ന്യൂദല്‍ഹി: കാളി പോസ്റ്റര്‍ വിവാദത്തില്‍ വിമര്‍ശകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായിക ലീന മണിമേഖല. ഹിന്ദുത്വയ്‌ക്കൊരിക്കലും ഇന്ത്യയാകാന്‍ കഴിയില്ലെന്നായിരുന്നു ലീനയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു ലീനയുടെ പ്രതികരണം.
ശിവന്റേയും പാര്‍വതിയുടേയും വസ്ത്രം ധരിച്ച രണ്ട് പേര്‍ സിഗരറ്റ് വലിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ലീനയുടെ പ്രതികരണം. ഇത് തന്റെ ഡോക്യുമെന്ററിയില്‍ നിന്നുള്ള ചിത്രമല്ലെന്നും, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിദ്വേഷവും മതഭ്രാന്തും കൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയില്‍ നിന്ന് തന്നെയുള്ളതാണെന്നും ലീന ട്വിറ്ററില്‍ കുറിച്ചു.
കാളി ദേവി സിഗരറ്റ് വലിക്കുന്ന ചിത്രമാണ് ലീന തന്റെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിന്റെ പേരില്‍ ഹന്ദുത്വ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയതിന് പിന്നാലെയാണ് ലീനയുടെ പ്രതികരണം.
‘നാടോടി നാടക കലാകാരന്മാര്‍ അവരുടെ പ്രകടനം എങ്ങനെ പോസ്റ്റ് ചെയ്യുന്നു എന്നതിനെക്കുറിച്ച് ബി.ജെ.പിയുടെ ശമ്പളം വാങ്ങുന്ന ട്രോള്‍ ആര്‍മിക്ക് അറിയില്ല. ഇത് എന്റെ സിനിമയില്‍ നിന്നുള്ളതല്ല. ഇത് ദൈനംദിന ഗ്രാമീണ ഇന്ത്യയില്‍ നിന്നുള്ളതാണ്. സംഘപരിവാരങ്ങള്‍ തങ്ങളുടെ നിരന്തരമായ വിദ്വേഷവും മതഭ്രാന്തും ഉപയോഗിച്ച് നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയില്‍ നിന്നുള്ളത്.
ഹിന്ദുത്വത്തിന് ഒരിക്കലും ഇന്ത്യയാകാന്‍ കഴിയില്ല, ”ലീന ട്വീറ്റ് ചെയ്തു.
തന്റെ ഏറ്റവും പുതിയ ഡോക്യമെന്ററിയായ കാളിയുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ലീന മണിമേഖലയ്‌ക്കെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്
ടൊറന്റോയിലെ അഗാ ഘാന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച കാളിയുടെ പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ‘അണ്ടര്‍ ദ് ടെന്റ്’ പദ്ധതിയുടെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ലീന മണിമേഖലയ്ക്കെതിരെ വധഭീഷണി ഉയര്‍ത്തിയ വലതുപക്ഷ സംഘടന നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു.
‘ശക്തി സേന ഹിന്ദു മക്കള്‍ ഇയക്കം’ എന്ന സംഘ പരിവാര്‍ സംഘടനയുടെ പ്രസിഡന്റ് സരസ്വതിയാണ് അറസ്റ്റ് ചെയ്തത്. സിനിമാ പോസ്റ്ററില്‍ കാളീദേവിയെ അപമാനിചെന്ന് ആരോപിച്ചാണ് ഇവര്‍ വധഭീഷണി മുഴക്കിയത്.
Content highlight: Hindutva cannot be india says leena manimekhalai