ന്യൂദല്‍ഹി: ക്ഷേത്രത്തില്‍ വെള്ളം കുടിക്കാന്‍ കയറിയ ബാലനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തെ വളച്ചൊടിച്ച് വീഡിയോ ഇറക്കുകയും ന്യായീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുകയും ചെയ്ത ഹിന്ദുത്വപ്രവര്‍ത്തകരുടെ വാദങ്ങള്‍ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്.
കുട്ടി എത്തിയത് ക്ഷേത്രത്തിനകത്ത് മൂത്രമൊഴിക്കാനാണ് എന്നായിരുന്നു ഹിന്ദുത്വപ്രവര്‍ത്തകരുടെ വാദം. ക്ഷേത്രത്തിലും വിഗ്രഹത്തിലും മൂത്രം ഒഴിക്കുന്ന വീഡിയോയും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. മൂത്രമൊഴിക്കാനാണ് മുസ്‌ലിം ബാലന്‍ ക്ഷേത്രത്തില്‍ എത്തിയതെന്ന കുറിപ്പോടെ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഈ വീഡിയോ മൂന്ന് കൊല്ലം മുന്‍പ് ഉള്ളതാണെന്ന് ആള്‍ട്ട് ന്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് കൊല്ലം മുന്‍പ് ആന്ധ്രയിലെ വിശാഖപ്പട്ടണത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണിതെന്നും ആള്‍ട്ട് ന്യൂസിന്റെ ഫാക്ട് ചെക്കിംഗ് ടീം കണ്ടെത്തി.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ചെന്നാരോപിച്ച് മുസ്‌ലിം ബാലനെ ശ്രിങ്ങി നന്ദന്‍ യാദവ് എന്ന അയാള്‍ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
വീഡിയോയില്‍ നന്ദന്‍ യാദവ് കുട്ടിയോട് പേര് ചോദിക്കുകയും കുട്ടി പേര് പറഞ്ഞയുടനെ യാദവ് മര്‍ദ്ദിക്കാന്‍ ആരംഭിക്കുകയുമായിരുന്നു. കുട്ടിയുടെ കൈ പിടിച്ച് തിരിക്കുന്നതും, ചവിട്ടുകയും ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നന്ദന്‍ യാദവിനെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക