| Saturday, 12th August 2023, 3:53 pm

കൊലപാതകം ഉള്‍പ്പെടെ പത്ത് കേസ്; പശു സംരക്ഷകനെന്ന് അവകശപ്പെടുന്നയാള്‍ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പശു സംരക്ഷകനെന്ന് അവകാശപ്പെടുന്ന ഹുന്ദുത്വ പ്രവര്‍ത്തകന്‍ പുനീത് കേരെഹള്ളി(32) കര്‍ണാടകയില്‍ അറസ്റ്റില്‍. ഗുണ്ടാ ആക്ട് പ്രകാരമാണ് ഇയാളെ കര്‍ണാടകയിലെ സെന്ററല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ചയാണ് സി.സി.ബി സ്‌പെഷ്യല്‍ വിങ്ങ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

ഡി.ജെ ഹള്ളി, ബേഗുരു, കഗ്ഗലിപുര, ഹലസുരുഗേറ്റ്, ചാമരാജ്‌പേട്ട്, ഇലക്ട്രോണിക് സിറ്റി, മളവള്ളി, സത്തനൂര്‍ എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പശുക്കടത്ത് ആരോപിച്ചുള്ള കൊലപാതകങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ പത്തിലധികം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കവര്‍ച്ച, ആയുധ നിയമപ്രകാരമുള്ള കേസ്, ഗോസംരക്ഷണത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തല്‍, കൊലപാതകം തുടങ്ങിയ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായ പ്രതികള്‍ക്ക് ഒരു വര്‍ഷത്തേക്ക് ജാമ്യം ലഭിക്കില്ലെന്നാണ് പൊലീസ് കരുതുന്നത്.

കര്‍ണാടകയിലെ ഹാസന്‍ സ്വദേശിയായ പുനീത് കേരേഹള്ളി ബെംഗളൂരുവിലെ ജെ.പി നഗറിലാണ് താമസിച്ചിരുന്നത്. കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടത് കണ്ടത്തിയതിനെ തുടര്‍ന്ന് വെസ്റ്റ് ഡിവിഷന്‍ പൊലീസ് ഇയാള്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Content Highlight: Hindutva activist Puneet Kerehalli (32) who claims to be a cow protector, arrested in Karnataka

We use cookies to give you the best possible experience. Learn more