| Thursday, 3rd November 2022, 2:59 pm

'വിധവയെപ്പോലെ നടക്കരുത്', പൊട്ടു തൊടാത്ത മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ വിസമ്മതിച്ച് ഹിന്ദുത്വ സംഘടനാ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നെറ്റിയില്‍ പൊട്ടു തൊടാത്തതിന്റെ പേരില്‍ വനിതാ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ വിസമ്മതിച്ച് മഹാരാഷ്ട്ര ഹിന്ദുത്വ സംഘടനാ നേതാവ് സംഭാജി ഭിഡെ (Sambhaji Bhide). സൗത്ത് മുംബൈയില്‍ സെക്രട്ടറിയേറ്റില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ കണ്ടതിനുശേഷം പുറത്തേക്ക് വരുന്നതിനിടെയാണ് സംഭവം.

ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ അധ്യക്ഷനാണ് മുന്‍ ആര്‍.എസ്.എസ് നേതാവ് കൂടിയായ സംഭാജി ഭിഡെ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

വനിതാ റിപ്പോര്‍ട്ടറോട് തന്റെ ബൈറ്റ് എടുക്കാന്‍ വരുന്നതിന് മുമ്പ് പൊട്ട് കുത്തണമെന്ന് സംഭാജി മറാത്തിയില്‍ പറയുന്നത് വീഡിയോയിലുണ്ട്. പൊട്ട് തൊടാത്തതിനാല്‍ മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുന്നതും വീഡിയോയില്‍ കാണാം.

‘ഒരു സ്ത്രീ ഭാരത മാതാവിന് തുല്യമാണ്, പൊട്ടു തൊടാതെ ഒരു വിധവയെപ്പോലെ നടക്കരുത്,’ എന്നാണ് മാധ്യമപ്രവര്‍ത്തകയോട് ഭിഡെ പറഞ്ഞത്.

വിവാദമായതോടെ സംഭവത്തില്‍ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷ രൂപാലി ചക്കന്‍കര്‍ വിശദീകരണം ചോദിച്ച് ഭിഡെക്ക് നോട്ടീസ് അയച്ചു.

‘ഒരു വനിതാ മാധ്യമപ്രവര്‍ത്തകയുടെ നെറ്റിയില്‍ പൊട്ടില്ലാത്തതിനാല്‍ നിങ്ങള്‍ അവളോട് സംസാരിക്കാന്‍ വിസമ്മതിച്ചു. ഒരു സ്ത്രീ അവള്‍ ചെയ്യുന്ന ജോലിയുടെ പേരില്‍ കൂടിയാണ് അറിയപ്പെടുന്നത്. നിങ്ങളുടെ പ്രസ്താവന സ്ത്രീകളുടെ അഭിമാനത്തെയും സമൂഹത്തിലുള്ള അന്തസിനെയും വിലകുറച്ച് കാണുന്നതാണ്’, എന്നാണ് വനിതാ കമ്മീഷന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

സംഭവത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകയും സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തി.
‘പൊട്ടു തൊടണോ വേണ്ടയോ എന്നുള്ളതും എപ്പോള്‍ തൊടണം എന്നുള്ളതും തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞാന്‍ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്,’ എന്നാണ് സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്തത്.

അതേസമയം, വിവാദ പരാമര്‍ശങ്ങളിലൂടെ നേരത്തെയും ഭിഡെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. തന്റെ തോട്ടത്തിലെ മാമ്പഴം കഴിച്ച സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചെന്ന് ഭിഡെ 2018ല്‍ പ്രസ്താവന നടത്തിയിരുന്നു.

Content Highlight: Hindutva Organization Leader Sambhaji Bhide Refuses To Speak To Journalists For Not Wearing A Bindi

We use cookies to give you the best possible experience. Learn more