Advertisement
national news
'ശിവനെ ആരാധിച്ചാല്‍ മതി'; വാരണാസിയിലെ ക്ഷേത്രങ്ങളില്‍ നിന്ന് സായിബാബയുടെ വിഗ്രഹങ്ങള്‍ നീക്കി ഹിന്ദുത്വ സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 03, 01:27 pm
Thursday, 3rd October 2024, 6:57 pm

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രങ്ങളില്‍ നിന്ന് സായിബാബയുടെ വിഗ്രഹങ്ങള്‍ നീക്കം ചെയ്ത് തീവ്രഹിന്ദുത്വ സംഘടന. കാശിയില്‍ ശിവനെ മാത്രം ആരാധിച്ചാല്‍ മതിയെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഹിന്ദുത്വ സംഘടനകളുടെ നീക്കം. സനാതന്‍ രക്ഷക്ദളിന്റെ നേതൃത്വത്തിലാണ് സായിബാബയുടെ പ്രതിമകള്‍ നീക്കം ചെയ്തിരിക്കുന്നത്.

യു.പിയിലെ വാരണാസി മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളിലേക്കാണ് രക്ഷക്ദളിന്റെ അനുയായികള്‍ അതിക്രമിച്ചെത്തിയത്. വിശ്വാസികളുടെ വികാരത്തെ കണക്കിലെടുത്താണ് വിഗ്രഹങ്ങള്‍ നീക്കം ചെയ്യുന്നതെന്നാണ് തീവ്രഹിന്ദുത്വ വാദികളുടെ വിശദീകരണം.

ലോഹത്തിയയിലെ ബഡാ ഗണേഷ് ക്ഷേത്രത്തില്‍ നിന്നാണ് സംഘം ആദ്യമായി വിഗ്രഹം നീക്കം ചെയ്തത്. തുടര്‍ന്ന് വേദങ്ങള്‍ക്ക് വിരുദ്ധമായാണ് സായിബാബയുടെ വിഗ്രഹം ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചതെന്ന് ബഡാ ഗണേഷ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ രമ്മു ഗുരു പറഞ്ഞു.

ക്ഷേത്രത്തില്‍ നിന്ന് സായിബാബയുടെ വിഗ്രഹം നീക്കം ചെയ്തവരോട് അയോധ്യയിലെ ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തിലെ പ്രധാന പൂജാരി രാജു ദാസ് നന്ദി അറിയിക്കുകയും ചെയ്തു.

സായിബാബ ഒരു ആത്മീയ ആചാര്യനാകാം, പക്ഷെ ദൈവമാകില്ലെന്നും രാജു ദാസ് പറഞ്ഞു. സായിബാബയെ ആരാധിക്കണമെന്ന് ഒരു വേദങ്ങളിലും പറയുന്നില്ലെന്ന് അന്നപൂര്‍ണ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശങ്കര്‍ പുരിയും പറയുകയുണ്ടായി.

രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങളില്‍ നിന്നും സായിബാബയുടെ വിഗ്രഹങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടിയുണ്ടാകണമെന്നും രാജു ദാസ് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തെ 50 ക്ഷേത്രങ്ങളിലെ കൂടി സായിബാബ വിഗ്രഹങ്ങള്‍ നീക്കം ചെയ്യുമെന്ന് രക്ഷക്ദള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നിലവില്‍ 14 ക്ഷേത്രങ്ങളില്‍ നിന്നാണ് സായിബാബ വിഗ്രഹങ്ങള്‍ നീക്കം ചെയ്തത്.

അതേസമയം വിഗ്രഹങ്ങള്‍ നീക്കം ചെയ്യുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സനാതന്‍ രക്ഷക്ദള്‍ അധ്യക്ഷന്‍ അജയ് ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിനുപിന്നാലെ വാരണാസിയില്‍ ചേര്‍ന്ന സായിബാബ ക്ഷേത്ര മാനേജര്‍മാരുടെ യോഗത്തില്‍ ക്ഷേത്രങ്ങളില്‍ സായിബാബയുടെ വിഗ്രഹം പ്രതിഷ്ഠിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ അത് നീക്കം ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി.

നീക്കം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഈ നീക്കത്തെ അംഗീകരിക്കാനാകില്ലെന്നും മാനേജര്‍മാര്‍ പ്രതികരിച്ചു.

ഹിന്ദുത്വ സംഘടനയുടെ നീക്കത്തില്‍ വിശ്വാസികളും അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഹിന്ദുത്വ സംഘടനയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയുണ്ടായി.

Content Highlight: Hindutva organization removes idols of Sai Baba from temples in Varanasi