ഹിന്ദു രാഷ്ട്രമെന്നാല്‍ മുസ്‌ലിങ്ങള്‍ക്ക് ഇടമില്ലെന്ന് അര്‍ത്ഥമില്ല; ലോകം ഒരു കുടുംബമാണെന്നാണ് ഹിന്ദുത്വാശയമെന്ന് മോഹന്‍ ഭാഗവതിന്റെ അവകാശവാദം
national news
ഹിന്ദു രാഷ്ട്രമെന്നാല്‍ മുസ്‌ലിങ്ങള്‍ക്ക് ഇടമില്ലെന്ന് അര്‍ത്ഥമില്ല; ലോകം ഒരു കുടുംബമാണെന്നാണ് ഹിന്ദുത്വാശയമെന്ന് മോഹന്‍ ഭാഗവതിന്റെ അവകാശവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th September 2018, 10:50 pm

ന്യൂദല്‍ഹി: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംഘടനയാണ് ആര്‍.എസ്.എസ് എന്ന് മോഹന്‍ ഭാഗവത്. ദല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ആര്‍.എസ്.എസ് സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ഭാഗവത് സംഘടനയില്‍ എല്ലാവര്‍ക്കും ഇടമുണ്ടെന്ന് പ്രസ്താവിച്ചത്.

“ഹിന്ദു രാഷ്ട്രമെന്നാല്‍ മുസ്‌ലിം മതവിശ്വാസികള്‍ക്ക് ഇടമില്ലാത്ത രാജ്യമെന്നല്ല അര്‍ത്ഥം. അങ്ങനെ മറ്റുള്ളവര്‍ക്ക് സ്ഥാനമില്ലാതായി മാറുന്നുണ്ടെങ്കില്‍, ആ ആശയം ഹിന്ദുത്വമല്ല. ലോകം മുഴുവന്‍ ഒരു കുടുംബമാണെന്നാണ് ഹിന്ദുത്വ മുന്നോട്ടുവയ്ക്കുന്ന ചിന്ത.” ഭാഗവത് പറഞ്ഞു.

 

Also Read: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയനെ നയിക്കുന്നവര്‍ രാജ്യദ്രോഹികളുമായി ബന്ധമുള്ളവര്‍ നിര്‍മ്മല സീതാരാമന്‍

 

ഹിന്ദു എന്നത് ഒരു ദേശത്തെ ജനതയെ സൂചിപ്പിക്കുന്ന പദമാണ്, മറിച്ച് ഒരു മതത്തെയല്ല. ആര്‍.എസ്.എസ് ഉദ്ദേശലക്ഷ്യത്തെ സൂചിപ്പിക്കാന്‍ “ഹിന്ദു” എന്ന പദമുപയോഗിച്ചിരിക്കുന്നത്, രാജ്യത്തെ എല്ലാ സമുദായങ്ങളെയും ഒന്നിച്ച് അഭിസംബോധന ചെയ്യുന്ന മറ്റൊരു പദം ലഭ്യമല്ലാത്തതിനാലാണെന്നാണ് മോഹന്‍ ഭാഗവതിന്റെ അവകാശവാദം.

സമൂഹത്തെ പുനര്‍നിര്‍മിക്കുന്നതിലാണ് ആര്‍.എസ്.എസിന്റെ ശ്രദ്ധ. മതങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്നത് സംഘടനയുടെ നയമല്ല. എല്ലാ മതാചാരങ്ങളെയും അംഗീകരിക്കുന്ന ആശയങ്ങളാണ് ആര്‍.എസ്.എസിന്റേതെന്നും മോഹന്‍ ഭാഗവത് പറയുന്നുണ്ട്.

ഏതെങ്കിലും പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ സ്വയം സേവകരെ ചുമതലപ്പെടുത്താറില്ലെന്നും ആര്‍.എസ്.എസ് മുഖ്യന്‍ മോഹന്‍ ഭാഗവത് നേരത്തേ പറഞ്ഞിരുന്നു.