| Sunday, 25th October 2020, 1:47 pm

നിരന്തര കലാപാഹ്വാനം, ആയുധ പ്രദര്‍ശനം, എന്നിട്ടും ഹിന്ദുത്വ ഭീകരന്‍ പ്രതീഷ് വിശ്വനാഥനെ തൊടാന്‍ മടിക്കുന്ന കേരളം

ഷഫീഖ് താമരശ്ശേരി

‘ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാക്കിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്’

തോക്കും വെടിയുണ്ടകളും വടിവാളുകളുമടങ്ങിയ മാരകായുധങ്ങള്‍ പൂജയ്ക്ക് വെക്കുന്ന ചിത്രങ്ങള്‍ സഹിതം ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ ഭാഗമാണിത്.

മറ്റൊരു പാക്കിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ ആവരുത് ഈ രാജ്യമെന്ന് പറയുന്നതിലൂടെ പ്രതീഷ് വിശ്വനാഥന്‍ എന്ന ഹിന്ദുത്വ ഭീകരന്‍ ആരെയാണ് ലക്ഷ്യം വെയ്ക്കുന്നത് എന്ന് വ്യക്തമാണ്. മുസ്‌ലിങ്ങളെ ഇവിടെ വളരാന്‍ അനുവദിക്കരുത്, ഹിന്ദുക്കള്‍ ആയുധം എടുക്കണം എന്ന് തന്നെയാണ് പ്രതീഷ് വിശ്വനാഥന്‍ പറയുന്നത്.

പ്രതീഷ് വിശ്വനാഥന്റെ ഈ പോസ്റ്റ് നവമാധ്യമങ്ങളില്‍ ഏറെ ഞെട്ടലോടെയാണ് ആളുകള്‍ സ്വീകരിച്ചിരിക്കുന്നത്. പലരും കേരള പൊലീസിനെ പോസ്റ്റിന് താഴെ മെന്‍ഷന്‍ ചെയ്യുന്നുമുണ്ട്. എന്നാല്‍ പ്രതീഷ് വിശ്വനാഥന്റെ ഈ പോസ്റ്റില്‍ അത്ഭുതപ്പെടാനൊന്നുമില്ല എന്നതും കേരള പോലീസിനെ മെന്‍ഷന്‍ ചെയ്തതുകൊണ്ടോ പരാതി സമര്‍പ്പിച്ചതുകൊണ്ടോ യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നുമില്ല എന്നതുമാണ് കാര്യം.

കാരണം പ്രതീഷ് വിശ്വനാഥന്‍ ഇത്തരത്തിലുള്ള പോസ്റ്റുകളും ചിത്രങ്ങളും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ഇതാദ്യമായല്ല. ആളുകള്‍ കൂട്ടമായി പൊലീസില്‍ പരാതി പറയുന്നതും ആദ്യമല്ല. നവമാധ്യമങ്ങളിലൂടെ നേരത്തെയും പല തവണ ഇദ്ദേഹം അതിഭീകരമായ രീതിയില്‍ കലാപാഹ്വാനങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി തവണ മാരകായുധങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹിന്ദു ജനതയുടെ സ്വാഭിമാനം സംരക്ഷിക്കുന്നതിനായി ഇറങ്ങിത്തിരിക്കുന്ന ഒരു ലക്ഷം ഹിന്ദു യുവാക്കള്‍ക്ക് ത്രിശൂലം വിതരണം ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

മുസ്‌ലിങ്ങള്‍ നമ്മുടെ ശത്രുക്കളാണെന്ന് പരോക്ഷമായി പ്രതിപാദിച്ചുകൊണ്ട്, ശത്രുക്കള്‍ക്കെതിരെ ആയുധമെടുത്ത് പോരാടണമെന്ന് പല തവണ പരസ്യ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. അയോധ്യ വിധി വന്ന ദിവസം വിലക്കുകള്‍ മറികടന്ന് മധുരവിതരണം നടത്തി സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്ന് പല ഘട്ടങ്ങളിലായി നിരവധി പേര്‍ പ്രതീഷ് വിശ്വനാഥനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നിയമം നോക്കുകുത്തിയെപ്പോലെ നില്‍ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

സൈബര്‍ നിയമങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍, സര്‍ക്കാറിനെതിരെതിരെയും മുഖ്യമന്ത്രിയ്‌ക്കെതിരെയും സംസാരിക്കുന്നവര്‍ക്ക് നേരെ കേസ്സെടുത്തുകൊണ്ടിരിക്കുന്ന കേരളത്തില്‍, വാട്‌സ് ആപ്പില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് നിരവധി മുസ്‌ലിം യുവാക്കള്‍ക്കെതിരെ പല ഘട്ടങ്ങളില്‍ കേസ്സെടുത്ത കേരളത്തില്‍, ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് സ്ത്രീകള്‍ക്കെതിരെ കേസ്സെടുത്ത കേരളത്തില്‍, തൃശ്ശൂര്‍ പൂരത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായം അറിയിച്ചതിന് മുസ്‌ലിം യുവാവിനെതിരെ കേസ്സെടുത്ത കേരളത്തില്‍, സ്വന്തം നോവലിന്റെ ഒരു ഭാഗം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഒരു എഴുത്തുകാരനെതിരെ രാജ്യദ്രേഹക്കുറ്റത്തിന് കേസ്സെടുത്ത കേരളത്തില്‍, ബി.ജെ.പിയുടെ ഹര്‍ത്താലിനെ വിമര്‍ശിച്ചതിന് മുസ്‌ലിം യുവാക്കള്‍ക്കെതിരെ കേസ്സെടുത്ത കേരളത്തില്‍, ലഘുലേഖകളും പുസ്‌കതങ്ങളും കൈവശം വെച്ചതിന് അലനെയും താഹയെയും മാസങ്ങളോളം തടവിലിട്ട കേരളത്തില്‍, ആ കേരളത്തിലാണ് പ്രതീഷ് വിശ്വനാഥന്‍ എന്ന ഒരു ഹിന്ദുത്വ ഭീകരന്‍ നിരന്തരം കലാപാഹ്വാനങ്ങള്‍ നടത്തി മുന്നേറുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനും പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിനും പ്രതീഷ് വിശ്വനാഥനെ പേടിയാണോ. കേരളത്തില്‍ നടപ്പാകുന്നത് ഏകപക്ഷ നീതി തന്നെയോ.

പ്രതീഷ് വിശ്വനാഥന്റെ പോസ്റ്റിന്റെ ലിങ്ക് സഹിതം വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ചിലര്‍ക്ക് കേരള പൊലീസിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ലഭിച്ച മറുപടി ‘നോട്ട് ഇന്‍ കേരള’ എന്നാണ്. അതായത് പ്രതീഷ് വിശ്വനാഥന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് കേരളത്തില്‍ നിന്നല്ല എന്നതിനാല്‍ കേസ്സെടുക്കാന്‍ കഴിയില്ല എന്ന്. അയോധ്യ വിധിയ്‌ക്കെതിരെയുള്ള ഒരു വിമര്‍ശനം ഗള്‍ഫില്‍ വെച്ച് പോസ്റ്റ് ചെയ്ത പ്രവാസിയ്‌ക്കെതിരെ കേരളത്തില്‍ കേസ്സെടുക്കുകയും അദ്ദേഹം നാട്ടിലെത്തിയപ്പോള്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ള കേരള പൊലീസാണ് ഈ വിചിത്ര ന്യായം പറയുന്നത്.

ഇന്ന് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തില്‍ സാമുദായിക സൗഹൃദത്തിന് വെല്ലുവിളിയാകുന്ന തരത്തില്‍ ഹിന്ദുത്വഭീകരവാദം വളര്‍ത്തിക്കൊണ്ടിരിക്കുന്നയാളാണ് പ്രതീഷ് വിശ്വനാഥന്‍. എന്നിട്ടും കേരള പൊലീസോ ഇടതുപക്ഷ സര്‍ക്കാറോ ഇയാള്‍ക്കെതിരെ യാതൊരു നിയമ നീക്കവും നടത്താതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നാം വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

പ്രതീഷ് വിശ്വനാഥനെക്കുറിച്ച് മാത്രമല്ല, സമീപകാല കേരളത്തില്‍ അക്രമോത്സുകമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയ, നവമാധ്യമങ്ങളില്‍ നിരന്തരം കലാപാഹ്വാനങ്ങളും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന എ.എച്ച്.പിയും അവരുടെ തന്നെ മറ്റ് വിഭാഗങ്ങളായ രാഷ്ട്രീയ ബജ്റംഗ്ദള്‍, ഹിന്ദു ഹെല്‍പ് ലൈന്‍, ഹിന്ദു സേവാ കേന്ദ്രം എന്നീ സംഘടനകളുമെല്ലാം എന്താണെന്നതും ആരാണവയുടെ നേതൃത്വമെന്നതും എന്താണവരുടെ ലക്ഷ്യമെന്നതും കൂടുതല്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്.

2018 ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര അദ്ധ്യക്ഷനും ഗുജറാത്തില്‍ നിന്നുള്ള സംഘപരിവാറിന്റെ ഉന്നത നേതാവുമായ പ്രവീണ്‍ തൊഗാഡിയ ഇന്ത്യയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ തീവ്രത നഷ്ടപ്പെട്ടു എന്ന ആരോപണം ഉന്നയിച്ച് സംഘടനയില്‍ നിന്നും പുറത്തുവരികയുണ്ടായി. അതിതീവ്ര ഹിന്ദുത്വ ആശയങ്ങളില്‍ നിന്നുകൊണ്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് അഥവാ എ.എച്.പി എന്ന പുതിയ പാര്‍ട്ടി അവര്‍ രൂപീകരിച്ചു. പ്രവീണ്‍ തൊഗാഡിയ അധ്യക്ഷനായിരുന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയായിരുന്നു അന്ന് പ്രതീഷ് വിശ്വനാഥന്‍. ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മോദി, അമിത് ഷാ, പ്രവീണ്‍ തൊഗാഡിയ, മോഹന്‍ ഭാഗവത് തുടങ്ങിയ ഇന്ത്യയിലെ മുതിര്‍ന്ന ഹിന്ദുത്വ നേതാക്കളുമായി ബന്ധമുള്ള ആളായിരുന്നു പ്രതീഷ് വിശ്വനാഥന്‍.

എ.എച്.പിയുടെ കേരളത്തിലെ പ്രവര്‍ത്തന പദ്ധതികളെക്കുറിച്ച് പേര് വെളിപ്പെടുത്താനാകാത്ത അവരുടെ ഒരു മുന്‍ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലുകള്‍ 2018 ആഗസ്ത് മാസത്തില്‍ ഡൂള്‍ന്യൂസ് പുറത്തുവിട്ടിരുന്നു. സേവനങ്ങളുടെ മറവില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ കേരളത്തില്‍ നടത്തിയ കലാപാസൂത്രണങ്ങളുടെയും എ.എച്.പിയുടെ രൂപീകരണത്തോടുകൂടി അവര്‍ നടത്താനുദ്ദേശിച്ച പ്രവര്‍ത്തന പദ്ധതികളുടെയും ഏറെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു ഈ മുന്‍ പ്രവര്‍ത്തകന്‍ ഡൂള്‍ന്യൂസിനോട് പങ്കുവെച്ചിരുന്നത്.

ശബരിമല വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് ഹിന്ദുവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനായുള്ള അക്രമപ്രവര്‍ത്തനങ്ങളും കലാപ ആസൂത്രണങ്ങളും, വൈദികരെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍, മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ വിവാഹം ചെയ്താല്‍ അവരുടെ വീട് ആക്രമിക്കാനുള്ള പദ്ധതികള്‍, ‘ലൗവ് ജിഹാദി’ന് പകരമായി മുസ്ലിം സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍. ഇങ്ങനെ തുടങ്ങിയ നിരവധി ആസൂത്രണ പദ്ധതികളക്കുറിച്ചായിരുന്നു ഹിന്ദു ഹെല്‍പ് ലൈനിന്റെ ജില്ലാതല നേൃത്വത്തിലുണ്ടായിരുന്ന ആ യുവാവ് ഡൂള്‍ന്യൂസിനോട് വെളിപ്പെടുത്തിയത്.

മുസാഫര്‍ നഗറിനും ഗുജറാത്തിനും സമാനമായ രീതിയിലുള്ള ഒരു കലാപം അവര്‍ കേരളത്തിലും ലക്ഷ്യമിട്ടിരുന്നുവെന്നും, ആദ്യം കലാപം, പിന്നീട് സംഘടന വളര്‍ത്തല്‍, അതുവഴി ഭരണം പിടിക്കല്‍ എന്നിവയാണ് അവരുടെ രാഷ്ട്രീയപാതയെന്നും ഈ മുന്‍ പ്രവര്‍ത്തകന്‍ പറഞ്ഞിരുന്നു. ഇതിനെ സാധൂകരിക്കുന്നതായിരുന്നു കേരളത്തിലെ എ.എച്.പിയുടെ പ്രത്യക്ഷത്തിലുള്ള ആദ്യത്തെ രാഷ്ട്രീയ ഇടപെടല്‍.

ശബരിമല യുവതീപ്രവേശവനവുമായി ബന്ധപ്പെട്ട സമരങ്ങളിലൂടെയായിരുന്നു എ.എച്.പി ആദ്യം മുന്നോട്ട് വന്നത്. കേരള സര്‍ക്കാറിനെതിരെ പരസ്യമായി കലാപം നടത്തുവാന്‍ പ്രതീഷ് വിശ്വനാഥന്‍ അന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം നല്‍കിയിരുന്നു. പമ്പയിലും പരിസരങ്ങളിലും മറ്റ് സ്ഥലങ്ങളിലുമെല്ലാം അന്ന് നടന്ന കോലാഹലങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും തുടക്കം കുറിച്ചത് പ്രതീഷ് വിശ്വനാഥനും എ.എച്.പിയും ആയിരുന്നു.

പൊതുപരിപാടികളും സമരങ്ങളുമൊക്കെ സംഘടിപ്പിക്കുന്ന സാധാരണ നിലയിലുള്ള രാഷ്ട്രീയ സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതലും ആശയപ്രചരണങ്ങളും കായിക അക്രമങ്ങളുമായിരുന്നു കേരളത്തില്‍ ഇക്കാലങ്ങളില്‍ എ.എച്.പി നടത്തിയിരുന്നത്.

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ വൈദികരെ മതപരിവര്‍ത്തനശ്രമം ആരോപിച്ച് കയ്യേറ്റം ചെയ്തത് എ.ച്.പി യുടെ ജില്ലാ ഭാരവാഹി ആയ ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ ആയിരുന്നു്. കൊച്ചിയില്‍ നോട്ടീസ് വിതരണം നടത്തിയ മുജാഹിദ് പ്രവര്‍ത്തകരെയും എ.എച്.പിക്കാര്‍ കായികമായി ആക്രമിച്ചിരുന്നു.

കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ച് ബിന്ദു അമ്മിണിയെ മുളക് പൊടി സ്പ്രെ ഉപയോഗിച്ച് ആക്രമിച്ചത് പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ആലുവയില്‍ മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് തകര്‍ത്തതും എ.എച്.പി പ്രവര്‍ത്തകരായിരുന്നു.

പ്രതീഷ് വിശ്വനാഥന്റെ സോഷ്യല്‍ മീഡിയയിലെ കലാപാഹ്വാനങ്ങള്‍ക്കെതിര കോതമംഗലം പൊലീസില്‍ പരാതി നല്‍കിയ ബാബു എം. ജേക്കബ് എന്ന മാധ്യമപ്രവര്‍ത്തകന് ആറ് മാസങ്ങള്‍ക്ക് ശേഷം പൊലീസ് നല്‍കിയ മറുപടി പ്രതീഷ് വിശ്വനാഥന്റെ വിവരങ്ങള്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിക്കാന്‍ രണ്ട് വര്‍ഷം വരെ വേണ്ടി വരുമെന്നുമാണ്.

ശബരിമല വിഷയത്തില്‍ പ്രതീഷ് വിശ്വനാഥന്‍ ഫേസ്ബുക്കിലൂടെ നടത്തിയ കലാപാഹ്വാനങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ കോതമംഗലം സ്വദേശി ധനൂപിനും സമാനമായ അനുഭവങ്ങള്‍ തന്നെയാണ് ഉണ്ടായത്. പരാതി നല്‍കി മാസങ്ങള്‍ക്ക് ശേഷം ധനൂപിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് പറഞ്ഞത് പ്രതീഷ് വിശ്വനാഥനെ കണ്ടെത്താന്‍ ഏറെ പ്രയാസങ്ങള്‍ ഉണ്ടെന്നാണ്.

പ്രതീഷ് വിശ്വനാഥനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് പൊലീസ് അറിയിച്ച കാലങ്ങളില്‍ തന്നെയായിരുന്നു നിരവധി പൊതുപരിപാടികളില്‍ പ്രതീഷ് സജീവമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. ഒരു രാഷ്ട്രീയ സംഘടനയുടെ ദേശീയ നേതാവായി പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടുകയും നവമാധ്യമങ്ങളില്‍ വളരെ സജീവമായി ഇടപെടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ വിവരങ്ങള്‍ എവിടെയും ലഭ്യമല്ല, ഫേസ്ബുക് അത് നല്‍കുന്നില്ല എന്ന് പൊലീസ് പറയുന്നത് എന്തൊരു വിരോധാഭാസമാണ്. ഫേസ്ബുക്ക് വിവരങ്ങള്‍ നല്‍കിയതുകൊണ്ടാണോ കേരള പൊലീസ് ഇക്കാലമത്രയും സൈബര്‍ കേസ്സുകളില്‍ ആളുകളെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

എ.എച്.പിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും താന്‍ രാജിവെച്ചതായി പ്രതീഷ് വിശ്വനാഥന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് സാങ്കേതികമായ ചില നീക്കങ്ങള്‍ മാത്രമാണെന്നും ഹിന്ദു ഹെല്‍പ് ലൈന്‍ മുതല്‍ രാഷ്ട്രീയ ബജ്റംഗ്ദള്‍ വരെയുള്ള എ.എച്.പിയുടെ എല്ലാ വിഭാഗങ്ങളെയും ഇപ്പോഴും നിയന്ത്രിക്കുന്നത് പ്രതീഷ് വിശ്വനാഥന്‍ തന്നെയാണെന്നുമാണ് സംഘനടയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ഇന്ത്യയിലെ ആര്‍.എസ്.എസിന് അവരുടെ കയ്യിലുള്ള അധികാരം നഷ്ടപ്പെടാതിരിക്കാന്‍ എപ്പോഴും ഒത്തുതീര്‍പ്പുകളിലേക്ക് പോകേണ്ടി വരുന്നുവെന്നും അതുകൊണ്ട് തന്നെ ഹിന്ദുക്കള്‍ക്ക് വേണ്ടി പോരാടാന്‍ മറ്റൊരു പ്രബലമായ രാഷ്ട്രീയ ശക്തി വേണെമന്നുമാണ് എ.എച്.പി നിരന്തരം ഹിന്ദുക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വസംരക്ഷണത്തിന്റെ പടയാളിയായി തന്നെ സ്വയം അവരോധിച്ച് ശബരിമല പ്രക്ഷോഭം മുതലിങ്ങോട്ട് നിരന്തരം കലാപശ്രമങ്ങള്‍ നടത്തുന്ന ഒരു ഹിന്ദുത്വ ഭീകരന്‍ കേരളത്തില്‍ സൈ്വര്യവിഹാരം നടത്തുകയാണ്. നിയമപാലക സംവിധാനത്തിന്റെ ഇരട്ടനീതിയെ വ്യക്തമാക്കിക്കൊണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Higlight: Hindutva leader Pratheesh Viswanthan’s calls for violence and anti Muslim hate speech in social media

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more