|

കർണാടകയിൽ ഇസ്രഈലി വനിതയും ഹോംസ്റ്റേ ഉടമയും കൂട്ടബലാത്സംഗത്തിനിരയായ സംഭവം; ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ഹിന്ദുത്വ വാദികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കർണാടകയിൽ ഇസ്രഈലി വനിതയും ഹോംസ്റ്റേ ഉടമയും കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ഹിന്ദുത്വ വാദികൾ. കർണാടകയിലെ ഗംഗാവതിയിലെ സനാപൂർ തടാകത്തിന് സമീപമാണ് 27 കാരിയായ ഇസ്രഈൽ ടൂറിസ്റ്റും ഹോംസ്റ്റേ ഉടമയും ഉൾപ്പെടെ രണ്ട് സ്ത്രീകളെ ചിലർ ക്രൂരമായി ആക്രമിച്ച് കൂട്ടബലാത്സംഗം ചെയ്തത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ, ഇന്ത്യൻ മുസ്‌ലിങ്ങൾക്കെതിരെ ഹിന്ദുത്വ വാദികൾ അപകടകരമായ  വിദ്വേഷ പ്രചാരണം ആരംഭിച്ചു.

തീവ്ര ഹിന്ദുത്വവാദികൾ ഇസ്രഈലി യുവതി ബലാത്സംഗത്തിനിരയായത് പ്രത്യേകം എടുത്തുകാണിക്കുകയും കുറ്റകൃത്യത്തെ ഇസ്രഈൽ-ഫലസ്തീൻ സംഘർഷവുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഫലസ്തീനിലെ മുസ്‌ലിങ്ങൾക്ക് വേണ്ടി ഇസ്രഈലിനോടുള്ള പ്രതികാരമായാണ് ഇന്ത്യൻ മുസ്‌ലിങ്ങൾ ഈ കുറ്റകൃത്യം ചെയ്തതെന്ന് അവർ ആരോപിച്ചു.

തങ്ങളുടെ തെറ്റായ അവകാശവാദങ്ങൾ സാധൂകരിക്കുന്നതിനായി ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്ക് ഇസ്രഈലികളോട് വെറുപ്പാണെന്നവർ ആരോപിക്കുകയും ചെയ്തു. മുസ്‌ലിങ്ങളാണ് ഇസ്രഈൽ പൗരന്മാരെ ആക്രമിക്കാൻ ആഗ്രഹിക്കുന്നവരെന്നും അവർ വാദിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ടാഗ് ചെയ്ത് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നിരവധി അക്കൗണ്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഇതേ അടിക്കുറിപ്പുകളോടെ പോസ്റ്റുകൾ അപ്‌ലോഡ് ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ കുപ്രസിദ്ധനായ, എക്സ്-ഹാൻഡ്‌ലറായ മിസ്റ്റർ സിൻഹയാണ് ഇത്തരം പ്രചാരണങ്ങളിൽ സുപ്രധാനി.

‘കർണാടകയിൽ ഒരു ഇസ്രഈലി വിനോദസഞ്ചാരിയും ഒഡീഷയിൽ നിന്നുള്ള ഒരു സ്ത്രീയും ബലാത്സംഗത്തിന് ഇരയായി, മറ്റ് മൂന്ന് പുരുഷ കൂട്ടാളികളും ക്രൂരമായി ആക്രമിക്കപ്പെട്ടു. അവരിൽ ഒരാളെ ഒരു കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഒരു ഇസ്രഈലി പൗര ഉൾപ്പെട്ടിരിക്കുന്നതിനാൽ, ഫലസ്തീൻ അനുകൂല ഘടകങ്ങളുടെ പങ്കാളിത്തം നിഷേധിക്കാനാവില്ല. @ഹോം മിനിസ്റ്റർ ഓഫ് ഇന്ത്യ ഈ കേസ് സി.ബി.ഐക്ക് നൽകണം. അങ്ങനെ കർണാടക കോൺഗ്രസ് സർക്കാറിനെ ഈ വിഷയം മൂടിവയ്ക്കാൻ അനുവദിക്കരുത്. ഒരു ഇസ്രഈലി പൗര ഉൾപ്പെട്ടിരിക്കുന്നതിനാൽ, ഫലസ്തീൻ അനുകൂല ഘടകങ്ങളുടെ പങ്കാളിത്തം നിഷേധിക്കാനാവില്ല’ എന്നായിരുന്നു കുറിപ്പ്.

സിൻഹയുടെ വ്യാജ അവകാശവാദങ്ങൾ ന്യൂനപക്ഷ സമുദായത്തിനെതിരെ വിമര്ശനമുയർത്താൻ നിരവധി ആളുകളെ പ്രേരിപ്പിച്ചു. ചിലർ നിരാശ പ്രകടിപ്പിക്കുകയും ഇന്ത്യൻ മുസ്‌ലിങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യയും ഇസ്രഈലും തമ്മിലുള്ള നല്ല ബന്ധം തകർക്കാൻ ഇന്ത്യൻ മുസ്‌ലിങ്ങൾ ഗൂഢാലോചന നടത്തുന്നുവെന്ന് ചിലർ ആരോപിച്ചു.

അതേസമയം കൊപ്പൽ ജില്ലയിലെ വിനോദസഞ്ചാരിയെയും ഹോംസ്റ്റേ ഉടമയെയും കൂട്ട ബലാത്സംഗം ചെയ്യുകയും കൂടെയുണ്ടായിരുന്ന യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തതായി കർണാടക മന്ത്രി ശിവരാജ് തങ്കഡഗി ഞായറാഴ്ച പറഞ്ഞു. കുറ്റകൃത്യത്തിൽ മൂന്ന് പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: Hindutva users falsely accuse minorities for Israeli tourist gang rape, spin Palestine angle

Video Stories