്വവാദികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ഭരണഘടന തയ്യാറാക്കുകയാണെന്ന പ്രഖ്യാപനവുമായി
ഹിന്ദു രാഷ്ട്ര നിര്‍മാണ്‍ സമിതി അംഗവും ശങ്കരാചാര്യ പരിഷത്ത് പ്രസിഡന്റുമായ സ്വാമി ആനന്ദ് സ്വരൂപ്.

ഇതിന്റെ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത മാഗ് മേളയോട് അനുബന്ധിച്ച് നടക്കുന്ന ധരം സന്‍സദില്‍ ഇത് അവതരിപ്പിക്കുമെന്നും സ്വരൂപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 750 പേജുകളുള്ള ഭരണഘടനയാണ് ഹിന്ദുരാഷ്ട്രത്തിനായി സംഘം തയ്യാറാക്കുന്നത്. 30 പേരടങ്ങുന്ന സംഘമായിരിക്കും ഹിന്ദുരാഷ്ട്രത്തിനായുള്ള ഭരണഘടന തയ്യാറാക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന മാഗ് മേളയില്‍ നടന്ന ധരംസന്‍സദില്‍ ഹിന്ദുരാഷ്ട്രത്തിന് വേണ്ട ഭരണഘടന തയ്യാറാക്കുമെന്ന പ്രമേയം പാസാക്കിയിരുന്നു. 2023ലെ മേളയില്‍ അത് അവതരിപ്പിക്കുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു.

അഹിന്ദുക്കള്‍ക്ക് വോട്ടവകാശം നിഷേധിക്കുക, തേത്രായുഗത്തിലേയും ദ്വാപരയുഗത്തിലേയും നിയമങ്ങള്‍ നടപ്പിലാക്കും തുടങ്ങിയ കാര്യങ്ങളാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തുക.

ഹിന്ദു രാഷ്ട്ര നിര്‍മാണ്‍ സമിതി തലവന്‍ കമലേശ്വര്‍ ഉപാധ്യായ, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബി.എന്‍ റെഡ്ഡി, പ്രതിരോധ വിദഗ്ധന്‍ ആനന്ദ് വര്‍ധന്‍, സനാതന്‍ ധര്‍മ്മ പണ്ഡിതന്‍ ചന്ദ്രമണി മിശ്ര, വേള്‍ഡ് ഹിന്ദു ഫെഡറേഷന്‍ പ്രസിഡന്റ് അജയ് സിങ് തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയാണ് ഭരണഘടന തയ്യാറാക്കുന്നതിന് വേണ്ടി നിയമിച്ചിരിക്കുന്നത്.

വിദ്യാഭ്യാസം, പ്രതിരോധം, ക്രമസമാധാനം, വോട്ടിങ് സമ്പ്രദായം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി 32 പേജുകള്‍ ഇതുവരെ തയ്യാറാക്കിയതായി ആനന്ദ് സ്വരൂപ് പറഞ്ഞു.

രാജ്യത്തിന്റെ തലസ്ഥാനം ദല്‍ഹി മാറ്റി വാരണാസി ആക്കുമെന്ന് ഭരണഘടനയില്‍ പറുന്നുണ്ട്. കാശിയില്‍ മത പാര്‍ലമെന്റ് സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ‘അഖണ്ഡ് ഭാരത്’ മാപ്പ് കരട് പദ്ധതിയുടെ മുഖപേജില്‍ കൊടുത്തിട്ടുണ്ട്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, മ്യാന്‍മര്‍ തുടങ്ങി ഇന്ത്യയില്‍ നിന്ന് വേര്‍പെട്ട രാജ്യങ്ങള്‍ ഹിന്ദുരാഷ്ട്രയില്‍ ഒരുനാള്‍ ലയിക്കുമെന്ന് കാണിക്കാനാണ് ഇത് ഉള്‍പ്പെടുത്തിയതെന്ന് ആനന്ദ് സ്വരൂപ് പറഞ്ഞു.

അഹിന്ദുക്കള്‍ക്കുള്ള വോട്ടവകാശവും പുതിയ ഭരണഘടന പ്രകാരം നിര്‍ത്തലാക്കും. എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും രാജ്യത്ത് ജീവിക്കാനുള്ള അവകാശം ഉണ്ടായിരിക്കും. പൗരന്റെ എല്ലാ അവകാശങ്ങളും നല്‍കുമെങ്കിലും രാജ്യത്ത് മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വോട്ടവകാശം നല്‍കില്ലെന്നും സ്വരൂപ് പറയുന്നു.

‘ഏതൊരു സാധാരണ പൗരനും ചെയ്യുന്നത് പോലെ തങ്ങളുടെ ബിസിനസ് ചെയ്യാനും ജോലി നേടാനും വിദ്യാഭ്യാസം നേടാനും അനുവദിക്കും. എന്നാല്‍, അവര്‍ക്ക് വോട്ട് ചെയ്യാനുള്ള പൗരാവകാശം ഉണ്ടാവില്ല,’ സ്വരൂപ് പറഞ്ഞു.

നിലവില്‍ രാജ്യത്ത് പിന്തുടരുന്ന ബ്രിട്ടീഷ് നിയമങ്ങള്‍ പിന്‍വലിക്കുമെന്നും
ത്രേതായുഗത്തിലേയും ദ്വാപരയുഗത്തിലേയും ശിക്ഷാ സമ്പ്രദായത്തില്‍ അധിഷ്ഠിതമായിരിക്കും നീതിന്യായ വ്യവസ്ഥയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുരുകുല സമ്പ്രദായം പുനരുജ്ജീവിപ്പിക്കുമെന്നും, ആയുര്‍വേദം, ഗണിതം, നക്ഷത്രം, ഭൂഗര്‍ഭം, ജ്യോതിഷം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാഭ്യാസം നല്‍കുമെന്നും സ്വരൂപ് പറഞ്ഞു. ഓരോ പൗരനും നിര്‍ബന്ധിത സൈനിക പരിശീലനം ഏര്‍പ്പാടാക്കും. കൃഷി പൂര്‍ണമായും നികുതിരഹിതമാക്കുമെന്നും ആനന്ദ് സ്വരൂപ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Hindutvas are ready to make india a hindu rashtra, says report

We use cookies to give you the best possible experience. Learn more