ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളിക്കും വിശ്വാസികള്‍ക്കും നേരെ ഹിന്ദുത്വ അക്രമം. ജി.ടി.ബി എന്‍ക്ലേവിലെ ചര്‍ച്ചില്‍ ഞായറാഴ്ചയാണ് അക്രമമുണ്ടായത്.
20 അംഗ സംഘം പള്ളിയിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പരാതി. ഞായറാഴ്ച രാവിലെ 10.40 മണിക്ക് പ്രാര്‍ഥനാ യോഗത്തിനിടെയാണ് സംഭവമെന്ന് ചര്‍ച്ചിലെ പാസ്റ്റര്‍ സത്പാല്‍ ഭാട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ജയ് ശ്രീറാം മുദ്രാവാക്യം വിളികളോടെ പള്ളിക്കകത്തേക്ക് കടന്ന അക്രമി സംഘം ബൈബിള്‍ കീറാന്‍ ശ്രമിക്കുകയും സ്ത്രീകളടക്കമുള്ള വിശ്വാസികളെ വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ആര്‍.എസ്.എസിന്റെയും ബജ്‌റംഗ്ദളിന്റെയും പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് പാസ്റ്റര്‍ പറയുന്നു. സമീപകാലത്തൊന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും സ്വന്തം ഇടത്ത് പോലും സുരക്ഷ ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് അക്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ ബജ്‌റംഗ്ദള്‍, രാഷ്ട്രീയ സ്വയംസേവക് സംഘ്, വിശ്വഹിന്ദു പരിഷത്ത് എന്നിവയില്‍ നിന്നുള്ള നൂറോളം വരുന്ന ഒരു വലിയ ആള്‍ക്കൂട്ടം പുറത്ത് തടിച്ചുകൂടി ജയ് ശ്രീറാം എന്ന് വിളിച്ചുവെന്ന് പാസ്റ്ററെ ഉദ്ധരിച്ചുള്ള ദി വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമികള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 323, 452, 295, 296, 298, 354, 153എ എന്നിവ പ്രകാരം പൊലീസ് കേസെടുത്തിട്ടുള്ളത്.
Content Highlight: Hindutva violence against Christian church and devotees in national capital