| Tuesday, 2nd August 2022, 9:04 pm

അക്ഷയ് കുമാറിനും രക്ഷയില്ല; പുതിയ ചിത്രത്തിനെതിരെ ക്യാമ്പെയിന്‍ ശക്തമാക്കി ഹിന്ദുത്വവാദികള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഗസ്റ്റ് പതിനൊന്നിന് തിയേറ്ററുകളില്‍ ഒരുമിച്ചെത്തുന്ന ചിത്രങ്ങളാണ് ആമീര്‍ ഖാന്റെ ‘ലാല്‍ സിങ് ചദ്ദ’യും അക്ഷയ് കുമാറിന്റെ ‘രക്ഷാ ബന്ധനും’. ആമീര്‍ ഖാന്‍ ചിത്രം ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള ഹാഷ്ടാഗ് ക്യാമ്പെയിനുകള്‍ ട്വിറ്ററില്‍ നേരത്തെ മുതല്‍ക്കേ സജീവമാണ്. ഇപ്പോള്‍ അക്ഷയ് കുമാര്‍ ചിത്രം ‘രക്ഷാ ബന്ധന്‍’ ബഹിഷ്‌ക്കരിക്കാനും ആഹ്വാനം ചെയ്തുള്ള ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ സജീവമാകുന്നത്.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് കനിക ധില്ലന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കിയാണ് ചിത്രം ബഹിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരിക്കുന്നത്. പൗരത്വ ബില്‍, പശുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളോട് അതൃപ്തി അറിയിച്ചുകൊണ്ട് കനിക പോസ്റ്റിട്ടിരുന്നു. ഇത് കുത്തിപ്പൊക്കിയാണ് നിലവില്‍ ഒരുകൂട്ടം ആളുകള്‍ ചിത്രം ബഹിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

കനികയും ഭര്‍ത്താവ് ഹിമാന്‍ഷു ശര്‍മ്മയും ചേര്‍ന്നാണ് സഹോദരിമാര്‍ക്ക് നല്ല ഭാവി ഉറപ്പാക്കാന്‍ ജീവിതം ത്യജിക്കാന്‍ തയ്യാറായ ജ്യേഷ്ഠന്റെ കഥ പറയുന്ന രക്ഷാ ബന്ധന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

അക്ഷയ് കുമാറിന് പുറമെ ഭൂമി പെഡ്നേക്കര്‍, സഹെജ്മീന്‍ കൗര്‍, ദീപിക ഖന്ന, സാദിയ ഖത്തീബ്, സ്മൃതി ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ആനന്ദ് എല്‍. റായ് ആണ് ചിത്രത്തിന്റെ സംവിധാനം.

അതേസമയം ലാല്‍ സിങ് ചദ്ദ ബഹിഷ്‌ക്കരിക്കാനുള്ള ക്യാമ്പെയിന്‍ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും ആളുകള്‍ തന്റെ സിനിമ കാണണമെന്നും ആമീര്‍ ഖാന്‍ പറഞ്ഞിരുന്നു. ടോം ഹാങ്ക്സ് നായകനായ ഫോറസ്റ്റ് ഗമ്പിന്റെ ഔദ്യോഗിക ഹിന്ദി റീമേക്ക് ആയ ലാല്‍ സിംഗ് ചദ്ദയില്‍ കരീന കപൂര്‍ ഖാനും നാഗ ചൈതന്യയും ആണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

Content Highlight: Hindutvas against akshay kumar movie after aamir khan’s

Latest Stories

We use cookies to give you the best possible experience. Learn more