| Sunday, 10th November 2024, 10:07 pm

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ദീപാവലി വിരുന്നില്‍ മാംസാഹാരമെന്ന് ആരോപണം; പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ നടത്തിയ ദീപാവലി വിരുന്നിനെതിരെ ഹിന്ദുത്വ സംഘടനകള്‍. വിരുന്നില്‍ മദ്യവും മാംസവും വിളമ്പിയെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്.

വിരുന്നില്‍ മട്ടന്‍ കബാബ്, മാംസം, ബിയര്‍, വൈന്‍ എന്നിവ വിളമ്പിയെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ആരോപിക്കുന്നത്. 2023ല്‍ പ്രധാനമന്ത്രി റിഷി സുനക് നടത്തിയ ദീപാവലി വിരുന്നില്‍ മാംസാഹാരം ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനകള്‍ പ്രതികരിച്ചത്.

‘കഴിഞ്ഞ 14 വര്‍ഷമായി പത്ത് ഡൗണിങ് സ്ട്രീറ്റുകളില്‍ ദീപാവലി ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ മദ്യവും മാംസവും ഇല്ലാതെയാണ് ഈ വിരുന്നുകള്‍ നടന്നിരുന്നത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അനുയായികള്‍ കാണിച്ച അശ്രദ്ധ വലിയ ദുരന്തമായി പോയി,’ എന്ന് ബ്രിട്ടീഷ് ഹിന്ദു പണ്ഡിറ്റായ സതീഷ് കെ. ശര്‍മ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് സതീഷ് പ്രതികരിച്ചത്.

ഹിന്ദു സമൂഹത്തെ നിരുത്സാഹപ്പെടുത്തുന്ന സന്ദേശമാണ് യു.കെ ഭരണകൂടം നല്‍കിയതെന്നും വിഷയത്തില്‍ സ്റ്റാര്‍മാര്‍ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കണമെന്നും സതീഷ് ശര്‍മ ആവശ്യപ്പെട്ടു.

കെയ്ര്‍ സ്റ്റാര്‍മാരുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ദീപാവലി വിരുന്ന് നടന്നത്. കമ്യൂണിറ്റി ലീഡര്‍മാര്‍ ഉള്‍പ്പെടെ വിരുന്നില്‍ പങ്കെടുത്തിരുന്നു. ദീപം തെളിയിക്കല്‍, കുച്ചിപ്പുടി അവതരണം അടക്കം സഘടിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വസതിയിലെ ദീപാവലി ആഘോഷം.

ബ്രിട്ടനിലെ ഹിന്ദുക്കളെയും ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്ന സംഘടനയായ ഇന്‍സൈറ്റ് യു.കെയും പ്രധാനമന്ത്രി സംഘടിപ്പിച്ചിരുന്ന വിരുന്നതിനെതിരെ അതൃപ്തി അറിയിച്ചു. അതേസമയം ഹിന്ദുത്വ സംഘടനകളുടെ ആരോപണത്തില്‍ ഇതുവരെ ഡൗണിങ് സ്ട്രീറ്റുകള്‍ പ്രതികരിച്ചിട്ടില്ല.

ബ്രിട്ടന് പുറമെ അമേരിക്കയിലും ദീപാവലി ആഘോഷത്തിന് യു.എസ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി ജോ ബൈഡനും വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം സംഘടിപ്പിച്ചിരുന്നു.

രാജ്യത്തെ ഇന്ത്യന്‍ വംശജരെ ഏകോപിപ്പിക്കുക എന്നതായിരുന്നു വിരുന്നിന്റെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷവും വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷം നടന്നിരുന്നു.

Content Highlight: Hindutva organizations against British Prime Minister Keir Starmer’s Diwali party

We use cookies to give you the best possible experience. Learn more