| Friday, 6th January 2023, 8:02 pm

'സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിന് എതിര്'; സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി ഹിന്ദു ഐക്യമുന്നണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട ഹരജികള്‍ പരിഗണിക്കവെ സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി ഹിന്ദുത്വവാദികള്‍.

സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്നും സുപ്രീം കോടതി ഹരജികള്‍ കേള്‍ക്കരുതെന്നുമാവശ്യപ്പെയിരുന്നു ഹിന്ദു ഐക്യമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംഘടനയുടെ പ്രസിഡന്റ് ജയ് ഭഗവാന്‍ ഗോയലിന്റെ നേതൃത്വത്തിലായിരുന്നു ഇവരുടെ പ്രതിഷേധം.
ഇതിനെതിരെ ചലച്ചിത്ര സംവിധായകനും ക്യൂര്‍ ആക്ടിവിസ്റ്റുമായ ഒനിര്‍ രംഗത്തെത്തി. ‘ഒരു കൂട്ടം വിദ്വേഷികള്‍, ഇവര്‍ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും എതിരാണ്. ഇവരെ ജയിലില്‍ അടയ്ക്കണം,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

സ്വവര്‍ഗ വിവാഹത്തിനെതിരെ സുപ്രീം കോടതിയുടെ കവാടത്തിന് മുന്നില്‍ യുണൈറ്റഡ് ഹിന്ദു മുന്നണി നടത്തുന്ന പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

അതേസമയം, സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളിലുള്ള എല്ലാ ഹരജികളും സുപ്രീംകോടതി ഒറ്റ ഹരജിയായി പരിഗണിക്കാന്‍ തീരുമാനിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ഹരജികള്‍ മാര്‍ച്ച് 13നാണ് കോടതി പരിഗണിക്കുക. ഫെബ്രുവരി 15നകം വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

കേരളം, ഗുജറാത്ത്, ദല്‍ഹി ഹൈക്കോടതികളിലാണ് വിഷയുമായി ബന്ധപ്പെട്ട ഹര്‍ജികളുള്ളത്. ഇവയെല്ലാം ഏറ്റെടുത്ത് ഇനി വിധി പറയുന്നത് സുപ്രീം കോടതിയാകും. സ്വവര്‍ഗ വിവാഹത്തെ സ്പെഷ്യല്‍ മാരേജ് ആക്ടില്‍ ഉള്‍പ്പെടുത്തി നിയമ വിധേയമാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

Content Highlight:  Hindutvaists staged a protest in front of the Supreme Court hearing petitions seeking legalization of same-sex marriage

We use cookies to give you the best possible experience. Learn more