ന്യൂദല്‍ഹി: ചരിത്ര സ്മാരകമായ കുത്തബ് മിനാറില്‍ നിന്നും ഹിന്ദു വിഗ്രഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 1200 വര്‍ഷം പഴക്കമുള്ള നരസിംഹ ഭഗവാന്റെ വിഗ്രഹമാണ് കണ്ടെത്തിയത്. കുത്തുബ് മിനാറിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദിന്റെ മൂന്ന് തൂണുകളിലൊന്നില്‍ കൊത്തി വച്ച നിലയിലാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ല.
ഇതോടെ രാജ്യത്തെ മുസ്‌ലിം വിഭാഗത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന സ്മാരകം വീണ്ടും വിവാദച്ചുഴിയിലായി. എട്ട്-ഒമ്പത് നൂറ്റാണ്ടുകളില്‍ പ്രതിഹാര രാജാക്കന്മാരുടേയോ, രാജ അനംഘ്പാലിന്റെയോ ഭരണകാലത്ത് നിര്‍മിച്ചതാകാം ശില്‍പങ്ങള്‍ എന്നാണ് നിഗമനം. നാരസിംഹന്റേയും ശിഷ്യനായ പ്രഹ്ലാദന്റേയും ശില്‍പങ്ങളാണ് കണ്ടെത്തിയത്.
ഇവയ്ക്ക് ഏകദേശം 1200 വര്‍ഷം പഴക്കമുണ്ടാകുമെന്ന് പുരാവസ്തു ഗവേഷണ വിഭാഗം വ്യക്തമാക്കി. കുത്തബ്് മിനാറില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ നടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ജില്ലാ കോടതിയില്‍ ആവശ്യമുന്നയിച്ചു. വിഗ്രഹത്തില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നും സംഘം കോടതിയില്‍ ആവശ്യപ്പെട്ടു.
മുന്‍പ് കുത്തബ്് മിനാറില്‍ നിന്നും ഗണേഷ് വിഗ്രഹവും കൃഷ്ണന്റെ വിഗ്രഹവും കണ്ടെത്തിയിരുന്നു.
വടക്കേ ഇന്ത്യയിലെ ഏറ്റവും പുരാതനമായ പള്ളിയാണ് ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ്. കുത്തബ്് മിനാര്‍ നിര്‍മ്മിച്ച കാലം മുതല്‍ മസ്ജിദിന്റെ തൂണുകളിലുള്ള ശില്‍പങ്ങളെ ചൊല്ലി നിലവില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്നും ആരോപണമുണ്ട്. സമീപകാലത്ത് മുഗള്‍ ചക്രവര്‍ത്തിമാര്‍ പിടിച്ചെടുത്ത ഹിന്ദു ക്ഷേത്രങ്ങളെ തിരിച്ചുപിടിക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവരുന്നുണ്ട്.
നേരത്തെ കുത്തബ് മിനാറിന്റെ പേര് മാറ്റി വിഷ്ണു സ്തംഭ് എന്നാക്കണമെന്ന ആവശ്യവുമായി വലതുപക്ഷ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
യുനെസ്‌കോ അംഗീകരിച്ച പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട ചരിത്ര സ്മാരകമാണ് കുത്തബ് മിനാര്‍. ദല്‍ഹി സുല്‍ത്താനേറ്റിന്റെ ആദ്യ രാജാവായ മുഗള്‍ ഭരണാധികാരി കുത്തബുദ്ദീന്‍ ഐബക് ആണ് കുത്തബ് മിനാര്‍ പണികഴിപ്പിച്ചത്. 1199ലായിരുന്നു കുത്തബ് മിനാറിന്റെ നിര്‍മാണം.
അതേസമയം, ഈ വര്‍ഷമാദ്യം വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) വക്താവ് വിനോദ് ബന്‍സാല്‍ കുത്തബ് മിനാര്‍ യഥാര്‍ത്ഥത്തില്‍ ‘വിഷ്ണു സ്തംഭം’ ആണെന്ന് അവകാശപ്പെട്ടിരുന്നു. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത് ലഭിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് സ്മാരകം നിര്‍മിച്ചെതന്നും ആരോപിച്ചിരുന്നു.
തകര്‍ത്ത 27 ക്ഷേത്രങ്ങളും പുനര്‍നിര്‍മിക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടിരുന്നു.
Content Highlight: Hindutva’s against Qutub minar after Gyanvapi, says Qutub minar must be surveyed