പാട്‌ന: ബീഹാറില്‍ മുസ്‌ലിം പള്ളിയ്ക്കുനേരെ ഹിന്ദുത്വ ഭീകരവാദികളുടെ ആക്രമണം. സമാസ്തിപൂര്‍ മേഖലയിലെ റൊസാഡയിലുള്ള പ്രാദേശിക പള്ളിയ്ക്കുനേരെയാണ് ഹിന്ദുത്വ ഭീകരവാദികളുടെ ആക്രമണമുണ്ടായതെന്ന് ജനതാ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
മതപഠനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന പള്ളിയുടെ ഒരു ഭാഗം ഇവര്‍ കത്തിച്ചതായും പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഖുര്‍ ആനിന്റെ പല ഭാഗങ്ങളും കത്തിക്കുകയും കീറിയെറിയുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനക്കൂട്ടം പള്ളിയ്ക്കുനേരെ കല്ലെറിഞ്ഞതായും ചെരുപ്പെറിഞ്ഞതായും ആരോപണമുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. “ചൊവ്വാഴ്ച രാവിലെ ഒരു വിഭാഗം സമുദായത്തില്‍ നിന്നുള്ള ആളുകള്‍ ഇവിടെ ഒത്തുകൂടുകയും ക്രമസമാധാന നില തകര്‍ക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസ് സേന സ്ഥലത്തെത്തി.” ലോക്കല്‍ എസ്.പി ദീപക് രഞ്ജന്‍ പറഞ്ഞു.
സംഭവസ്ഥലത്തുനിന്നും കാവിക്കൊടികളും ത്രിവര്‍ണ പതാകയും കണ്ടെടുത്തതായും രഞ്ജന്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാമനവമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ ബീഹാറിലെ ഔറംഗാബാദിലും ഭഗല്‍പൂരിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയതിനു പിന്നാലെയാണ് സമാസ്തിപൂരില്‍ പള്ളിയ്ക്കുനേരെ ആക്രമണമുണ്ടായിരിക്കുന്നത്.
രാമനവമിയ്ക്ക് മുന്നോടിയായി ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതിന് ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് മറികടന്ന് കേന്ദ്രമന്ത്രി അശ്വിനി ചൗബെയുടെ മകന്‍ അര്‍ജിത് ശാശ്വത് അടക്കമുള്ളവര്‍ ഞായറാഴ്ച ആയുധങ്ങളുമായി ഘോഷയാത്ര നടത്തിയിരുന്നു. ഇത് സംഘര്‍ഷങ്ങള്‍ക്കു വഴിവെക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 122 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഔറംഗാബാദ് ഡി.എം രാജന്‍ മഹിവാള്‍ പറഞ്ഞു. 500ലേറെ പേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സി.സി.ടി.വി ഫൂട്ടേജിന്റെ അടിസ്ഥാനത്തിലാണ് അക്രമകളെ അറസ്റ്റു ചെയ്തതെന്നും അദ്ദേഹം പറയുന്നു.