ലഖ്നൗ: യു.പിയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ലുലു മാളിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍. മാളിലേത് എന്ന പേരില്‍ മുസ്‌ലിം വിശ്വാസികള്‍ നമസ്‌കരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചായിരുന്നു വിദ്വേഷ പ്രചരണം.
മാളില്‍ നമസ്‌കാരം നടന്നെന്നും മാള്‍ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും സംഘടന ആരോപിച്ചു. മാള്‍ നിര്‍മിക്കാന്‍ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സനാതന ധര്‍മം ആചരിക്കുന്നവര്‍ മാള്‍ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
‘മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈയിടെ തുറന്നുകൊടുത്ത ലുലുമാളില്‍ മുസ്‌ലിങ്ങള്‍ നമസ്‌കരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. മാളിലെ പുരുഷ ജീവനക്കാരെല്ലാം മുസ്‌ലിങ്ങളും വനിതാ ജീവനക്കാരെല്ലാം ഹിന്ദുക്കളുമാണ്,’ എന്നാണ് തീവ്ര ഹുന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്.
മാളില്‍ നമസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് മഹാസഭ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പ്രസ്താവനയില്‍ പറഞ്ഞു. മാളില്‍ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വിവരങ്ങള്‍ ട്വറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
ആര്‍.എസ്.എസ് മുഖവാരികയായ ‘ഓര്‍ഗനൈസര്‍’ അടക്കമുള്ള തീവ്രവലതുപക്ഷ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നമസ്‌കാരത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ലുലു മാള്‍ ലഖ്നൗ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിങ്ങാണ്. അതേസമയം, വീഡിയോയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് മാള്‍ അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മാള്‍ ആളുകള്‍ക്കായി തുറന്നുകൊടുത്തത്. 22 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ലഖ്നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാള്‍. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് മാളിന്റെ സവിശേഷത.
CONMTENT HIGHLIGHTS: Hindutvaists spread hate propaganda against Lulu Mall in UP; Call for boycott,