| Monday, 6th March 2023, 10:36 am

മോദിയുടെ പേരില്‍ വോട്ട് ചോദിക്കുന്ന ബി.ജെ.പിക്കാരെ ചെരുപ്പൂരിയടിക്കണം; ബി.ജെ.പിക്കെതിരെ ഹിന്ദുത്വ സേന നേതാവ് പ്രമോദ് മുത്തലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വോട്ട് ചോദിച്ചതിന് കര്‍ണാടകയില്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രീയ ഹിന്ദു സേന മേധാവി പ്രമോദ് മുത്തലിക്. നരേന്ദ്ര മോദിയുടെ പേരുപയോഗിച്ച് വോട്ട് ചോദിക്കാതെ തങ്ങളുടെ പ്രത്യയശാസ്ത്രം ഉയര്‍ത്തി വോട്ട് ചോദിക്കാനാണ് മുത്തലിക്കിന്റെ നിര്‍ദേശം. ഇത്തരത്തില്‍ വോട്ട് ചോദിച്ചെത്തുന്നവരെ ചെരുപ്പൂരി അടിക്കണമെന്നും മുത്തലിക് പറയുന്നുണ്ട്.

‘മോദിയുടെ ഫോട്ടോയോ പേരോ വെച്ചല്ല ബി.ജെ.പി വോട്ട് ചോദിക്കേണ്ടത്. നിങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ പറയൂ, ഗോസംരക്ഷണത്തെ കുറിച്ച് പറയൂ, ഹിന്ദുത്വത്തെ കുറിച്ച് പറയൂ. അല്ലാതെ മോദിയുടെ പേര് കൊണ്ടല്ല വോട്ട് നേടേണ്ടത്.

ബി.ജെ.പിക്ക് മോദിയുടെ പേര് വോട്ടിനു വേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് മാത്രമേ അറിയൂ. മറ്റൊരു കാര്യവും അവരെ കൊണ്ട് ഇല്ല. മോദിയെ പറഞ്ഞ് വോട്ട് ചോദിക്കുന്നവര്‍ ഒരു ഉപകാരവുമില്ലാത്തവരാണ്. നമ്മള്‍ അവരെ അനുകൂലിക്കരുത്,’ മുത്തലിക് പറയുന്നു.

ഹിന്ദു സേനകളും ബി.ജെ.പിയും തമ്മില്‍ ഇടഞ്ഞു നില്‍ക്കുന്നതിനിടെയാണ് പ്രമോദ് മുത്തലിക്കിന്റെ പരാമര്‍ശം. ഹിന്ദുത്വത്തെ സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഏക പാര്‍ട്ടി ബി.ജെ.പിയാണെന്ന പരാമര്‍ശങ്ങള്‍ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ഇതിനെതിരെ വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ കര്‍ക്കലയില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി താനും മത്സരിക്കുമെന്നും മുത്തലിക് പ്രഖ്യാപിച്ചിരുന്നു.

അതേസമയം കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി. സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന റോഡ്‌ഷോ നടത്താനാണ് പാര്‍ട്ടി തീരുമാനം. ഇതിനെ പ്രതിരോധിക്കാന്‍ റോഡ്‌ഷോ നടത്തുമെന്ന് ജനതാദള്‍ (യുണൈറ്റഡ്) തീരുമാനിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി എച്ച്. ഡി. ദേവ ഗൗഡയായിരിക്കും റോഡ്‌ഷോ നയിക്കുക.

Content Highlight: Hindutva leader Pramod Muthalik slams BJP, says hit them with slipper if asked votes in the name of Modi

We use cookies to give you the best possible experience. Learn more