ഭോപ്പാൽ: മധ്യപ്രദേശിലെ ജാംബുവയിലെ ചർച്ചുകൾക്ക് നേരെ ആക്രമണം. നാല് ചർച്ചുകളിൽ അതിക്രമിച്ചുകയറിയ 50 പേരടങ്ങുന്ന ഹിന്ദുത്വ സംഘം കുരിശിന് മുകളിലാണ് കാവിക്കൊടികൾ കെട്ടിയത്.
ദാംദല്ലെ, ധംനിനാഥ്, ഉഭയ്റാവു എന്നിവിടങ്ങളിലെ ശാലോം പള്ളികളിലാണ് അക്രമമുണ്ടായത്. മാതാ സുലേയിലെ സി.എസ്.ഐ ചർച്ചിലും കൊടി കെട്ടിയിട്ടുണ്ട്.
ജനുവരി 21ന് ഉച്ച കഴിഞ്ഞ് പള്ളികളിൽ ഇരച്ചുകയറിയ സംഘം പള്ളിക്ക് മുകളിലെ കുരിശിനോട് ചേർന്ന് കൊടികൾ സ്ഥാപിക്കുകയായിരുന്നു. രണ്ട് ദിവസം കൊടികൾ അവിടെ സ്ഥാപിക്കണമെന്ന് പറഞ്ഞ സംഘം എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും അങ്ങനെ ചെയ്യുന്നതാണെന്നും പള്ളിയെ മാത്രം ഒഴിവാക്കാൻ കഴിയില്ലെന്നും പറഞ്ഞു.
സംഭവത്തിന് പിന്നാലെ ബിഷപ്പ് ഉൾപ്പെടെയുള്ളവർ സർക്കാരിനോട് കൊടികൾ അഴിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിൽ ഉഭയ്റാവുവിലെ പള്ളിയിലെ കൊടി ഇതുവരെ അഴിച്ചുമാറ്റിയിട്ടില്ല.
പള്ളികളിൽ അതിക്രമിച്ച് കയറിയതിന് പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പൊലീസ് നടപടി എടുക്കാത്തത്തിൽ കോൺഗ്രസ് പ്രതിഷേധമറിയിച്ചു.
മധ്യപ്രദേശിൽ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കെതിരെയുള്ള ആക്രമണം വ്യാപകമാകുകയാണ്. അനാഥാലയം നടത്തിയിരുന്ന മലയാളി വൈദികനെ അനധികൃതമായി ശിശുസംരക്ഷണ കേന്ദ്രം നടത്തിയെന്നാരോപിച്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വർഷങ്ങളായി സ്ഥാപനം നടത്തി വന്നിരുന്ന വൈദികന് അധികൃതർ ലൈസൻസ് പുതുക്കി നൽകാൻ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് കേസെടുത്തത്.
Content Highlight: Hindutva group hoisted saffron flags on crusades in churches in madhyapradesh