ഇൻഡോർ: രാത്രികാലങ്ങളിൽ പബ്ബുകൾ പ്രവർത്തിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകളും ക്ഷേത്ര പൂജാരിമാരും. മധ്യപ്രദേശിലെ ഇൻഡോറിലാണ് രാത്രി വൈകി പ്രവർത്തിക്കുന്ന പബ്ബുകൾക്കെതിരെ ഹിന്ദുത്വ സംഘടനാ അംഗങ്ങളും ക്ഷേത്ര പൂജാരിമാരും പ്രതിഷേധം നടത്തിയത്. വിജയ് നഗർ സ്ക്വയറിൽ രാത്രി വൈകിയും പ്രതിഷേധക്കാർ ഒത്തുകൂടിയതോടെ പൊലീസ് സേനയെ വിന്യസിച്ചു.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ, മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലെ ഓഫീസർമാർ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രതിഷേധം രൂക്ഷമാകുന്നത് തടയാൻ സുരക്ഷാ സേന ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
അതേസമയം വിജയ് നഗറിലെ കാളി ക്ഷേത്രത്തിൽ നടന്ന ഭജൻ സന്ധ്യ പരിപാടി ഔദ്യോഗിക നിർദേശങ്ങൾ ലംഘിച്ചതിനാൽ പൊലീസ് തടഞ്ഞെന്നും തുടർന്ന് പ്രതിഷേധം ഉണ്ടാവുകയായിരുന്നു. പൊലീസിന്റെ നിയന്ത്രണം ഭക്തർക്കും ക്ഷേത്ര പുരോഹിതന്മാർക്കും ഇടയിൽ അതൃപ്തി ഉണ്ടാക്കുകയും അവർ രാത്രി മുഴുവൻ പ്രവർത്തിക്കുന്ന പബ്ബുകളും പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയായിരുന്നു.
പബ്ബുകളും ക്ലബ്ബുകളും അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു, മതപരമായ ആചാരങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നും എന്നാൽ രാത്രിയിലെ വിനോദ പരിപാടികൾ നടത്താൻ അനുമതി നല്കുന്നുവെന്നുമാണ് അവരുടെ പരാതി. തുടർന്ന് ചില പ്രതിഷേധക്കാർ നിശാക്ലബ് വേദികൾക്ക് പുറത്ത് പ്രകടനം നടത്തി. അവർ അനുയായികളെ ഫോണിൽ വിളിച്ച് വരുത്തുകയും പബ്ബുകൾ അടച്ച് പൂട്ടാൻ നിർബന്ധിക്കുകയും ചെയ്തു. നിരവധി പ്രതിഷേധക്കാർ റോഡിൽ ഇരുന്ന് ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചു.
പൊലീസ് ഉത്തരവുകളെ അപലപിച്ച ക്ഷേത്ര പൂജാരി രാഹുൽ യാദവ്, ഭജൻ സന്ധ്യ നിർത്തിവച്ചപ്പോൾ പബ്ബുകൾ രാത്രി വൈകിയും പ്രവർത്തിക്കാൻ അനുവദിച്ചു എന്ന് പരാതിപ്പെട്ടു. മതനേതാക്കൾ, പുരോഹിതന്മാർ, കർണി സേന അംഗങ്ങൾ തുടങ്ങിയവർ പബ്ബുകളും ക്ലബ്ബുകളും അടച്ചുപൂട്ടാൻ നിർബന്ധിച്ചു.
പ്രതിഷേധ പരിപാടികൾക്ക് പുറമേ, തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് പൊലീസിന് ഒരു മെമ്മോറാണ്ടം നൽകാനും ഹിന്ദുത്വ സംഘടനകൾ തീരുമാനിച്ചു.
Content Highlight: Hindutva outfit, temple priests protest against late-night pubs in Indore