മുസ്‌ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ അനുവദിക്കരുത്; ബാങ്ക് വിളി നിരോധനം നടപ്പാക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി
national news
മുസ്‌ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ അനുവദിക്കരുത്; ബാങ്ക് വിളി നിരോധനം നടപ്പാക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th April 2022, 7:13 pm

പനാജി: ഗോവയിലെ മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളിക്കുന്നത് തടയാനുളള ഉത്തരവ് നടപ്പാക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ വലതുപക്ഷ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി. നോര്‍ത്ത് ഗോവ ജില്ലാ കളക്ടര്‍ മാമു ഹാഗെയ്ക്ക് സംഘം നിവേദനം സമര്‍പ്പിച്ചു.

‘പള്ളികളില്‍ നിന്നുള്ള ഉച്ചത്തിലുള്ള ബാങ്ക് വിളിയുടെ മുഴക്കം കാരണം, എല്ലാ മതത്തില്‍പ്പെട്ടവരും ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കേള്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇത് മതസ്വാതന്ത്ര്യമല്ല, അതേ തത്വങ്ങള്‍ ഉപയോഗിച്ച്, മറ്റെല്ലാ മതക്കാരും ഉച്ചഭാഷിണി സ്ഥാപിക്കാന്‍ തുടങ്ങിയാല്‍, ഇത് ഒരു വലിയ പ്രശ്‌നമാകുമെന്നുമാണ് ജനജാഗ്രതി സമിതി ഗോവ കണ്‍വീനര്‍ മനോജ് സോളങ്കി പറഞ്ഞത്.

2021 മാര്‍ച്ചില്‍ വരുണ്‍ പ്രിയോള്‍ക്കര്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹരജിയില്‍ അനധികൃതമായി ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ച് നോര്‍ത്ത് ഗോവ അഡീഷണല്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കളക്ടറുടെ ഉത്തരവെന്ന് ഹിന്ദു മനോജ് സോളങ്കി പറഞ്ഞു. പ്രിയോള്‍ക്കറുടെ പരാതി പരിഹരിക്കാന്‍ നോര്‍ത്ത് ഗോവ അഡീഷണല്‍ കളക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രിയോള്‍ക്കറുടെ പരാതി കേള്‍ക്കുകയും പള്ളികളില്‍ നിന്ന് പ്രതികരണം തേടുകയും ചെയ്ത അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, ബന്ധപ്പെട്ട അധികാരിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടിരുന്നു. പ്രസ്തുത മസ്ജിദുകളില്‍ പതിവായി നിരീക്ഷണം നടത്താനും പ്രസ്തുത ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

Content Highlights: Hindutva group demands ban on illegal use of loudspeakers in mosques for ‘azan’